Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സുകാർക്ക് തുറന്നു കൊടുത്ത ചേലക്കര പള്ളി ഞായറാഴ്ച അടച്ച് അധികൃതർ; തുറന്ന് കിട്ടാൻ വേണ്ടി ഓർത്തഡോക്‌സുകാരും അടച്ചിടാൻ വേണ്ടി യാക്കോബായക്കാരും പള്ളിമുറ്റത്ത്; ചേലക്കര മാത്രമല്ല കോതമംഗലത്തും തുറന്നു തന്നില്ലെങ്കിൽ പള്ളി തുറക്കുമെന്ന മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ; മജിസ്‌ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ പോയിട്ടും സഭാപ്രശ്‌നം തീരാതെ നീളുന്നു

കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സുകാർക്ക് തുറന്നു കൊടുത്ത ചേലക്കര പള്ളി ഞായറാഴ്ച അടച്ച് അധികൃതർ; തുറന്ന് കിട്ടാൻ വേണ്ടി ഓർത്തഡോക്‌സുകാരും അടച്ചിടാൻ വേണ്ടി യാക്കോബായക്കാരും പള്ളിമുറ്റത്ത്; ചേലക്കര മാത്രമല്ല കോതമംഗലത്തും തുറന്നു തന്നില്ലെങ്കിൽ പള്ളി തുറക്കുമെന്ന മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ; മജിസ്‌ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ പോയിട്ടും സഭാപ്രശ്‌നം തീരാതെ നീളുന്നു

തൃശൂർ: ചേലക്കരയിലെ സെന്റ് ജോർജ് പഴയ പള്ളി ഇന്നലെ ഓർത്തഡോക്‌സ് സഭയ്ക്കു തുറന്നു കൊടുത്തില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇത്. യാക്കോബായ സഭാംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണു റിസീവർ കൂടിയായ വില്ലേജ് ഓഫിസർ പള്ളി തുറന്നു കൊടുക്കുന്നതിൽനിന്നു പിന്മാറിയത്. 12നുള്ള കോടതി വിധിയും കഴിഞ്ഞ ദിവസത്തെ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിന്റെ വിധിയും ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു.

അതിനിടെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും നിയമനിഷേധം നടത്തിയും ക്രമസമാധാന നില തകർത്ത് അരാജകത്വം സൃഷ്ടിക്കാനും സഭയുടെ പള്ളികൾ പൂട്ടിക്കാനും യാക്കോബായ നേതൃത്വം നടത്തുന്ന ശ്രമം അപകടകരമാണെന്നും അത് അനുവദിക്കില്ലെന്നും മലങ്കര ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പ്രതികരിച്ചിട്ടുണ്ട്. ചേലക്കരയ്‌ക്കൊപ്പം കോതമംഗലത്തും എത്രയും പെട്ടെന്ന് പള്ളി തുറക്കണമെന്ന നിലപാടിലാണ് ഓർത്തഡോക്‌സ് സഭ.

ചേലക്കരയിൽ 12നുള്ള കോടതി വിധിയും കഴിഞ്ഞ ദിവസത്തെ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിന്റെ വിധിയും ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. ഇതനുസരിച്ചു ശനിയാഴ്ച വൈകിട്ട് പള്ളി പ്രാർത്ഥനയ്ക്കായി തുറന്നു കൊടുക്കുകയും ചെയ്തതാണ്. പിന്നീടു യാക്കോബായ സഭാ നേതാക്കൾ പള്ളിക്കു മുൻപിൽ നിരാഹാര സമരം തുടങ്ങിയതോടെ ഉന്നതാധികാരികൾ ഇടപെട്ടു. പള്ളി തുറന്നു കൊടുക്കാത്തതിനെതിരെ ഓർത്തഡോക്‌സ് സഭാംഗങ്ങൾ വില്ലേജ് ഓഫിസർക്കു പരാതി നൽകി.

ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്തു പള്ളി തുറക്കാനാകില്ലെന്നു വില്ലേജ് ഓഫിസർ മറുപടിയും നൽകി. വിധി നടപ്പാക്കാത്തതിനെതിരെയും പൊലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെയും ഹൈക്കോടതിയെ സമീപിക്കുമെന്ന് ഓർത്തഡോക്‌സ് സഭാംഗങ്ങൾ അറിയിച്ചു. ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ ഇന്നലെ 11 വരെയും യാക്കോബായ സഭാ വിശ്വാസികൾ 12 വരെയും പള്ളിയുടെ മുൻപിൽ കാത്തുനിന്ന ശേഷം തിരിച്ചുപോയി.

കുന്നംകുളം ഭദ്രാസനത്തിൽപെട്ട ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംബന്ധിച്ച കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതി വിധികളും വിധിനടപ്പിലാക്കണമെന്ന കോടതി ഉത്തരവും ലംഘിച്ച് വെല്ലുവിളി നടത്തുന്ന നിലപാട് അപലപനീയമാണെന്നാണ് മലങ്കര ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പ്രതികരിച്ചിരിക്കുന്നത്. റവന്യു, പൊലീസ് അധികൃതർ നിയമന ലംഘനത്തിന് ഒത്താശ ചെയ്യുകയാണ്. കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ മറ്റു സ്വാധീനങ്ങൾക്കു വഴങ്ങി കൃത്യവിലോപം കാട്ടിയാൽ അവർ കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും ബിജു ഉമ്മൻ മുന്നറിയിപ്പു നൽകി.

ചേലക്കരയിലും കോതമംഗലത്തും എത്രയും വേഗം കോടതി വിധി നടപ്പാക്കേണ്ട നിയമാനുസൃത ഉത്തരവാദിത്തത്തിൽനിന്നു സർക്കാർ ഒഴിഞ്ഞുമാറില്ലെന്നു പ്രതീക്ഷിക്കുന്നതായും ബിജു ഉമ്മൻ പറഞ്ഞു. സർക്കാർ സഹായം കിട്ടിയില്ലെങ്കിൽ പള്ളികൾ ബലം പ്രയോഗിച്ച് തുറക്കാനാണ് ഓർത്തഡോക്‌സുകാരുടെ നീക്കം. ഇത് സംസ്ഥാനത്തുടനീളം ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായും. യാക്കോബായ സഭയ്ക്ക് അനുകൂലമാണ് സർക്കാർ നിലപാടെന്ന പരാതി ഓർത്തഡോക്‌സ് വിഭാഗത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP