Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അകത്ത് ഓർത്തഡോക്‌സ് ബാവയുടെ പ്രാർത്ഥന; പുറത്ത് യാക്കോബായ ബാവയുടെ പ്രതിഷേധം; അകത്തും പുറത്തും വിശ്വാസികളുടെ തമ്മിൽ തല്ല; കർത്താവിന്റെ പേരിൽ കുപ്പായമിട്ടവർ തമ്മിൽ തല്ലുമ്പോൾ

അകത്ത് ഓർത്തഡോക്‌സ് ബാവയുടെ പ്രാർത്ഥന; പുറത്ത് യാക്കോബായ ബാവയുടെ പ്രതിഷേധം; അകത്തും പുറത്തും വിശ്വാസികളുടെ തമ്മിൽ തല്ല; കർത്താവിന്റെ പേരിൽ കുപ്പായമിട്ടവർ തമ്മിൽ തല്ലുമ്പോൾ

അത്താണി: നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ സംഘർഷം.

സ്‌കൂളിന്റെ സ്ഥാപകൻ, അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന വലിയ പറമ്പിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ 50ാം ചരമവാർഷികാചരണ പരിപാടികൾ ഓർത്തഡോക്‌സ് വിഭാഗം സ്‌കൂളിൽ സംഘടിപ്പിച്ചതാണ് തർക്കത്തിന് വഴി വച്ചത്. ഇതിനെ യാക്കോബായ വിഭാഗം എതിർത്തു. യാക്കോബായ സഭയുടെ ഉടമസ്ഥയിലുള്ള സ്‌കൂൾ ൈകയേറി ചടങ്ങുകൾ നടത്തുന്നതിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി പള്ളിയിൽ പ്രതിഷേധ യോഗം തുടങ്ങി. സ്‌കൂളിലെ ആഘോഷത്തെ എതിർക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പ്രാർത്ഥന. പ്രതിഷേധം സ്‌കൂളിന് മുന്നിലേക്ക് എത്തി.

എന്നാൽ, അവകാശ തർക്കത്തെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം തലവൻ ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ചടങ്ങിനു എത്തില്ല എന്ന സൂചനയാണ് യാക്കോബായ സഭാ നേതൃത്വത്തിന് ആലുവാ തഹസിൽദാർ നൽകിയിരുന്നത്. ഇതോടെ പ്രതിഷേധ യോഗം അവസാനിപ്പിക്കാൻ ശ്രേഷ്ഠ കാതോലിക്ക തീരുമാനിച്ചപ്പോഴാണ് സ്‌കൂളിൽ പൊലീസിന്റെ സഹായത്തോടെ ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ ബാവ എത്തിയ വിവരം അറിഞ്ഞത്. ഇതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ബാവയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിശ്വാസികൾ സ്‌കൂൾ കവടത്തിലേക്കെത്തി. പക്ഷേ, പൊലീസ് ഇവരെ തടഞ്ഞു. പൊലീസ് വാഹനം സ്‌കൂൾ ഗേറ്റിന്റെ കുറുകെയിട്ട് ഗേറ്റിലൂടെയുള്ള പ്രവേശനം അടച്ചു. ഇതിൽ പ്രതിഷേധിച്ച് ബാവ സ്‌കൂൾ കവാടത്തിൽ നിരാഹാര സമരം തുടങ്ങി.

വൻ പൊലീസ് സംഘവും സ്‌കൂൾ പരിസരം വളഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി പി.എൻ.ഉണ്ണിരാജന്റെ നേതൃത്വത്തിൽ റോഡിന്റെ മറുഭാഗത്ത് പ്രതിഷേധക്കാരെ തടഞ്ഞുനിർത്തിയ പൊലീസ്, പരിശുദ്ധ ബാവായെയും ചടങ്ങിൽ മുഖ്യപ്രഭാഷകനായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹനെയും സ്‌കൂളിലേക്കു കടത്തിവിട്ടു. ഉറപ്പു പാലിക്കാതെ ഓർത്തഡോക്‌സ് വിഭാഗം വഞ്ചിച്ചുവെന്നും ഇതിനു ഹൈക്കോടതി ജഡ്ജി കൂട്ടുനിന്നുവെന്നും ആരോപിച്ചു ശ്രേഷ്ഠ ബാവാ സ്‌കൂളിനു മുൻപിൽ ഉപവാസ സമരം ആരംഭിച്ചു. ഇതിനിടെ, സ്‌കൂളിനുള്ളിൽ ഓർത്തഡോക്‌സ് വിഭാഗം സംഘടിപ്പിച്ച രജത ജൂബിലിയാഘോഷം നടന്നു. ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ ബാവ ഉദ്ഘാടനം ചെയ്തു.

ചടങ്ങ് കഴിഞ്ഞ് നാലോടെ പൗലോസ് ദ്വിതീയൻ ബാവ പൊലീസ് സഹായത്തോടെ സ്‌കൂളിൽ നിന്ന് തിരിച്ചുപോയി. സ്‌കൂളിന്റെ അവകാശം സംബന്ധിച്ച് കോടതിയിലും റവന്യു വകുപ്പിലും കേസ് നിലനിൽക്കുന്നതിനാൽ സ്‌കൂളിൽ ആഘോഷം സംഘടിപ്പിക്കരുതെന്ന നിലപാടിലായിരുന്നു യാക്കോബായ പക്ഷം. ആഘോഷ പരിപാടികൾക്ക് സ്‌കൂളിൽ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഇവർ ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു. ഇത് അംഗീകരിക്കപ്പെടാത്തതായിരുന്നു പ്രതിഷേധകാരണം. സംഭവമറിഞ്ഞ് നൂറുകണക്കിന് വിശ്വാസികൾ ശ്രേഷ്ഠ ബാവ നിരാഹാരമിരിക്കുന്ന സ്‌കൂൾ കവാടത്തിലെത്തി. വൈകീട്ട് എട്ടോടെ പ്രശ്‌നം പരിഹരിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിക്കാമെന്ന് കളക്ടറിൽ നിന്ന് രേഖാമൂലം ഉറപ്പുകിട്ടിയതോടെ ബാവ നിരാഹാര സമരം അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP