Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഫലപ്രാപ്തിയിലെത്തി; ഉദ്യോഗസ്ഥതല സംവരണത്തിനായി ഇനി മുസ്ലിംലീഗ് മുറവിളി കൂട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പ്രസ്താവന വിവാദമായതോടെ മയപ്പെടുത്തി മന്ത്രി രംഗത്ത്

മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഫലപ്രാപ്തിയിലെത്തി; ഉദ്യോഗസ്ഥതല സംവരണത്തിനായി ഇനി മുസ്ലിംലീഗ് മുറവിളി കൂട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പ്രസ്താവന വിവാദമായതോടെ മയപ്പെടുത്തി മന്ത്രി രംഗത്ത്

കോഴിക്കോട്: സർക്കാർ സർവീസുകളിലെ ഉദ്യോഗസ്ഥ തല സംവരണം കേരളത്തിൽ എപ്പോഴും ആളിക്കത്തുന്ന വിഷയമാണ്. സാമുദായിക അടിസ്ഥാനത്തിൽ നായർ മേധാവിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥ തലത്തിലെ അസമത്വം പരിഹരിക്കാനാണ് സംവരണം കേരളത്തിൽ കൊണ്ടുവന്നത്. ഇങ്ങനെ സംവരണ പോരാട്ടത്തിനായി മുന്നിൽ നിന്നു പ്രവർത്തിച്ചത് എസ്എൻഡിപിയും മുസ്ലിംലീഗുമാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ ഇനി സംവരണത്തിനായി ലീഗ് പോരാടില്ലെന്ന് പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിവാദത്തിൽ ചാടി.

മുസ്‌ലീം പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗസ്ഥ തലസംവരണത്തിനായി ഇനി മുറവിളി കൂട്ടില്ലെന്നാണ് മുസ്‌ലീം ലീഗ് പ്രഖ്യാപിച്ചത്. ഉദ്യോഗതലത്തിലെ സംവരണം എന്ന ലക്ഷ്യം ഏറെക്കുറെ പൂർത്തിയാക്കിയിരിക്കുന്നുവെന്നും ഇനി സംവരണം ഒരു മുദ്രാവാക്യമല്ലെന്നും ലീഗ് ദേശീയ ട്രെഷറർ കൂടിയായ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചതിന്റെ ശബ്ദരേഖ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടതോടെയാണ് വിവാദമുണ്ടായത്. ഇതോടെ മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു. അവസരം മുതലെടുത്ത് മറ്റ് മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തെത്തിയതോടെ വാക്കുകൾ മയപ്പെടുത്തി അദ്ദേഹം വീണ്ടും രംഗത്തെത്തി.

സർക്കാർ സർവ്വീസിൽ മുന്നോക്ക വിഭാഗങ്ങൾക്കൊപ്പം പ്രാതിനിധ്യം നേടാൻ കഴിഞ്ഞിരിക്കുന്നതായും വിശദീകരിച്ച് കൊണ്ടായിരുന്നു പി കെ കുഞ്ഞാലികുട്ടി മുസ്ലിംലീഗിന്റെ നിലപാട് പ്രഖ്യാപിച്ചത്. തച്ചനാട്ടുകരയിലെ മുസ്‌ലീം ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പി കെ കുഞ്ഞാലികുട്ടിയുടെ നിലപാട് വിശദീകരണം. വേദിയിലിരിക്കുന്ന പഴയകാല നേതാക്കളെ ചൂണ്ടി അവരൊക്കെ പ്രവർത്തനം തുടങ്ങിയ കാലത്തെ ഏറ്റവും വലിയ മുദ്രാവാക്യം സംവരണമായിരുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം. തങ്ങൾക്കും അധികാരത്തിൽ ഇടം വേണമെന്ന ആവശ്യത്തിന്റെ കൂടി ഭാഗമായിരുന്നു ഇത്.

ഈ നേതാക്കളുടെ പ്രവർത്തന ഫലമായി മുസ്ലിംസമുദായം ഉദ്യോഗസ്ഥ തലത്തിൽ വൻ മുന്നേറ്റം നടത്തിയെന്ന് മന്ത്രി വിശദീകരിച്ചു. തുടർന്നായിരുന്നു ഉദ്യോഗതലത്തിലെ സംവരണത്തിന് ഇനി പ്രസക്തിയില്ലെന്നും ആ പണി ലീഗ് പൂർത്തിയാക്കിയിരിക്കുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചത്. മുന്നോക്ക സമുദായങ്ങൾക്കൊപ്പം ഒരു പരിധിവരെ പിന്നാക്ക വിഭാഗങ്ങളും എത്തിയതായും കുഞ്ഞാലികുട്ടി നിരീക്ഷിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഹിന്ദു സമുദായത്തിലെ പിന്നോക്ക സമുദായക്കാരെ കൂടി ഉൾപ്പെടുത്തി ആയതുകൊണ്ട് ഇതിൽ പ്രതിഷേധവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അലേസരപ്പെടുത്തുന്നതാണ്, മുസ്ലിം സമുദായ പോലും അദ്ദേഹം പറഞ്ഞത് അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വെള്ളാപ്പളിയും എതിരായി തിരഞ്ഞതോടെയാണ് നിലപാട് മയപ്പെടുത്തി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സംവരണം ഒട്ടും ഇല്ലാത്ത അവസ്ഥയിൽ നിന്ന് ഇപ്പോൾ വ്യത്യാസമുണ്ട്, എന്നിട്ടും പ്രശ്‌നം ബാക്കിയാണ് എന്ന് അവിടെ വിശദീകരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP