Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച പ്രവൃത്തി ദിവസമെന്ന് ചീഫ് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; സർക്കാർ ഇടപെട്ടതോടെ തീരുമാനമായില്ലെന്ന പോസ്റ്റിട്ട് ജിജി തോംസൺ തടിതപ്പി

കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച പ്രവൃത്തി ദിവസമെന്ന് ചീഫ് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; സർക്കാർ ഇടപെട്ടതോടെ തീരുമാനമായില്ലെന്ന പോസ്റ്റിട്ട് ജിജി തോംസൺ തടിതപ്പി

തിരുവനന്തപുരം: അന്തരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനോടുള്ള ആദരവു പ്രകടിപ്പിക്കാൻ ഞായറാഴ്ച പ്രവൃത്തി ദിവസമെന്നു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ചീഫ് സെക്രട്ടറി ജിജി തോംസൺ പുലിവാലു പിടിച്ചു. ആദ്യം ഞായറാഴ്ച അവധിദിനമായിരിക്കുമെന്നാണ് പോസ്റ്റ് ഇട്ടതെങ്കിലും സർക്കാരിന്റെ വ്യക്തമായ നിർദ്ദേശം ലഭിക്കാത്തതിനാൽ ഒന്നു കൂടി തീരുമാനത്തിൽ വ്യക്തത വരുത്തി ഇക്കാര്യത്തിൽ അധികം വൈകാതെ പോസ്റ്റ് ഇടുമെന്ന് അറിയിച്ച് ജിജി തോംസൺ മറ്റൊരു പോസ്റ്റിടുകയായിരുന്നു.

വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു പോസ്റ്റ് ഫേസ്‌ബുക്കിൽ ഇട്ടതെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. ഇതേതുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്. ചീഫ് സെക്രട്ടറിയുടെ പോസ്റ്റിനെതിരെ സർവ്വീസ് സംഘടനകളും രംഗത്തു വന്നിരുന്നു. സർക്കാരിന്റെ അനുവാദമില്ലാതെ പോസ്റ്റിട്ട ചീഫ് സെക്രട്ടറിയുടെ നടപടി അനുചിതമാണെന്ന അഭിപ്രായം മന്ത്രിസഭയിലെ ചിലർക്കുമുണ്ട്. അവരും മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടുണ്ട്.

ഞായറാഴ്ച പ്രവൃത്തി ദിവസമാക്കണമോ എന്ന വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അവധിയുടെ കാര്യത്തിൽ തീരുമാനമായി എന്നു കരുതിയാണ് പോസ്റ്റിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എ പി ജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവൃത്തിക്കുമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഇതു വിവാദമായതിനെ തുടർന്ന് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെയാരു തീരുമാനമെടുത്തിട്ടില്ലെന്നും കൂടിയാലോചിക്കാതെയാണ് ചീഫ് സെക്രട്ടറിയുടെ പോസ്റ്റെന്നും മുഖ്യമന്ത്രിയാണു സഭയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഫേസ്‌ബുക് പോസ്റ്റ് മരവിപ്പിച്ചത്. കലാമിനോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം വിവിധ മേഖലയിലെ തൊഴിലാളികൾ കൂടുതൽ സമയം ജോലി ചെയ്തിരുന്നു. താൻ മരിച്ചാൽ അവധി കൊടുക്കരുതെന്നും പകരം കൂടുതൽ ജോലി ചെയ്തുവേണം തന്നോടുള്ള ആദരവ് പ്രകടിപ്പിക്കാനുമെന്ന എ പി ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണ് തൊഴിലാളികൾ ശിരസാവഹിച്ചത്.

ഇന്നലെതന്നെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾ അധികസമയം ജോലി ചെയ്തു ആദരവ് പ്രകടിപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അധികസമയം ജോലി ചെയ്യാനാണ് ചിലരുടെ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർ, ഐടി ജീവനക്കാർ, അദ്ധ്യാപകർ എന്നിവരെല്ലാം കലാം സാറിനു ആദരസൂചകമായി മണിക്കൂറുകളോളം അധികസമയം ജോലി ചെയ്തു. അതിനിടെ പാലക്കാട് നഗരസഭയും കാസർകോട് ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളുമെല്ലാം അവധിദിനമായ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സാധാരണ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും അന്നു നഗരസഭയിൽ നിന്നു ലഭിക്കുമെന്ന് പാലക്കാട് നഗരസഭാ ചെയർമാൻ പി വി രാജേഷ് അറിയിച്ചു. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ആരും അവധിയെടുക്കില്ല. ജനപ്രതിനിധികളും നഗരസഭയിലെത്തും. കലാമിന്റെ ഉപദേശം അനുസരിച്ചാണു നടപടി. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തപ്പോൾ അവരും തീരുമാനത്തിനു പൂർണ പിന്തുണ അറിയിച്ചതായാണ് ചെയർമാൻ പറയുന്നത്. വനിതാ വികസന കോർപ്പറേഷനിലെ (കെഎസ് ഡബ്ല്യുഡിസി) ജീവനക്കാരും അടുത്ത ഞായറാഴ്ച ജോലി ചെയ്യും.

ജീവനക്കാരുമായി ചർച്ച നടത്തിയതിനു ശേഷമാണ് ഓഗസ്റ്റ് രണ്ടിന് അവധി ദിവസം ജോലി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. കോർപ്പറേഷനു കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫീസുകൾക്കും ഞായറാഴ്ച പ്രവർത്തി ദിനമായിരിക്കുമെന്ന് ചെയർപേഴ്‌സൺ പി കുൽസു അറിയിച്ചു. പുന്നപ്ര വടക്കു പഞ്ചായത്തിൽ ജീവനക്കാർ ഇന്നലെ രാത്രി ഏഴുവരെ ജോലി ചെയ്തു. കല്ലേറ്റുംകര റയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ ഒരു ഷിഫ്റ്റ് അധികം പ്രവർത്തിപ്പിക്കുകയും ചെയ്തു. ചില ഐടി കമ്പനികളിലെ ജീവനക്കാരും അധികസമയം ജോലി ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. കലാമിനോടുള്ള ആദരസൂചകമായി അധികസമയം ജോലി ചെയ്യാൻ സോഷ്യൽ മീഡിയയും ആഹ്വാനം ചെയ്യുന്നുണ്ട്.

അവധിക്കു പകരം ജോലി ചെയ്യണമെന്നു ആവശ്യപ്പെട്ട കലാമിന്റെ വാക്കുകൾക്ക് വില കൽപിച്ച്, നേരത്തെ പ്രഖ്യാപിച്ച അവധി കേരളം പിൻവലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP