Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോടാന്നു പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല; വേറാരെങ്കിലുമാണെങ്കിൽ അവന്റെ തലക്കിട്ട് കൊടുക്കുമെന്നാ തോന്നുന്നേ എന്ന് പിസി ജോർജ്ജ്; എംഎൽഎ ഹോസ്റ്റലിലെ തല്ലിൽ ഗൂഢാലോചനാ വാദം തള്ളി മ്യൂസിയം പൊലീസും; പൂഞ്ഞാർ എംഎൽഎയുടെ കാന്റീൻ പൂട്ടണമെന്ന പരാതി സ്പീക്കറുടെ പരിഗണനയിൽ

പോടാന്നു പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല; വേറാരെങ്കിലുമാണെങ്കിൽ അവന്റെ തലക്കിട്ട് കൊടുക്കുമെന്നാ തോന്നുന്നേ എന്ന് പിസി ജോർജ്ജ്; എംഎൽഎ ഹോസ്റ്റലിലെ തല്ലിൽ ഗൂഢാലോചനാ വാദം തള്ളി മ്യൂസിയം പൊലീസും; പൂഞ്ഞാർ എംഎൽഎയുടെ കാന്റീൻ പൂട്ടണമെന്ന പരാതി സ്പീക്കറുടെ പരിഗണനയിൽ

തിരുവനന്തപുരം: കുടുംബശ്രീ കന്റീൻ ജീവനക്കാരൻ മനുവിനെ മർദിച്ചെന്ന പരാതിയിൽ പി.സി.ജോർജ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി. എംഎൽഎയുടെ പിഎ സണ്ണിക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്. സംഘം ചേർന്നു മർദിക്കുക, അസഭ്യം പറയുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, കാന്റീനിലെ സർവീസിനെതിരെ പി.സി.ജോർജ് സ്പീക്കർക്കു പരാതി നൽകി. ഭക്ഷണം മുറിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ വൈകിയതിന് മുഖത്തടിച്ചു എന്നാണ് പരാതി. എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ കാന്റീൻ ജീവനക്കാരൻ മനുവിനാണ് മർദനമേറ്റത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.

അതിനിടെ പി.സി.ജോർജ് മർദിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമനടപടിയുമായി ജീവനക്കാരനു മുന്നോട്ടുപോകാം. അതിനെ തടസ്സപ്പെടുത്തുകയോ ഇടപെടുകയോ ചെയ്യില്ല. കന്റീൻ നടത്തിപ്പിനെക്കുറിച്ച് ജോർജ് പരാതി നൽകിയിട്ടുണ്ട്. അത് അന്വേഷിച്ചു നടപടിയെടുക്കുമെന്നും സ്പീക്കർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊണ് എത്തിക്കാൻ വൈകിയതിനെ തുടർന്ന് പി.സി.ജോർജും പിഎയും ചേർന്ന് ജീവനക്കാരനെ മർദിക്കുകയായിരുന്നു. കണ്ണിനും ചുണ്ടിനും പരുക്കേറ്റ മനു ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ആരെയും തല്ലിയിട്ടില്ലെന്ന് ജോർജ് പറഞ്ഞു. തനിക്കെതിരെയുള്ളത് ഗൂഢാലോചനയാണെന്നും മനുവിന്റെ ഫോൺ കോൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എംഎൽഎ ഹോസ്റ്റലിലെ മുറിയിലേക്കു ഭക്ഷണമെത്തിക്കാൻ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്ന് എത്തിക്കാനായില്ല. ആവശ്യപ്പെട്ട് ഇരുപതുമിനുട്ടോളം കഴിഞ്ഞപ്പോൾ ഭക്ഷണവുമായി മുറിയിലെത്തിയ മനുവിനെ ജോർജും സഹായി സണ്ണിയും ചേർന്നു മർദിച്ചു എന്നാണ് യുവാവ് പറഞ്ഞത്. ജോർജിന്റെ അടിയേറ്റു മനുവിന്റെ മുഖത്തു മുറിവുണ്ടായിട്ടുണ്ട്. ജോർജിനെതിരേ സ്പീക്കർക്കു പരാതി നൽകുമെന്നു മനു പറഞ്ഞു. വട്ടിയൂർക്കാവ് സ്വദേശി മനുവിന്റെ കണ്ണിനും ചുണ്ടിനും പരുക്കേറ്റു. മനു മുറിയിലെത്തും മുമ്പു ഭക്ഷണം വൈകിയെന്നു പറഞ്ഞു കുടുംബശ്രീ കാന്റീനിൽ വിളിച്ചു വനിതാ ജീവനക്കാരെ ജോർജ് ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ട്. എന്നാൽ, ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് ഇതെന്ന് ജോർജ്ജ് പറഞ്ഞു. 40 മിനിറ്റ് വൈകിയാണ് ഊണ് കൊണ്ടുവന്നത്. ഊണു കൊണ്ടുവന്നപ്പോൽ എന്താ ഇത്ര വൈകിയതെന്ന് ചോദിച്ചു. അൽപ്പം കടുപ്പിച്ചു തന്നെയാണ് ചോദിച്ചത്. സംഭവത്തെ കുറിച്ച് പി സി ജോർജ്ജ് പറയുന്നത് ഇങ്ങനെ:

'ഞാൻ 1.25ന് എംഎൽഎ ക്വട്ടേഴ്സിൽ വന്നു. ഹോസ്റ്റലിലെ വനിതാ കാന്റീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു. 2.10ആയിട്ടും ഊണു കൊണ്ടുവന്നില്ല, മൂന്ന് നാല് തവണ വിളിച്ചു. ഭക്ഷണം കൊടുത്തു വിടാത്തത് എന്താണെന്ന് പറഞ്ഞു. എന്നാൽ, 20 മിനിറ്റ് മുമ്പ് കൊടുത്തുവിട്ടെന്ന് താമസിച്ചതാണ് ക്ഷമിക്കണം എന്നാണ് അവര് പറഞ്ഞത്. ഞാൻ ഫോൺ വച്ചപ്പോഴേക്കും ഊണുമായി ആ യുവാവ് എത്തി. ഞാൻ ചോദിച്ചു നീ എന്നാടാ ഇത്ര വൈകിയതെന്ന്.. അൽപ്പം കുടുപ്പിച്ചാ ചോദിച്ചേ, അവൻ മുഖത്തു നോക്കി, ചെകുത്താനെ പോലെ തുറിച്ചു നോക്കി-ജോർജ് പറയുന്നു.

എന്നാൽ, ഞാൻ മിണ്ടാൻ പോയില്ല. ഇവനോട് മിണ്ടീട്ട് കാര്യമില്ല, ഒരു വളരെ മോശം പയ്യൻ, ഞാൻ മിണ്ടാൻ പോയുമില്ല. ചോറു കൊണ്ടുവരാൻ പറഞ്ഞു. ഇവൻ ചോറു കൊണ്ടുവന്ന് മുറിയുടെ വശത്തു ഡൈംനിങ് ഹാളുണ്ട്. അവിടെ കൊണ്ടുപോയി ചോറേല്ലാം കൂടി വച്ചേച്ച് ഇറങ്ങിപ്പോയി. ഞാൻ ചെന്നു നോക്കുമ്പോ നാല് പേർക്കുള്ള ഊണ് അവിടെ വച്ചേക്കൂവാ.. ഒരു ചോറ് തന്നാപ്പോരെ.. ഇവൻ മിണ്ടാതെ മാറി നിൽക്കുവാ.. തുടർന്നാണ് അൽപ്പം കടുപ്പിച്ച് പറഞ്ഞത്.. പോടാന്നു പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. വേറാരെങ്കിലുമാണെങ്കിൽ അവന്റെ തലക്കിട്ട് കൊടുക്കുമെന്നാ തോന്നുന്നേ''-ജോർജ് വിശദീകരിച്ചു.

അതേസമയം എംഎൽഎ മർദ്ദിച്ചെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്ന മനു ആശുപത്രിയിൽ പോയ ശേഷം സ്പീക്കർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. സംഭവത്തിന് സാക്ഷികളായി എംഎൽഎയുടെ സഹായികളേ അവിടെ ഉണ്ടായിരുന്നുള്ള എന്നാണ് മനു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP