Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ ഡോക്ടർമാർ വിചാരിച്ചാൽ സ്വകാര്യ ആശുപത്രി മുതലാളിമാരെ കുത്തുപാള എടുപ്പിക്കാമെന്നതിന് തെളിവ് വേണോ? 70,000 രൂപ മുടക്കിൽ സന്ധിമാറ്റ ശസ്ത്രക്രിയ നടത്തി പാലയിലെ സർക്കാർ ആശുപത്രി

സർക്കാർ ഡോക്ടർമാർ വിചാരിച്ചാൽ സ്വകാര്യ ആശുപത്രി മുതലാളിമാരെ കുത്തുപാള എടുപ്പിക്കാമെന്നതിന് തെളിവ് വേണോ? 70,000 രൂപ മുടക്കിൽ സന്ധിമാറ്റ ശസ്ത്രക്രിയ നടത്തി പാലയിലെ സർക്കാർ ആശുപത്രി

പാലാ: ആതുര സേവന രംഗത്ത് കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്. കേരളാ മോഡലിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പൊതുജനാരോഗ്യ മോഡലിന്റെ തകർച്ചയായിരുന്നു ഇതിന് കാരണം.

സർക്കാർ ആശുപത്രികളിൽ ചികിൽസാ നിഷേധമുണ്ടായപ്പോൾ പാവപ്പെട്ടവർ പോലും ഉള്ളത് വിറ്റുപറക്കി സ്വകാര്യ ആശുപത്രിയിലെത്തി. അങ്ങനെ മുതലാളിയുടെ കൈനിറയെ കാശുമെത്തി. എൺപതുകളിൽ ലോകം ചർച്ച ചെയ്ത ആരോഗ്യത്തിലെ കേരളാ മോഡലിന് ഇനിയും സാധ്യതയുണ്ട്. നമ്മുടെ സർക്കാർ ആശുപത്രികൾക്ക് രോഗികളെ ആകർഷിക്കാൻ വീണ്ടും കഴിയും. അതിന് പാലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കാട്ടിയ പ്രതിബന്ധത ഉണ്ടാകണം. ഏത് വെല്ലുവിളിയേയും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ആർജ്ജവം സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ സംഭവം.

കാൽ മുട്ടുവേദന മൂലം നാല് വർഷമായി വലയുന്ന വീട്ടമ്മക്ക് സർക്കാർ ആശുപത്രിയിൽ നടത്തിയ കുറഞ്ഞ ചെലവിലുള്ള സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുണയായി. സ്വകാര്യ ആശുപത്രിയിൽ രണ്ട് ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയ എഴുപതിനായിരം രൂപയ്ക്കാണ് പാലാ ജനറൽ ആശുപത്രിയിൽ നടത്തിയത്. ഓസ്റ്റിയോ ആർത്രൈറ്റീസ് ബാധിച്ച് വിട്ടുമാറാത്ത കാൽമുട്ട് വേദന അലട്ടിവന്ന കുടക്കച്ചിറ ആക്കക്കുന്നേൽ ഗോപിയുടെ ഭാര്യ ലീലാമ്മയുടെ(61) വലതു കാൽമുട്ടിലെ സന്ധികളാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മാറ്റി വച്ചത്. പാലാ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

നിർധന കുടുംബാംഗമായ ലീലാമ്മയും ഭർത്താവ് ഗോപിയും കൂലിപ്പണി എടുത്താണ് കുടുംബം പുലർത്തിവരുന്നത്. ലീലാമ്മ ഏഴ് മാസം മുമ്പാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. ഇവരുടെ ആകുലതകൾ തിരിച്ചറിഞ്ഞ് തന്നെയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതർ തയ്യാറായത്. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുധേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ബലക്ഷയം സംഭവിച്ച കാൽമുട്ടിലെ സന്ധികൾ മാറ്റി ക്രോമിയം കോബാൾട്ടിൽ നിർമ്മിച്ച ക്രൃത്രിമ സന്ധി ഘടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തി അഞ്ചാം ദിവസം മുതൽ ക്രച്ചസിന്റെ സഹായത്തോടെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ ലീലാമ്മ ഇന്ന് പൂർണ്ണ ആരോഗ്യവതിയാണ്. രണ്ട് മാസത്തിനുള്ളിൽ സാധാരണപോലെ നടക്കാനും ജോലികൾ ചെയ്യാനും കഴിയുമെന്ന് ഡോ. സുധേഷ് പറഞ്ഞു.

അസ്ഥിരോഗ വിഭാഗത്തിലെ ഡോ. അനീഷ് വർഗീസ്, ഡോ. സോഫിയാ ചന്ദ്രൻ, ഡോ.സിജോ സെബാസ്റ്റ്യൻ, അനസ്‌തേഷ്യാ വിദഗ്ധരായ ഡോ. സോമൻ, ഡോ. തംബുരു, ഡോ. അൻജു, എന്നിവരാണ് ശസ്ത്രക്രിയാനേട്ടത്തിൽ പങ്കാളികളായത്. സാമൂഹിക പ്രതിബന്ധതയുണ്ടെങ്കിൽ ഏത് ഡോക്ടർമാർക്കും അത്ഭുതം കാട്ടാമെന്നതിന് തെളിവാണ് ഈ ശസ്ത്രക്രിയ. സർക്കാർ ആശുപത്രിയിൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാരും ഒരുക്കണം. ഈ രണ്ട് കൂട്ടരും ഒന്നിച്ചു നിന്നാൽ മലയാളിയുടെ പോക്കറ്റിലെ കാശ് സ്വകാര്യ ആശുപത്രികൾ തട്ടിയെടുക്കുന്നതിന് അന്ത്യവുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP