Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസികൾ കറുത്ത ബാഡ്ജ് കുത്തി പള്ളിയിൽ വരാൻ തുടങ്ങിയതോടെ പീഡക വൈദികരെ പൂർണ്ണമായും കൈവിട്ട് ഓർത്തഡോക്‌സ് സഭ; പ്രതികളായ നാലുപേരുടേയും തിരുപ്പട്ടം തിരിച്ചെടുക്കും; ഒരു തരത്തിലുള്ള സംരക്ഷണവും വേണ്ടെന്ന് തീർത്ത് പറഞ്ഞ് കാതോലിക്കാ ബാവയും

വിശ്വാസികൾ കറുത്ത ബാഡ്ജ് കുത്തി പള്ളിയിൽ വരാൻ തുടങ്ങിയതോടെ പീഡക വൈദികരെ പൂർണ്ണമായും കൈവിട്ട് ഓർത്തഡോക്‌സ് സഭ; പ്രതികളായ നാലുപേരുടേയും തിരുപ്പട്ടം തിരിച്ചെടുക്കും; ഒരു തരത്തിലുള്ള സംരക്ഷണവും വേണ്ടെന്ന് തീർത്ത് പറഞ്ഞ് കാതോലിക്കാ ബാവയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: യുവതിയെ പീഡിപ്പിച്ച വൈദികർക്കെതിരേ ഓർത്തഡോക്സ് സഭ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ഇടവകാംഗങ്ങൾ ഞായറാഴ്ച കറുത്തബാഡ്ജ് ധരിച്ച് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയതോടെ സഭാ നേതൃത്വം വെട്ടിലായി. ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പതിനഞ്ചോളം ഇടവകാംഗങ്ങളാണ് കറുത്തബാഡ്ജ് ധരിച്ചെത്തിയത്. രാവിലെ പ്രാർത്ഥന തുടങ്ങിയതുമുതൽ കുർബാന തീരുന്നതുവരെയും ഇവർ കറുത്തബാഡ്ജ് ധരിച്ചാണ് പങ്കെടുത്തത്. ഈ പ്രതിഷേധം മറ്റ് പള്ളികളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന. ഇതോടെയാണ് വൈദികർക്കെതിരെ നടപടിക്ക് സഭ തയ്യാറാകുന്നത്.

മലങ്കര സഭാ അസോസിയേഷൻ അംഗമായ ജിനു ജോർജിന്റെ നേതൃത്വത്തിലായിരുന്നു നിശ്ശബ്ദ പ്രതിഷേധം. സഭയുടെ വിശ്വാസപ്രമാണങ്ങൾ ലംഘിക്കുന്നവർക്കെതിരേ സഭാ നടപടി എടുക്കാറുള്ളതാണ്. എന്നാൽ, വിശ്വാസ പ്രമാണങ്ങളിൽ പ്രാധാന്യമേറിയ കുമ്പസാര രഹസ്യം ചോർത്തുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്ത വൈദികരെ പുറത്താക്കാതിരുന്ന നടപടി പ്രതിഷേധാർഹമാണന്ന് ഇവർ ആരോപിച്ചിരുന്നു. ഇതോടെ ഓർത്തഡോക്സ് സഭയിലെ നാലുവൈദികർ പ്രതികളായ പീഡനക്കേസിൽ കുറ്റക്കാർക്കെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് സഭ നേതൃത്വം.

എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് ഉടൻ ചേർന്ന് നാല് വൈദികർക്കും ആജീവനാന്ത വിലക്കേർപ്പെടുത്തിയേക്കും. ചില മുതിർന്ന മെത്രാപ്പൊലീത്തമാർ സഭാധ്യക്ഷനുമായി ചർച്ച നടത്തിയെന്നാണ് സൂചന. കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ച സാഹചര്യത്തിലാണിത്. ഇടവക ചുമതലകളിൽനിന്നുമാത്രമാണ് നിലവിൽ ഇവരെ ഒഴിവാക്കിയത്. രണ്ടുവൈദികർ റിമാൻഡിലും രണ്ടുപേർ ഒളിവിലുമായ സാഹചര്യത്തിൽ ഇവരെ സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം മെത്രാപ്പൊലീത്തമാരും ഭാരവാഹികളും. സഭാ അധ്യക്ഷൻ കാതോലിക്കാ ബാവയ്ക്കും ഇതേ നിലപാടാണുള്ളത്. വിശ്വാസികൾ തന്നെ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് ഇത്.

പരാതി അന്വേഷിക്കുന്നതിന് സഭ ചുമതലപ്പെടുത്തിയ കമ്മിഷൻ റിപ്പോർട്ട് നൽകിയതിനുശേഷം നടപടി മതിയെന്ന നിലപാടിലായിരുന്നു സഭ. ഇതിനിടെ പൊതുസമൂഹത്തിന്റെ ഇടപെടലിനെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും വൈദികരെ പ്രതികളാക്കി കേസെടുക്കുകയും ചെയ്തു. വൈദികർക്കെതിരേയുള്ള തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ വിവരം സഭാനേതൃത്വത്തെ അന്വേഷണസംഘം ധരിപ്പിച്ചെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP