Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തോലിക്കാ സഭയുടെ കീഴിൽ ആട്ടിടയന്മാർ നടത്തിയ കുറ്റകൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് ഔട്ട്‌ലുക്കിന്റെ കവർ‌സ്റ്റോറി; എഡ്വിൻ ഫിഗറസും രാജു കൊക്കനും ആരോഗ്യരാജും അടക്കമുള്ള പുരോഹിതരുടെ കുറ്റകൃത്യങ്ങൾ മൂടിവച്ചതും സംരക്ഷണം നല്കിയതും സഭ; വിശ്വാസികളെ കൈകാര്യം ചെയ്യുന്നത് ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും

കത്തോലിക്കാ സഭയുടെ കീഴിൽ ആട്ടിടയന്മാർ നടത്തിയ കുറ്റകൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് ഔട്ട്‌ലുക്കിന്റെ കവർ‌സ്റ്റോറി; എഡ്വിൻ ഫിഗറസും രാജു കൊക്കനും ആരോഗ്യരാജും അടക്കമുള്ള പുരോഹിതരുടെ കുറ്റകൃത്യങ്ങൾ മൂടിവച്ചതും സംരക്ഷണം നല്കിയതും സഭ; വിശ്വാസികളെ കൈകാര്യം ചെയ്യുന്നത് ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും

തിരുവനന്തപുരം: കത്തോലിക്കാസഭയുടെ തണലിൽ കേരളത്തിലെ വൈദികർ നടത്തിയ കുറ്റകൃത്യങ്ങളുമായി പ്രമുഖ ദേശീയ ഇംഗ്ലീഷ് വാരിക ഔട്ട് ലുക്കിന്റെ കവർ സ്റ്റോറി. കുറ്റകൃത്യങ്ങൾ മൂടിവെയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ആരോപണമുന്നയിക്കുന്നവരെ നിശബ്ദമാക്കാനും സഭ നടത്തിയ ശ്രമങ്ങളാണ് ഔട്ട് തുറന്നുകാട്ടുന്നത്. 12 പേജുകളിൽ നീണ്ടുനിൽക്കുന്നതാണ് മിനു ഇട്ടി ഐപ്പിന്റെ വിശദ റിപ്പോർട്ട്.

പുരോഹിതരുടെ പാപങ്ങൾക്ക് പശ്ചാത്താപം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് മാപ്പിരന്നത് രണ്ടാഴ്ച മുമ്പാണ്. ഇന്ത്യയിലെ കത്തോലിക്ക സഭ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിൻ മേൽ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ലെന്ന് പറഞ്ഞാണ് ഔട്ട് ലുക്കിന്റെ കവർ സ്റ്റോറി ആരംഭിക്കുന്നത്.

ക്രിസ്തു ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടയ്ക്കടിച്ച് പുറത്താക്കുന്ന ബൈബിൾ ഭാഗം ഉൾ പേജിൽ റിപ്പോർട്ടിന്റെ തുടക്കത്തിൽ ഉദ്ധരിച്ചിരിക്കുന്നു. കേരള കത്തോലിക്ക സഭയേയും വിശ്വാസ സമൂഹത്തെയും പിടിച്ചു കുലുക്കിയ ഏഴ് കുറ്റകൃത്യങ്ങളുടെ കഥയും ഇന്ത്യൻ കാത്തലിക് ബിഷപ് കൗൺസിലി(സിബിസിഐ)ന്റെ സെക്രട്ടറിയുമായ ബിഷപ് തിയോഡർ മസ്‌കരാനസുമായുള്ള അഭിമുഖവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ സിബിസിഐ പുതിയ നയം പുറത്തുവിടുമെന്നാണ് ബിഷപ്പ് അഭിമുഖത്തിൽ പറയുന്നത്.

എഡി 52ൽ തോമാശ്ലീഹ ഇന്ത്യയിൽ ക്രിസ്തുമതപ്രചാരണത്തിനായി എത്തിയ കൊടുങ്ങല്ലൂരുനിന്നും 10 കിലോമീറ്റർ അകലെയുള്ള പുത്തൻവേലിക്കരപ്പള്ളിയിൽ 14കാരിയായ പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ട സംഭവത്തോടെയാണ് റിപ്പോർട്ട് ആരംഫഭിക്കുന്നത്. 2015 ഏപ്രിൽ ഒന്നിന് പൊലീസ് പരാതി സ്വീകരിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗറസ്(41) ആയിരുന്നു. കീഴ്ക്കോടതി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പുരോഹിതനെ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കുമ്പസാരക്കൂട്ടിൽ നിന്ന് പെൺകുട്ടിയെ പള്ളിമേടിയിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെ ലൈംഗിക ചൂഷണം തുടർന്നു. ഇടവക വികാരി മകളോടുചെയ്ത ഭീകരത അറിഞ്ഞ മാതാപിതാക്കൾ ബിഷപ്പിനെക്കണ്ട് ഈ പുരോഹിതൻ ഇനിയൊരിക്കലും അൾത്താരയിൽ കയറി കുർബ്ബാന അർപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് കാരിക്കാശ്ശേരി ഫാദർ എഡ്വിൻ ഫിഗറസിനെ സസ്പെൻഡ് ചെയ്തു. പക്ഷെ മാർച്ച് 29ന് ക്രിസ്ത്യൻ വിശ്വാസികളുടെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നായ ഓശാന ഞായറാഴ്‌ച്ച എഡ്വിൻ ഫിഗറസ് കുർബ്ബാന ചൊല്ലി. സഭയിൽ നിന്നും നീതികിട്ടില്ലെന്ന തിരിച്ചറിവാണ് കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 'ഞങ്ങൾ അയാളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചു. മുമ്പ് പ്രവർത്തിച്ചിരുന്ന ഇടവകകളിൽ അയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.' കേസന്വേഷിച്ച സർക്കിൾ ഇൻസ്പെക്ടർ ടി.എം. വർഗീസ് ഔട്ട് ലുക്കിനോട് പറഞ്ഞു.

തൃശ്ശൂർ തൈക്കാട്ടുശേരി 2009ൽ ഒരു ഒമ്പതുവയസ്സുകാരി പള്ളിമേടയിൽ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചാണ് മറ്റൊരു വിവരണം. സെന്റ് പോൾസ് ചർച്ച് വികാരിയായിരുന്ന ഫാദർ രാജു കൊക്കനാണ് പ്രതി. ആദ്യകുർബാനക്ക് അണിയാനായി പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പുരോഹിതൻ പെൺകുട്ടിയെ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ട് പോയതും ലൈംഗികമായി ഉപയോഗിച്ചതും. പെൺകുട്ടിയുടെ വസ്ത്രം അഴിപ്പിച്ചശേഷം ഫാദർ കൊക്കൻ ജനനേന്ദ്രിയത്തിന്റെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു. ഒല്ലൂർ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ് കീഴ്ക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യം ലഭിച്ച കൊക്കൻ തൃശ്ശൂരിലെവിടെയോ ഉള്ള കുഷ്ഠരോഗികൾക്കായുള്ള ശുശ്രൂഷ ഹോമിൽ ഉണ്ടെന്നാണ് അറിവ്. സഭാകോടതി ഇതുവരെയും കൊക്കനെതിരെ നടപടി എടുത്തിട്ടില്ല.
സഭാപ്രശ്നങ്ങളിൽ കൃത്യമായി അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തക്ക ചട്ടങ്ങളും നിയമങ്ങളും നിലവിലുണ്ട്. എല്ലാ രൂപതയിലും ഒരു ജുഡീഷ്യൽ വികാരിയടങ്ങുന്ന സമിതി അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ് സഭാനിയമം. ഗൗരവതരമായ കുറ്റങ്ങൾ വത്തിക്കാനിലും പൊലീസിലും അറിയിക്കുകയും വേണം.

17കാരിയായ ഫാത്തിമ സോഫിയ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013 ജൂലൈയിൽ ആണ് പാലക്കാട് വാളയാർ സെന്റ് സ്റ്റാനിസ്ലാസ് പള്ളിയിൽവച്ചാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം ഫാത്തിമയുടെ അമ്മ ശാന്തി റോസലിനെ ഫോൺ ചെയ്ത ഫാദർ ആരോഗ്യ രാജ് താൻ 'കൊന്നു' എന്ന് പലതവണ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് ആരോഗ്യരാജ് തിരുത്തി. പാലക്കാട് ആശുപത്രിയിൽ എത്തിച്ച മൃതദേഹം വിട്ടുകിട്ടാനായി പൊലീസ് കാണിച്ച രേഖകളിൽ വീട്ടുകാർക്ക് ഒപ്പിട്ടു നൽകേണ്ടിവന്നു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ആത്മഹത്യയാണെന്ന് അറിയിച്ച് പൊലീസ് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ കേസ് അവസാനിപ്പിച്ചു.

സഭാകോടതി നടത്തിയ വിചാരണയിൽ ഫാത്തിമയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്ന് ഫാദർ ആരോഗ്യരാജ് ഏറ്റു പറഞ്ഞു. ബിഷപ്പടങ്ങുന്ന സമിതി വിവരം പൊലീസിൽ അറിയിച്ചില്ലെന്നു മാത്രമല്ല പ്രതിയെ സംരക്ഷിക്കുകയാണുണ്ടായത്. ആരോഗ്യരാജ് പിന്നീട് നടത്തിയ കുറ്റസമ്മതം റോസലിൻ റെക്കോഡ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. തെളിവുകളുടെ അഭാവമാണ് കേസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.

കുറ്റകൃത്യങ്ങളെ സഭ വെള്ള പൂശിയതിന്റെ ചരിത്രവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്നുവരെ മൂന്നു പുരോഹിതരിൽ കൊലക്കുറ്റം ചാർത്തുകയും രണ്ടുപേരെ കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളെ വെറുതെ വിടുകയും മറ്റു രണ്ടു പേരുടെ ശിക്ഷ മേൽക്കോടതി കുറയ്ക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ട് മുമ്പത്തെ സിസ്റ്റർ അഭയസംഭവത്തിലും അരനൂറ്റാണ്ട് മുമ്പുണ്ടായ മറിയക്കുട്ടി കൊലക്കേസിലും ഉൾപ്പെടെ എങ്ങനെയൊക്കെയാണ് സഭ ആരോപണവിധേയരെ സംരക്ഷിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മറിയക്കുട്ടി കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം വരെ സഭ നടത്തി. 2001ൽ വികാരിയായിരിക്കെ മരിച്ച ഫാദർ ബെനഡിക്റ്റ് കുമ്പസാരരഹസ്യം സൂക്ഷിച്ചതിന് സഹനമേറ്റു വാങ്ങുകയായിരുന്നു എന്ന കഥ പ്രചരിക്കുകയുണ്ടായി. 'അഗ്‌നിശുദ്ധി' എന്നപേരിൽ ഫാദർ ബെനഡിക്റ്റിനക്കുറിച്ച് ഫാദർ എം.ജെ. കളപ്പുരയ്ക്കൽ പുസ്തകം എഴുതി. പുസ്തകത്തിൽ പൗലോച്ചൻ എന്നൊരാളാണ് കൊലനടത്തിയതെന്ന് സ്ഥാപിക്കാൻ ശ്രമം നടന്നു. 1986ൽ കൊല്ലം കുണ്ടറയിൽ നടന്ന മേരിക്കുട്ടി കൊലപാതകത്തിൽ ലാറ്റിൻ കാത്തലിക് പുരോഹിതനായ ആന്റണി ലാസർ പ്രതിയായിരുന്നു. കൊല്ലാനയച്ചത് അച്ചനാണെന്ന് ഗുണ്ടകൾ സമ്മതിക്കുകയും ചെയ്തിരുന്നു. രണ്ടു കേസുകളിലും വൻ തുക മുടക്കി വക്കീലുമാരെ വെയ്ക്കുകയാണ് സഭ ചെയ്തതെന്ന അഡ്വക്കറ്റ് ജയശങ്കറുടെ ആരോപണവും റിപ്പോർട്ടിലുണ്ട്.

സഭ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും വിശ്വാസികളെ കൈകാര്യം ചെയ്യുന്ന രീതി ഗ്രേഷ്യസ് എന്ന വിശ്വാസി പറയുന്നതിൽ നിന്നു വ്യക്തമാണ്. 'ഞങ്ങളിൽ ഭൂരിഭാഗവും മതത്തിന് അടിമകളായി മാറിക്കഴിഞ്ഞു. സഭയുടെ എതിരു നിൽക്കുന്നത് വലിയ തെറ്റാണെന്ന് ചെറുപ്പം മുതൽ ഞങ്ങളെ പഠിപ്പിക്കും. ഇതിൽ നിന്നും പുറത്തുകടക്കാനാവില്ല. സൺഡേ സ്‌കൂളുകളിൽ പോയില്ലെങ്കിൽ കുട്ടികളെ വിവാഹം കഴിപ്പിച്ച് നൽകില്ല. ഫാദർ ഫിഗറസ് താൻ പറഞ്ഞതാണ് സത്യമെന്ന് ഇടവകക്കാരെ ധരിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.' മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഷാന്റി റോസലിനെ പള്ളിയിൽ നിന്നു പുറത്താക്കുകയാണ് സഭ ചെയ്തത്. സമാനമായി പ്രവർത്തിച്ചതിന് ബിന്നി ദേവസ്യക്ക് സഭയിൽ നിന്നും ഭീക്ഷണി ഉണ്ടായിരുന്നതായി പറയുന്നു.

സിസ്റ്റർ അഭയകേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ കോട്ടൂർ കോട്ടയം രൂപതയുടെ ചാൻസലറാണ്. മറ്റൊരു പ്രതിയായ ഫാദർ പൂതൃക്കയിൽ കാസർഗോഡ് പയസ് ടെൻത് കോളേജിന്റെ പ്രിൻസിപ്പാളായി വിരമിച്ചു. അഡ്വക്കേറ്റ് ബോറിസ് പോൾ പറയുന്നതനുസരിച്ച് കേരളത്തിൽ ഇന്നേവരെ ആരോപണവിധേയനായ ഒരു പുരോഹിതനും സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടയിൽ 20 കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കെസിആർഎം സംസ്ഥാന കൺവീനർ റെജി ഞള്ളാനി പറയുന്നു. സഭയ്ക്കെതിരെ ശബ്ദമുയർത്തുന്ന പുരോഹിതരേയും കന്യാസ്ത്രീകളെയും സമനില തെറ്റിയവരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സഭ എപ്പോഴും നടത്താറുള്ളതെന്നും ഞള്ളാനി ആരോപിക്കുന്നു.

24 വർഷം സഭയെ സേവിച്ചശേഷം പുരോഹിതവസ്ത്രം ഉപേക്ഷിച്ച ഫാദർ കളപ്പറമ്പിൽ പറയുന്നത് എല്ലാ കുറ്റകൃത്യങ്ങൾക്കും കാരണം ബ്രഹ്മചര്യം ആണെന്നാണ്. ഭക്ഷണവും താമസവും മാത്രം കൊടുത്ത് യാതൊരു അവകാശവുമില്ലാത്ത അടിമകളായാണ് സഭ പുരോഹിതരേയും കന്യാസ്ത്രീകളേയും ഉപയോഗിക്കുന്നതെന്ന് കളത്തിപ്പറമ്പിൽ പറയുന്നു.

സഭാനിയമങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന ആരോപണമാണ് കാത്തലിക് ലെയ്മെൻ അസോസിയേഷൻ പ്രതിനിധിയായ എംഎൽ ജോർജ് ആരോപിക്കുന്നത്. വിശ്വാസികളെല്ലാവരും പരസ്യമായി വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ട്. സഭാനിയമപ്രകാരം സഭയ്ക്ക് രഹസ്യമായി വിവാഹം നടത്താൻ അധികാരമുണ്ട്. സഭയുടെ ചൂഷണം നിർത്തലാക്കാൻ ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആരോപിക്കുന്നു. ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.

'അപവാദങ്ങൾ സന്യാസം എത്ര വലിയ ത്യാഗമാണെന്ന് തെളിയിക്കുന്നു' എന്ന സീറോ മലബാർ കാത്തലിക് സഭാ വക്താവ് ഫാദർ തേലക്കാട്ടിന്റെ പ്രസ്താവനയോടോയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP