Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഹറായി നൽകിയത് വാച്ചും കവിതയും; ഒരു തരി പൊന്ന് ധരിക്കാതെ വധു; കൊട്ടും കുരവയുമിട്ട അത്യാഢംബര കല്യാണങ്ങൾക്കിടയിൽ മാതൃക തീർത്ത് സിപിഐ(എം) നേതാവ് പി കെ സൈനബയുടെ മകളുടെ വിവാഹം

മെഹറായി നൽകിയത് വാച്ചും കവിതയും; ഒരു തരി പൊന്ന് ധരിക്കാതെ വധു; കൊട്ടും കുരവയുമിട്ട അത്യാഢംബര കല്യാണങ്ങൾക്കിടയിൽ മാതൃക തീർത്ത് സിപിഐ(എം) നേതാവ് പി കെ സൈനബയുടെ മകളുടെ വിവാഹം

നിലമ്പൂർ: പെണ്ണായാൽ പൊന്നുവേണമെന്നും പൊന്നുംകുടമാകണമെന്നും മറ്റുമുള്ള പരമ്പരാഗത സങ്കല്പത്തിൽ നിന്നും മാറി മനസ് തൊട്ട ഒരു വിവാഹമാണ് നിലമ്പൂരിൽ നടന്നത്. പൊന്നിന്റെ  ഒരു തരിയില്ലാതെ  കതിർമണ്ഡപത്തിൽ എത്തിയ വധു വിവാഹത്തിനെത്തിയവർക്ക് ഒരു അത്ഭുതമായി മാറി. അതേസമയം മെഹറായി വരൻ വധുവിന് നൽകിയതാകട്ടെ വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ 20 പ്രണയ കവിതകളുടെ സമാഹാരവും ഒരു വാച്ചും. നിലമ്പൂർ കോടതിപ്പടിയിലെ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന നിക്കാഹും വിവാഹസത്ക്കാരവുമാണ് പൊന്നിന്റെ അകമ്പടിയില്ലാതിരുന്നതു കൊണ്ട് ശ്രദ്ധേയമായത്.

സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. സൈനബയുടെയും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി ബഷീർ ചുങ്കത്തറയുടെയും മകൾ പാഷിയയുടെയും ഇൻകം ടാക്‌സ് ഓഫിസറും കോഴിക്കോട് ചേളന്നൂർ സ്വദേശിയുമായ കെ. അബ്ദുൽ ഖാദറിന്റെയും ഒഫ്താൽമോളജിസ്റ്റ് നസീമയുടെയും മകൻ നിഖിലിന്റെയും വിവാഹമാണ് അത്യാഢംബര വിവാഹങ്ങൾക്കിടയിൽ വേറിട്ടതായി മാറിയത്.
കണ്ടുനിന്നവരുടെയെല്ലാം മനസ്സ് കുളിർപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചടങ്ങിൽ അരീക്കോട്ടെ അത്തിക്കായി മുഹമ്മദ് മൗലവി നിക്കാഹിന് നേതൃത്വം നൽകി. മധുര കാമരാജ് യൂനിവേഴ്‌സിറ്റിയിൽ എംഫിൽ വിദ്യാർത്ഥിനിയാണ് പായിഷ. ബംഗഌരുവിൽ എൻജിനീയറാണ് വരൻ നിഖിൽ.

പായിഷ ഇന്നുവരെ സ്വർണാഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. സ്വർണത്തോട് ഭ്രമവുമില്ല. ആ പതിവ് വിവാഹത്തിലും തെറ്റിക്കാൻ പായിഷ തയ്യാറായില്ല. വരനും കുടുംബവുമാകട്ടെ മണവാട്ടിയുടെ സങ്കൽപ്പങ്ങൾക്കു നൂറിൽ നൂറുമാർക്ക് നൽകുകി. ഒരു തരി പൊന്നുപോലും അണിയാതെ ലളിതമായ വസ്ത്രവുമായി മണവാട്ടി കല്യാണപന്തലിലെത്തിയപ്പോൾ കണ്ടുനിന്നവരും അമ്പരന്നു. ഒപ്പം അവരുടെ മനസ്സ് ഒരായിരം തവണ സന്തോഷിച്ചു.
1988- ലായിരുന്നു പി കെ സൈനബയുടെ വിവാഹം. അന്ന് വിശുദ്ധ ഖുർആൻ മലയാള പരിഭാഷയും ഇ എം എസിന്റെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം എന്ന പുസ്തകവുമായിരുന്നു വരൻ ബഷീർ ചുങ്കത്തറ മഹറായി നൽകിയത്. അന്ന് നിക്കാഹിന് നേതൃത്വം നൽകിയ അരീക്കോട്ടെ മുഹമ്മദ് മൗലവി തന്നെ മകളുടെ വിവാഹത്തിനും കാർമികത്വം വഹിക്കാനെത്തിയെന്നതും യാദൃച്ഛികം മാത്രം.

രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ വിവാഹ മംഗളം നേരാനെത്തിയിരുന്നു. സ്വർണാഭരണത്തിന് ഭ്രഷ്ട് കൽപ്പിച്ച മണവാട്ടിയെയും വരനെയും ചടങ്ങിനെത്തിയവരെല്ലാം അഭിനന്ദിച്ചു. അനുകരണീയമായ ഈ മാതൃക കേരളീയർ ഒരു പാഠമാക്കിയെങ്കിൽ എന്നായിരുന്നു പലരുടെയും കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP