Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണാട്ടുകരയിലെ ഉൽസവങ്ങൾക്കു തുടക്കമായി; കാളകെട്ടുൽസവം ഇന്ന് പടനിലത്ത്; ദേശീയ പാതയിൽ കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ വാഹന നിയന്ത്രണം; ഓച്ചിറ കാള കെട്ടുൽസവത്തിൽ വലഞ്ഞ് ദീർഘദൂര യാത്രക്കാർ; ദീർഘദൂര യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധം

ഓണാട്ടുകരയിലെ ഉൽസവങ്ങൾക്കു തുടക്കമായി; കാളകെട്ടുൽസവം ഇന്ന് പടനിലത്ത്; ദേശീയ പാതയിൽ കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ വാഹന നിയന്ത്രണം; ഓച്ചിറ കാള കെട്ടുൽസവത്തിൽ വലഞ്ഞ് ദീർഘദൂര യാത്രക്കാർ; ദീർഘദൂര യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധം

ആർ.കണ്ണൻ

കൊല്ലം: ഓണാട്ടുകരയിലെ ഉൽസവങ്ങൾക്കു തുടക്കം കുറിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28ാം ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുൽസവം ഇന്ന് പടനിലത്ത് നടക്കും. തെക്കൻകേരളത്തിലെ ഏറ്റവും വലിയകെട്ടുകാഴ്ചയാണ് ഇന്ന് ഓച്ചിറയിൽ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവുംവലിയ കെട്ടുകാള മുതൽ കൈവെള്ളയിൽ എഴുന്നള്ളിക്കുന്ന കെട്ടുകാളയും വെള്ളിയിലും സ്വർണത്തിലും നിർമ്മിച്ച കെട്ടുകാളയുടെ രൂപങ്ങളും ഉൾപ്പെടെ 180 കെട്ടുകാഴ്ചകളാണ് ഇന്ന് ഓച്ചിറ പടനിലം കീഴടക്കുവാനെത്തുന്നത്.

പരബ്രഹ്മ ഭൂമിയിലേക്ക് എഴുന്നള്ളിക്കുവാൻ ഓണാട്ടുകരയിലെ 52 കരകളിലെയും കാളമൂട്ടിൽ കെട്ടുകാളയുടെ ഒരുക്കങ്ങൾ ഇന്നലെ പൂർത്തീകരിച്ചു. കാളമൂട്ടിലെ പ്രത്യേക പൂജകൾക്കുശേഷം നിറപറ സമർപ്പണവും നടത്തി. ഇക്കുറി സ്ത്രീകൾ മാത്രം എഴുന്നള്ളിക്കുന്ന ഒൻപത് കെട്ടുകാളകളാണു കെട്ടുകാഴ്ചയിൽ അണിനിരക്കുന്നത്.

രണ്ടരയോടെ കെട്ടുകാളകൾ പടനിലത്തെത്തിത്തുടങ്ങും. പടനിലത്തെത്തുന്ന കെട്ടുകാളകളെ ക്ഷേത്രഭരണസമിതി ഓഫിസിനു മുന്നിൽ പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ അണിനിരത്തണം. ഏഴുമണിയോടെ കിഴക്കെ ആൽത്തറയിൽനിന്ന് ഋഷഭവീരന്മാരുടെയും താലപ്പൊലി, വിവിധ വാദ്യമേളങ്ങൾ എന്നിവയും ക്ഷേത്രസ്ഥാനികളും അവകാശികളും ക്ഷേത്രഭരണസമിതി ഭാരവാഹികളും ചേർന്നുള്ള ഘോഷയാത്ര ഓരോകാളമൂട്ടിലെത്തി കെട്ടുകാളകളെ ആചാരപൂർവം സ്വീകരിക്കും.

മികച്ച കെട്ടുകാഴ്ചകൾക്കു ക്ഷേത്രഭരണസമിതി സമ്മാനങ്ങളും വിതരണം ചെയ്യും. കെട്ടുകാഴ്ചയിൽ പങ്കെടുക്കുന്ന കൂറ്റൻ കെട്ടുകാളകളെ ഭക്തർക്കു കാണുന്നതിനായി ഒരു ദിവസംകൂടി പടനിലത്ത് പ്രദർശിപ്പിക്കും. വ്യത്യസ്തമായ നയനാനുഭൂതി നൽകുമെങ്കിലും ഇതിനെ തുടർന്ന് പൊതു ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായുണ്ട്. ഏറെ ദുരിതമനുഭവിക്കുന്നത് ദേശീയ പാതയിലെ ദീർഘദൂര യാത്രക്കാരാണ്.

കാള കെട്ടിനോടനുബന്ധിച്ച് ദേശീയ പാതയിൽ തടസമുണ്ടാവുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ കായംകുളത്തിനും കരുനാഗപ്പള്ളിക്കുമിടയിൽ വാഹന നിയന്ത്രണം പൊലീസ് ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കായംകുളത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് കെ.പി റോഡ് വഴി ചാരുംമൂട്ടിലെത്തുക. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് ചക്കുവള്ളിയിലെത്തുക. വീണ്ടും വലത്തേക്ക് തിരിഞ്ഞ് പുതിയകാവ് വഴി ദേശീയ പാതയിൽ പ്രവേശിക്കാം.

കൊല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വവ്വാക്കാവിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വള്ളിക്കാവ് ആലുംപീടിക ,പുതുപ്പള്ളി വഴി കായംകുളത്തേക്കും പ്രവേശിക്കുന്ന തരത്തിലാണ് പൊലീസിന്റെ വാഹന നിയന്ത്രണം. എന്നാൽ ഇതിനെതിരെ വർഷങ്ങളായി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയാൽ ദേശീയ പാതയിൽ കൂടി തന്നെ വാഹനങ്ങൾ കടത്തിവിടാനാകും. പൊലീസ് ഇതിനു മുതിരാതെ ദീർഘദൂര യാത്ര ചെയ്യുന്നവരെ ഒരു പരിചയം പോലുമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയാണ്.

വാഹനം വഴി തിരിച്ചുവിടുന്ന ദേശീയ പാതയിലല്ലാതെ മറ്റൊരിടത്തും പൊലീസിന്റെ സേവനമില്ല. വവ്വാക്കാവിൽ നിന്നും വള്ളിക്കാവ് വഴി പോകുന്ന വാഹനങ്ങൾ ഇടുങ്ങിയ റോഡായതിനാൽ വൻ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. കൂടാതെ ഈ ഭാഗങ്ങളിൽ നിന്നും അൻപതിൽ പരം കെട്ടുകാളകളുമുണ്ട്. കാളകെട്ടിന് നിയന്ത്രണമുണ്ടാകണമെന്നാവശ്യപ്പെട്ട് നിരവധി പേർ പരാതികളുമായി മുന്നിലേക്ക് വന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല.

കാളകെട്ട് ഉൽസവ സമയങ്ങളിൽ ഓച്ചിറയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതബന്ധം തടസപ്പെടും. വലിയ കെട്ടു കാളകളെ കടത്തി വിടാനായി റോഡിലൂടെ കടന്ന് പോകുന്ന മുഴുവൻ വൈദ്യുത ലൈനുകളും അഴിച്ചു മാറ്റേണ്ടതായിട്ടുണ്ട്. അഴിച്ചു മാറ്റുന്നവ പൂർവ്വ സ്ഥിതിയിലാക്കി വൈദ്യുതി പുനഃസ്ഥാപിക്കാൻ പിറ്റേ ദിവസം വരെ കെ.എസ്.ഇ.ബി ജീവനക്കാർ അഹോരാത്രം പണിയെടുക്കേണ്ടതായുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP