Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിയാരത്തെ സർക്കാരിന് വേണ്ട? മെഡിക്കൽ കോളേജിനെ സഹകരണ മേഖലയിൽ നിർത്താനുള്ള ചർച്ചകൾ സജീവം; സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാൻ യുഡിഎഫ്

പരിയാരത്തെ സർക്കാരിന് വേണ്ട? മെഡിക്കൽ കോളേജിനെ സഹകരണ മേഖലയിൽ നിർത്താനുള്ള ചർച്ചകൾ സജീവം; സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാൻ യുഡിഎഫ്

പരിയാരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ എങ്ങുമെത്തുന്നില്ല. നിലവിലുള്ള വ്യവസ്ഥകളും കീഴ് വഴക്കങ്ങളും കാരണം സ്ഥാപനം സഹകരണ മേഖലയിൽത്തന്നെ നിലനിർത്തുന്നതാകും ഉചിതമെന്നാണ് വിലയിരുത്തൽ. ഇതോടെ സിപിഐ(എം) നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് തിരിച്ചടിയാണ് ഈ നീക്കം.

പരിയാരം മെഡിക്കൽകോളേജിന്റെ ഘടനാപരമായ പ്രത്യേകതയാണ് ഇതിന് കാരണം. സഹകരണമേഖലയിൽ ആകെയുള്ളത് ആശുപത്രി സഹകരണ സംഘമാണ്. ബാക്കി പ്രധാന ഏഴുയൂണിറ്റുകളും അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്. ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളാണ് നിലവിൽ പ്രധാന സാമ്പത്തികസ്രോതസ്സ്. കാലങ്ങളായി പരിയാരം സംബന്ധിച്ച സർക്കാർ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആശുപത്രി സംഘത്തിന് കെട്ടിടവാടകയിനത്തിലും മറ്റുമായി കോടിക്കണക്കിന് രൂപ അനുബന്ധ സ്ഥാപനങ്ങൾ നൽകേണ്ടതുണ്ട്. വർഷാവർഷമുള്ള ബാലൻസ് ഷീറ്റിൽ ഇതിനുള്ള കരുതൽ നീക്കിവെക്കാറുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പ് സ്ഥാപനത്തിന്റെ മേൽ ഇതുവരെ നികുതിയടക്കം ഈടാക്കുന്നത്.

പരിയാരം മെഡിക്കൽ കോളേജ് തുടങ്ങുന്ന വേളയിൽ സഹകരണമേഖലയിൽ മെഡിക്കൽ കോളേജ് അനുവദനീയമല്ലായിരുന്നു. ഇതിനാലാണ് മെഡിക്കൽ കോളേജും അനുബന്ധസ്ഥാപനങ്ങളും ട്രസ്റ്റിന്റെ കീഴിലും ആശുപത്രി മാത്രം സഹകരണമേഖലയിലും കൊണ്ടുവന്നത്. സിഎംപി നേതാവായ എംവി രാഘവനായിരുന്നു അതിന് പിന്നിൽ. അതുകഴിഞ്ഞ് ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ മെഡിക്കൽ കോളേജിന്റെ നിയന്ത്രണം സിപിഎമ്മിനായി. പിന്നീട് മെഡിക്കൽ കോളേജ് കടത്തിലേക്കും കൂപ്പുകുത്തി. ഇതോടെയാണ് ഏറ്റെടുക്കലിന് സർക്കാർ പച്ചക്കൊടികാട്ടിയത്. ഇതിന് എം വി രാഘവൻ എതിർക്കുകയും ചെയ്തു. എന്നാൽ സിപിഐ(എം) നേതൃത്വും സർക്കാർ ഏറ്റുടുക്കുന്നതിന് അനുകൂല നടപടിയാണ് എടുത്തത്. ഏത് വിധേനയും മെഡിക്കൽ കോളേജ് പ്രവർത്തിക്കണമെന്നായിരുന്നു വിശദീകരണം.

നിലവിൽ സഹകരണമേഖലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി ഉണ്ട്. പരിയാരത്തെ മുഴുവൻ സ്ഥാപനങ്ങളും സഹകരണ മേഖലയ്ക്ക് കീഴിൽ കൊണ്ടുവന്നാൽ വിവിധ കോഴ്‌സുകളുടെ ഫീസ് നിരക്കടക്കം കുറച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സഹായകരമാക്കാനാവും. ഫീസ് നിരക്ക് ഏകീകരിക്കാനും രോഗികൾക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനുമാവുക സഹകരണ മേഖലയിലാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിലുള്ള ഭരണസമിതി അഞ്ചുവർഷം പൂർത്തീകരിക്കാൻ ഇനി ഒരു വർഷത്തിൽ താഴെയേ സമയമുള്ളൂ. ഇതിന് മുമ്പ് ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുവാൻ സർക്കാർ തയ്യാറാകില്ല. ഈ സാഹചര്യത്തിൽ ഏറ്റെടുക്കൽ ഉടൻ നടക്കില്ലെന്നാണ് സൂചന.

സർക്കാർ ഏറ്റെടുക്കാൻ പഠനങ്ങൾ നടക്കുമ്പോഴും പരിയാരത്ത് പുതിയ നിയമനങ്ങൾ നടക്കുന്നുണ്ട്. ഇവയൊന്നും സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ളതല്ല. അതുകൊണ്ടുതന്നെ സർക്കാർ ഏറ്റെടുക്കുമ്പോൾ അധിക ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. നിലവിലുള്ള ജീവനക്കാരെ സർക്കാർ സർവീസിലെടുക്കുമ്പോൾ അവരുടെ സീനിയോറിറ്റി കണക്കിലെടുക്കേണ്ടിവരുമെന്നതും പ്രശ്‌നമാണ്. പരിയാരത്ത് നിലവിലുള്ള ജീവനക്കാരുടെ സർവീസ് ദൈർഘ്യവും ശമ്പളവും മറ്റ് സർക്കാർ മെഡിക്കൽ കോളേജിലുള്ളതിനേക്കാൾ കൂടുതലാണ്. ഇതുകൊണ്ടുതന്നെ അധിക ജീവനക്കാരെ ഒഴിപ്പിക്കലല്ലാതെ സർക്കാറിന് മറ്റ് വഴിയില്ലാതെവരും. സർക്കാർ ഏറ്റെടുത്ത് അധിക ജീവനക്കാരെ ഒഴിവാക്കുകയാണെങ്കിൽ അത് വൻ പ്രതിഷേധത്തിന് കാരണമാകും.

കാര്യങ്ങൾ സങ്കീർണമായതിനാലാണ് സർക്കാർമേഖല സാധ്യമല്ലെന്ന വിലയിരുത്തൽ ശക്തമാവുന്നത്. ഒന്നുകിൽ സഹകരണമേഖലയിൽത്തന്നെ തുടരാനനുവദിക്കുക, അല്ലെങ്കിൽ സർക്കാർമേഖലയിൽ തിരുവനന്തപുരം 'ശ്രീചിത്ര' പോലെ സ്വയംഭരണാവകാശമുള്ള സ്ഥാപനമായി നിലനിർത്തുക എന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ ഗ്രാന്റ് നൽകി കടബാധ്യതകൾ തീർപ്പാക്കാൻ സഹായിക്കുകയും ചെയ്യും. അതിനിടെ സിഎംപി നേതൃത്വത്തിന്റെ ഇടപെടലാണ് സർക്കാരിന്റെ മെല്ലപ്പോക്കിന് കാരണമെന്നും സൂചനയുണ്ട്. സിഎംപിയിലെ സിപി ജോൺ വിഭാഗമാണ് ഇതിന് പിന്നിൽ. തെരഞ്ഞെടുപ്പിലൂടെ പരിയാരം മെഡിക്കൽ കോളേജിനെ സ്വന്തമാക്കി എം വി രാഘവന്റെ സ്മാരകമാക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP