Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓഖി ദുരന്തം: ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു; കടലിൽ അകപ്പെട്ട 111 പേർ കൂടി കൊച്ചിയിൽ തിരിച്ചെത്തി; ഇനി തിരിച്ചെത്താനുള്ളത് 23 ബോട്ടുകൾ

ഓഖി ദുരന്തം: ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു; കടലിൽ അകപ്പെട്ട 111 പേർ കൂടി കൊച്ചിയിൽ തിരിച്ചെത്തി; ഇനി തിരിച്ചെത്താനുള്ളത് 23 ബോട്ടുകൾ

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചെല്ലാനത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാത്രിയോടെ കരയ്‌ക്കെത്തിക്കുമെന്നാണു സൂചന.

ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയതായാണ് അനൗദ്യോഗിക കണക്കുകൾ. 38 പേർ മരിച്ചെന്നാണു സർക്കാർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിൽപ്പെട്ടു കാണാതായവരിൽ 146 പേരെ ഇനി കണ്ടെത്താനുണ്ടെന്നു കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു.

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട കൊച്ചിയിൽ നിന്നു പുറപ്പെട്ട 111 പേർ കൂടി കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്. 13 ബോട്ടുകളും തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം 213 ആയി. ഇതുവരെ ആകെ 2312 മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. 23 ബോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്.

തിങ്കളാഴ്ച രാവിലെയും രാത്രിയുമായി രണ്ട് മൃതദേഹങ്ങൾ കൂടി കോസ്റ്റ് ഗാർഡ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതുൾപ്പടെ രണ്ട് മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലും രണ്ട് മറ്റു രണ്ടെണ്ണം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രയിലും ഒരു മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ആകെ എട്ട് മൃതദേഹങ്ങളാണ് കൊച്ചിയിൽ ഇതുവരെ ലഭിച്ചത്. ഇതിൽ രണ്ടെണ്ണമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ദുരന്തഭൂമിയായി മാറിയ വൈപ്പിൻ, ചെല്ലാനം മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾ 15 ന് പൂർത്തിയാക്കാൻ ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള നിർദ്ദേശം നൽകി. ഭാഗികമായോ പൂർണ്ണമായോ തകർന്ന വീടുകളുടെ പൂർണ്ണ വിവരങ്ങളും സമർപ്പിക്കണം. പരാതികൾക്കിടയില്ലാത്ത വിധം റേഷൻ വിതരണം കാര്യക്ഷമമായി നടപ്പാക്കാനും കളക്ടർ നിർദേശിച്ചു.

വൈപ്പിൻ മേഖലയിൽ മാലിപ്പുറം സിഎച്ച്സിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ ശുചീകരണം നടത്തി. 172 ടോയ്ലെറ്റുകൾ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിൽ നിന്ന് വാട്ടർ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ആറ് ആശ പ്രവർത്തകരും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും നാല് ജീവനക്കാരും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.

ചെല്ലാനത്ത് 270 വീടുകൾ സന്ദർശിച്ചു. കേടുപാടുകൾ സംഭവിച്ച പത്ത് വീടുകൾ സന്ദർശിച്ചു. 270 സ്ഥലങ്ങളിൽ ബ്ലീച്ചിങ് പൗഡർ വിതറി. 43 ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്തു. അഞ്ച് സെപ്റ്റിക് ടാങ്കുകൾ ശുചീകരിച്ചു. 43 സ്ഥലങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്തു. 13, 18, 19, 20, 21 വാർഡുകളിലായി ആകെ 11 പേർ പനി ബാധിച്ചതായി കണ്ടെത്തി.

29 സെപ്റ്റിക് ടാങ്കുകൾ തകർന്ന നിലയിൽ കണ്ടെത്തി. രാഷ്ട്രീയ കക്ഷി നേതാക്കൾ, എൻസിസി, കുടുംബശ്രീ പ്രവർത്തകർ എന്നിവരും 13 ആരോഗ്യവകുപ്പ് ജീവനക്കാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സബ് കളക്ടർ ഇമ്പശേഖർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീല ദേവി, ഡിഎംഒ, ഹെൽത്ത് ഓഫീസർ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP