Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു ലക്ഷം രൂപ വായ്പ വാങ്ങിയതിനു പകരം ഭൂമി തട്ടിയെടുക്കാൻ ശ്രമം; മാരകായുധവുമായി വീട്ടമ്മയ്ക്കു നേരേ ആക്രമണം, കൃഷി നശിപ്പിക്കൽ...;ബ്ലേഡുകാരൻ അറസ്റ്റിലായി

മൂന്നു ലക്ഷം രൂപ വായ്പ വാങ്ങിയതിനു പകരം ഭൂമി തട്ടിയെടുക്കാൻ ശ്രമം; മാരകായുധവുമായി വീട്ടമ്മയ്ക്കു നേരേ ആക്രമണം, കൃഷി നശിപ്പിക്കൽ...;ബ്ലേഡുകാരൻ അറസ്റ്റിലായി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പലിശക്കു വാങ്ങിയ മൂന്നുലക്ഷം രൂപക്ക് പകരമായി അരക്കോടിയിലേറെ വിലമതിക്കുന്ന ഭൂമി തന്ത്രത്തിൽ തട്ടിയെടുക്കാനുള്ള നീക്കം പൊളിഞ്ഞതിൽ കലി പൂണ്ട് മാരകായുധവുമായെത്തി വീട്ടമ്മയ്ക്കുനേരെ ആക്രമണവും കൃഷി നശിപ്പിക്കലും. സ്ഥലമുടമയുടെ പരാതിയിൽ ബ്ലേഡുകാരൻ അകത്തായി.

പലിശക്ക് വാങ്ങിയ പണം തിരികെ നൽകാൻ വൈകിയെന്നാരോപിച്ച് വീട്ടിലെത്തി ഭാര്യയെ അസഭ്യം പറയുകയും കടന്നുപിടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും പറമ്പിലെ റബ്ബർ മരങ്ങൾ വെട്ടിനശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കോഴിപ്പിള്ളി ഇഞ്ചൂർ കൊടുംപിള്ളിയിൽ ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിപ്പിള്ളി പാറശ്ശാലപ്പടി മണ്ണൂക്കുടിയിൽ ഏലിയാസ് (65)നെയാണ് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

സംഭവം സംബന്ധിച്ച് പുറത്തായ വിവരങ്ങൾ ഇങ്ങനെ.. 2010-ൽ ഏലിയാസിൽ നിന്നും ശശി രണ്ടുലക്ഷം രൂപ വലിശക്ക് വാങ്ങിയിരുന്നു. ഇതിന്റെ പലിശയും കൃത്യമായി നൽകി വന്നിരുന്നു. 2013-ൽ വീണ്ടും മൂന്നുലക്ഷം രൂപ കൂടി വാങ്ങി. ഈയവസരത്തിൽ 5 ലക്ഷം രൂപക്ക് ചെക്കും മറ്റ് രേഖകളും എഴുതി ഒപ്പിട്ട് നൽകിയിരുന്നു. 2013-ൽ നടന്ന കോതമംഗലം പൊലീസിന്റെ കുബേര റെയ്ഡിൽ ഏലിയാസും കുടുങ്ങിയിരുന്നു.

ഈ അവസരത്തിൽ ശശി ഒപ്പിട്ടുനൽകിയതുൾപ്പെടെയുള്ള ചെക്കുകളും രേഖകളും പൊലീസ് കണ്ടെടുത്തു. പിന്നീട് ഇതിനെക്കുറിച്ച് യാതൊരുവിവരവും പുറത്തുവന്നിട്ടില്ല. ഇതോടെ നൽകിയ പണത്തിന് വീണ്ടും രേഖയുണ്ടാക്കണമെന്നും 40 സെന്റ് സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്നും ആവശ്യപ്പെട്ട് ഏലിയാസ് ശശിയെ ശല്യപ്പെടുത്തിതുടങ്ങി. സ്ഥലം ബാങ്കിൽ പണയത്തിലാണെന്നും എഴുതിത്ത്തരാൻ നിർവ്വാഹമില്ലന്നും അറിയിച്ചെങ്കിലും ഏലിയാസ് പിന്മാറാൻ തയ്യാറായില്ല.

ഒടുവിൽ ശശി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ് സ്ഥലം ഏലിയാസിന് എഴുതി നൽകി. വിവരം അറിഞ്ഞതോടെ ബാങ്കുകാർ ശശിക്കെതിരെ കോതമംഗലം പൊലീസിൽ പരാതി നൽകി .വിശ്വാസ വഞ്ചനകേസിൽ ശശി അകത്തായി. ഇതേത്തുടർന്ന് ഏലിയാസ് കൈക്കലാക്കിയ 40 സെന്റിന്റെ ആധാരം റദ്ദാക്കുന്നതിനുള്ള നടപടികളും ബാങ്കിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിരുന്നു.

ഇതേത്തുടർന്ന് പണം ആവശ്യപ്പെട്ട് ഏലിയാസ് ശശിയുടെ കുടുംബത്തെ പലതരത്തിൽ ശല്യംചെയ്യാൻ തുടങ്ങി. ബാക്കി പണം നൽകാൻ സാവകാശം നൽകണമെന്നും ഇല്ലാത്ത പക്ഷം സ്ഥലം വിലവച്ച് എടുത്ത് ബാക്കി തുക നൽകി പ്രശ്നമവസാനിപ്പിക്കാനും ശശി ആവശ്യപ്പെട്ടെങ്കിലും ഏലിയാസ് കൂട്ടാക്കിയില്ല. ഇതിനിടയിൽ രണ്ടുലക്ഷം രൂപയും പലിശയും ശശി മടക്കി നൽകുകയും ചെയ്തു.

ശല്യം സഹിക്ക വയ്യാതായതോടെ ശശി വിവരം പൊലീസിലറിയിച്ചു. ഇതേത്തുടർന്ന് കേസിൽപ്പെട്ട സ്ഥലത്ത് പ്രവേശിക്കരുതെന്നും ശശിയെയും കുടുംബത്തെയും ശല്യം ചെയ്യരുതെന്നും പൊലീസ് ഏലിയാസിന് കർശന നിർദ്ദേശം നൽകി. ഇതേത്തുടർന്ന് കുറച്ചുനാളത്തേക്ക് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ അടങ്ങിക്കഴിഞ്ഞിരുന്ന ഏലിയാസ് പിന്നീട് പലതവണ ശശിയുടെ വീട്ടിൽ ചെന്ന് വ്യദ്ധയായ മാതാവിനോടും ഭാര്യയോടും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

ഇതു സംബന്ധിച്ച് കോതമംഗലം, പോത്താനിക്കാട് പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി. കോതമംഗലം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ ഏലിയാസ് കൈയിൽ വാക്കത്തിയുമായി ശശിയുടെ വീട്ടിൽ എത്തി ഭാര്യയെ കടന്നുപിടിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും റബ്ബർമരങ്ങൾ വെട്ടി നശിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ശശി എത്തിയപ്പോഴേക്കും ഏലിയാസ് കടന്നുകളഞ്ഞിരുന്നു

ഉടൻ ശശി ഭാര്യയുമായി കോതമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി. ഈ സമയം ഏലിയാസ് വിണ്ടും ശശിയുടെ വീട്ടിൽ എത്തി വയോധികയായ ശശിയുടെ മാതാവിനോട് അസഭ്യം പറയുകയും വീട്ടുകാരെ മുഴുവൻ ചുട്ടുകരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഓടിയെത്തിയതോടെ ഏലിയാസ് ഓടി രക്ഷപെടുകയായിരുന്നു.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഏലിയാസിനെ കോതമംഗലം എസ്‌ഐ ലൈജു മോന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കുബേര ഓപ്പറേഷൻ സമയത്ത് ഇയാൾ പലതവണ ജയിലിൽ കിടന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP