Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയിടത്തെ ദമ്പതിമാരെ കൊന്ന അരുൺ ജാമ്യത്തിലിറങ്ങി മുങ്ങി; ഒരു മാസമായിട്ടും കൊലയാളി എവിടെ എന്നറിയാതെ പൊലീസ്; സാക്ഷികളും അടുത്ത ബന്ധുക്കളും ഭീതിയിൽ

പഴയിടത്തെ ദമ്പതിമാരെ കൊന്ന അരുൺ ജാമ്യത്തിലിറങ്ങി മുങ്ങി; ഒരു മാസമായിട്ടും കൊലയാളി എവിടെ എന്നറിയാതെ പൊലീസ്; സാക്ഷികളും അടുത്ത ബന്ധുക്കളും ഭീതിയിൽ

കോട്ടയം: പഴയിടത്തു ദമ്പതിമാരെ കൊന്ന കേസിൽ പ്രതിയായ അരുൺ ജാമ്യത്തിലിറങ്ങി മുങ്ങിയിട്ടും പൊലീസിന് വിവരമില്ല. ഒരു മാസത്തിലേറെയായി ഇയാൾ മുങ്ങിയിട്ട്. പൊലീസു പോലും ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലാതെ ഉഴലുമ്പോൾ ഭീതിയോടെ കഴിയുകയാണ് ദമ്പതിമാരുടെ രണ്ടു പെൺമക്കൾ. കേസിലെ സാക്ഷികളാണ് ഇവർ.

ഏറെ കോളിളക്കം സൃഷ്ടിച്ച പഴയിടം കൊലക്കേസ് നടന്നിട്ട് രണ്ടു വർഷം പിന്നിട്ടു. പ്രതിയായ മണിമല പഴയിടം ചൂരപ്പാടിയിൽ അരുൺ ശശിയാണ് മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയത്.

ദമ്പതിമാരുടെ ഇളയ മകളുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ ഇവർ കുട്ടികളുമായാണ് താമസം. സുരക്ഷയെക്കുറിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ 8 ന് രോഗബാധിതയായിരുന്ന അരുൺ ശശിയുടെ അമ്മ മരിച്ചപ്പോഴും 19 ന് അസ്ഥി നിമജ്ജനംചെയ്തപ്പോഴും അരുൺ ശശി എത്തിയിരുന്നില്ലെന്ന് ഇവർ പറയുന്നു.

2013 ഓഗസ്റ്റ് 28നാണ് മണിമലയ്ക്കുസമീപം പഴയിടത്ത് വയോധിക ദമ്പതിമാരായ റിട്ട.പി.ഡബ്ല്യു.ഡി. സൂപ്രണ്ട് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ (75), ഭാര്യ റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവംനടന്ന് ആഴ്ചകൾക്കുള്ളിൽത്തന്നെ ബന്ധുവായ അരുൺ ശശിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

പഴയിടം ഷാപ്പിന് എതിർവശത്തുള്ള ഇരുനില വീടിന്റെ താഴത്തെനിലയിൽ കോണിപ്പടിയോട് ചേർന്നാണ് വയോധിക ദമ്പതിമാരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. തലയ്ക്കുപിറകിൽ ചുറ്റികകൊണ്ട് അടിച്ച് മുറിവേൽപ്പിച്ചതിനുശേഷം മുഖത്ത് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ അരുൺശശി, വസ്ത്രം എടുക്കുന്നതിനായി തങ്കമ്മ മുകൾനിലയിലേക്ക് പോയ സമയത്ത് ടി.വി.കാണുകയായിരുന്ന ഭാസ്‌കരൻ നായരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ശബ്ദം കേട്ടിറങ്ങി വന്ന തങ്കമ്മയെയും അക്രമി വകവരുത്തി. സംഭവത്തിനുപിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വാക്കത്തിയും കോടാലിക്കൈയും സംഭവസ്ഥലത്ത് ഉപേക്ഷിച്ച പ്രതി കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക ഒളിപ്പിക്കുകയും ചെയ്തു.

അന്വേഷണം മുറുകുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അരുൺ ശശി പൊലീസിന്റെ പിടിയിലായതാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. പിടിയിലായ അരുൺ കൊല്ലപ്പെട്ട വയോധികദമ്പതിമാരുടെ അടുത്ത ബന്ധുവാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വാഹന ഇടപാട് സംബന്ധിച്ച് ബാദ്ധ്യത തീർക്കുന്നതിനായാണ് അരുംകൊലയ്ക്ക് അരുൺ മുതിർന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിലേക്കുള്ള ടെലിഫോൺ ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇയാൾ അകത്തു കടന്നത്.

വീടിന്റെ രണ്ടാം നിലയിൽനിന്ന് ഊരിമാറ്റിയ ബൾബിൽനിന്ന് മാത്രമാണ് പ്രതിയുടെ വിരലടയാളം കൃത്യമായി ലഭിച്ചത്.
അരുണിനെ പഴയിടത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു.

കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ മണിമല സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, അരുൺശശിക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണസംഘത്തിന് സാധിക്കാത്തത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ തടസ്സമാകുകയായിരുന്നു. കുറ്റകൃത്യം നടന്ന് ഒൻപതുമാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ ദമ്പതികൊലക്കേസിൽ അരുൺശശിക്ക് ജാമ്യം ലഭിച്ചിരുന്നു.അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിയമം. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തപക്ഷം കുറ്റാരോപിതനായ ആൾക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കണമെന്ന നിയമത്തിന്റെ പിൻബലത്തിലാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്ത പൊലീസിന്റെ നടപടി കടുത്ത വിമർശത്തിന് കാരണമായിരുന്നു. കുറ്റപത്രത്തിന്റെ അഭാവത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കപ്പെട്ടത് കേസിന്റെ തുടർനടപടികളിൽ പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുള്ളതായി നിയമവിദഗ്ദ്ധർ പറയുന്നു. എന്തായാലും ഇപ്പോൾ ഇയാളെക്കുറിച്ചു വിവരമൊന്നും പൊലീസിന് ഇല്ലെന്നതാണ് സാക്ഷികളെയും ബന്ധുക്കളെയും ആശങ്കയിലാഴ്‌ത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP