Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാത്രക്കുളം കൈയേറ്റ ഭൂമിയല്ല; പത്മതീർത്ഥത്തിലെ അധിക ജലസംഭരണത്തിന് മറ്റൊരു കുളവും വേണ്ട; പുറമ്പോക്കിലെ സ്ഥലം ഞങ്ങളുടേത് തന്നെ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലപാടുകൾ തള്ളി വിദ്യാധിരാജ സഭ

പാത്രക്കുളം കൈയേറ്റ ഭൂമിയല്ല; പത്മതീർത്ഥത്തിലെ അധിക ജലസംഭരണത്തിന് മറ്റൊരു കുളവും വേണ്ട; പുറമ്പോക്കിലെ സ്ഥലം ഞങ്ങളുടേത് തന്നെ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലപാടുകൾ തള്ളി വിദ്യാധിരാജ സഭ

ന്യൂഡൽഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം പുനഃസ്ഥാപിക്കണമെന്ന ശുപാർശയ്‌ക്കെതിരെ തീർത്ഥപാദ മണ്ഡപം സ്ഥിതി ചെയ്യുന്ന വിദ്യാധിരാജ സഭ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. പാത്രക്കുളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ സമിതി നേരത്തെ ശുപാർശയിൽ പറയുന്നത് ശരിയല്ലെന്നാണ് വിദ്യാധിരാജ സഭ വിശദീകരിക്കുന്നത്.

പത്മതീർത്ഥം സംരക്ഷിക്കുന്നതിന് പാത്രക്കുളം അനിവാര്യമാണെന്നും പാത്രക്കുളം പുനഃസ്ഥാപിക്കണമെന്നും വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. പാത്രക്കുളം നിന്ന സ്ഥലം കൈയേറിയ സഭ അവിടെ തീർത്ഥപാദ മണ്ഡപവും അനുബന്ധ സ്ഥാപനങ്ങളും നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു. സഭ നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നാണ് ഭരണസമിതി അദ്ധ്യക്ഷയായ ജില്ലാ ജഡ്ജി കെ.പി. ഇന്ദിരയുടെ റിപ്പോർട്ടിലെ ആവശ്യം. ഇതിനെതിരെയാണ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

പാത്രക്കുളത്തിന് ക്ഷേത്രവുമായി ബന്ധമില്ലെന്നും പുറമ്പോക്ക് ഭൂമിയിലാണ് കുളം നിലനിന്നിരുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 1976ൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് സ്ഥലം അനുവദിച്ചത്. അതിനുള്ള തുകയും സർക്കാരിലേക്ക് അടച്ചിരുന്നു.
പത്മതീർത്ഥം വൃത്തിയാക്കുന്നതിന് പാത്രക്കുളം ആവശ്യമാണെന്ന വാദവും സഭ എതിർത്തു. പത്മതീർത്ഥത്തിലെ അധികജലം സംഭരിക്കാൻ പാത്രക്കുളം ആവശ്യമില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ കുളം വറ്റിച്ചപ്പോൾ വ്യക്തമായതാണെന്നും വിശദീകരിക്കുന്നു.

ക്ഷേത്രാചാരത്തിൽ നിർണായകമായ പാത്രക്കുളം തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നായാരുന്നു ഭരണസമിതി അധ്യക്ഷ കെ.പി ഇന്ദിര സുപ്രിംകോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചട്ടമ്പിസ്വാമികളുടെ ഓർമയ്ക്കായി നിർമ്മിച്ച തീർത്ഥപാദ മണ്ഡപം കാംപസ് നിലനിൽക്കുന്ന സ്ഥലവുമായി (മുൻ പാത്രക്കുളം) ബന്ധപ്പെട്ട കേസ് നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

1976ൽ സെന്റിന് 750 രൂപ നിരക്കിലാണ് സഭയ്ക്ക് സ്ഥലം നൽകിയതെന്ന് സത്യവാങ്മൂലം പറയുന്നു. പകുതി തുക മാത്രമേ സഭ ഇതേവരെ നൽകിയിട്ടുള്ളൂ. ബാക്കി തുക നൽകാതിരുന്ന സഭ, കുളം നിയമവിരുദ്ധമായി നികത്തിയെന്നും സർക്കാരും കോടതിയെ അറിയിച്ചു. ഈ നടപടികൾക്കെതിരേ വിജിലൻസ് അന്വേഷണം നടത്തി. സഭയ്‌ക്കെതിരേ നിയമനടപടി വേണമെന്നായിരുന്നു ശുപാർശ. തുടർന്ന് 2007ൽ ഭൂമി തിരികെപ്പിടിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

ഇതേത്തുടർന്ന് ഹൈക്കോടതിയിൽ ഒരു കേസുണ്ട്. ഇത് അതിവേഗം തീർപ്പാക്കാൻ ഉത്തരവിടണമെന്നാണ് സർക്കാർ സുപ്രിംകോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുപ്പടികൾ കഴുകാനാണ് കുളം ഉപയോഗിച്ചിരുന്നതെന്ന് സഭയുടെ സത്യവാങ്മൂലം തന്നെ പറയുന്നുണ്ട്. കുളം ഇല്ലാതായത് ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചെന്നു വ്യക്തമാക്കുന്നതാണിത്. ചട്ടമ്പിസ്വാമികൾക്ക് സ്മാരകം പണിയാൻ വേണ്ട സ്ഥലത്തേക്കാൾ കൂടുതൽ സ്ഥലം മണ്ണിട്ടുമൂടിയെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP