Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാക്ക് സമീപമുള്ള ഏക പച്ചതുരുത്ത് തകർക്കാൻ പാറമട ലോബിക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി; പ്രതിഷേധിച്ച വൈദികനേയും പഞ്ചായത്ത് മെമ്പറേയും അടക്കം 25 പേരെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു

പാലാക്ക് സമീപമുള്ള ഏക പച്ചതുരുത്ത് തകർക്കാൻ പാറമട ലോബിക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി; പ്രതിഷേധിച്ച വൈദികനേയും പഞ്ചായത്ത് മെമ്പറേയും അടക്കം 25 പേരെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു

രാമപുരം(പാലാ): കുറിഞ്ഞി കോട്ടമലയിൽ പാറമട ലോബി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഭീമൻ കല്ല് താഴേക്കു പതിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാലാ ആർ.ഡി.ഒയെ ഉപരോധിച്ച സമരസമിതി നേതാക്കളുൾപ്പടെ 25 പേരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഉപരോധത്തെത്തുടർന്ന് ഇവർക്കെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്നലെ സമരസമിതി നേതാക്കൾ പാലാ കോടതിയിൽ കീഴടങ്ങി. കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് അയിലൂക്കുന്നേലും റിമാൻഡിലായിട്ടുണ്ട്.

കുറിഞ്ഞി മലനിരകളിൽ ഖനനത്തിന് നീക്കം തുടങ്ങിയ നാൾ മുതൽ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമായ കുറിഞ്ഞി മലനിരകളിൽ പാറഖനനം നടത്തുന്നതിനെതിരേ പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇവിടെ ഖനനം അപകടകരമാണന്ന് ദുരന്ത നിവാരണസമിതി നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ഭീമൻ കല്ല് താഴേക്കു പതിച്ചത്. ബോധപൂർവ്വം കൃഷിയും മറ്റും നശിപ്പിക്കാനുള്ള ശ്രമമായാണ് ഇതിനെ നാട്ടുകാർ കാണുന്നത്. ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് അയിലൂക്കുന്നേലിന് പുറമേ പഞ്ചായത്തംഗങ്ങളായ ജീനസ് നാഥ്, മത്തച്ചൻ പുതിയിടത്തുചാലിൽ, ഡി.സി.സി. ജനറൽ സെക്രട്ടറി സി.ടി. രാജൻ, ശ്രീനിവാസൻ കൊച്ചുവേലിക്കകത്ത്, ഷാജി പൊരുന്നയ്ക്കൽ, പ്രമോദ് കൈത്തിരിക്കൽ, ബേബി തച്ചേട്ട്, ബിജു പാലക്കുഴിയിൽ, ബിനീഷ് വള്ളോംതടത്തിൽ, ഗോപകുമാർ ആലാട്ടുതോട്ടുങ്കൽ, ജോഷി ഉപ്പുമാക്കൽ, തോമസ് ഉപ്പുമാക്കൽ, ബേബി കൊയ്യപ്പള്ളിൽ, ജോയി കുമ്പളത്ത്, ബെന്നി പടിയാനിക്കൽ, ജോബി പുതിയകുന്നേൽ, ആഗസ്തി കാഞ്ഞിരത്താംകുന്നേൽ, ജോസ് ആലയ്ക്കൽ, സോമൻ പൊരുന്നയ്ക്കൽ,തങ്കച്ചൻ കണ്ടശ്ശാംകുന്നേൽ, ബാബു ഇടപ്പാട്ട്, തങ്കപ്പൻ കഴുന്നുകത്തിൽ ,ഗോപി ഇടപ്പാട്ട്, സുദർശൻ ചെമ്മനാൽ എന്നിവരെയാണു കോടതി റിമാൻഡ് ചെയ്തത്.

കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു കാട്ടി ആർ.ഡി.ഒ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും കുട്ടികളെ സമരരംഗത്തിറിക്കയതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണു അച്ചനും പഞ്ചായത്ത് മെമ്പറും അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാമപുരം വില്ലേജാഫീസിലാണ് ആർഡി.ഒയെ സമരക്കാർ തടഞ്ഞത്. പഞ്ചായത്ത് സെക്രട്ടറി പാറമട ലോബിക്ക് ലൈസൻസ് നൽകിയതിനെത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെ കൂറ്റൻ പാറക്കല്ല് ഉരുണ്ട് സമീപത്തെ പുരയിടത്തിൽ പതിച്ചിരുന്നു. ഇതിനെതിരേ ആർ.ഡി.ഒയ്ക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും ഇവർ സ്ഥലം സന്ദർശിക്കാൻ തയാറായില്ല.

ഇതിൽ പ്രതിഷേധിച്ച് കോട്ടമല നിവാസികളായ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു നാട്ടുകാർ രാമപുരം വില്ലേജ് ഓഫീസിന് മുൻപിൽ സമരവുമായെത്തി. ഈസമയത്ത് ആർ.ഡി.ഒ: കെ. രാജൻ വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു. സമരക്കാരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരത്ത് നടത്തിയ ഉപരോധത്തിനിടെ ആർ.ഡി.ഒ യെയും ഉപരോധിച്ചു. എന്നാൽ ആർ.ഡി.ഒ. വില്ലേജ് ഓഫീസിൽ നിന്നും നാലു കിലോമീറ്റർ ദൂരെയുള്ള കോട്ടമലയിൽ സന്ദർശിക്കുകയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തുവെന്നും തടഞ്ഞുവച്ചു എന്നത് കള്ളമാണന്നും സമരസമിതി നേതാക്കൾ പറയുന്നു.

പ്രസിഡന്റിന്റെ അറിവോടെയാണു പാറമടയ്ക്ക് ലൈസൻസ് നൽകിയതെന്ന് ആരോപിച്ചു യുഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത് സമിതിക്ക് നൽകിയിരുന്ന പിന്തുണ കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കുറിഞ്ഞി കൂമ്പൻ മലനിരകളിൽ പാറഖനനം നടത്തുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന സമരസമിതി പ്രവർത്തകരെ ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെയും വ്യാപാരി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്നു രാമപുരം പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP