Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീയോടൊപ്പം നിർത്തി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘം അറസ്റ്റിൽ

സ്ത്രീയോടൊപ്പം നിർത്തി ചിത്രമെടുത്ത്  പണംതട്ടുന്ന ഏഴംഗസംഘം അറസ്റ്റിൽ

പെരിന്തൽമണ്ണ: ഫോൺവഴി പരിചയപ്പെടുന്നവരെ വിജനമായ സ്ഥലത്തെത്തിച്ച് സ്ത്രീയോടൊപ്പം വിവസ്ത്രരാക്കി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ.
ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീർ(24), പയംകുളത്ത് സുധീഷ്(35), കോട്ടത്തൊടി അബ്ദുൾ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചർപള്ളിയാലിൽ യാസിർ(24), പട്ടുക്കുത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശി പിച്ചന്മഠത്തിൽ റയ(26) എന്നിവരെയാണ് പെരിന്തൽമണ്ണയിലും പരിസരങ്ങളിൽനിന്നുമായി അറസ്റ്റുചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 23ന് വടക്കാങ്ങര സ്വദേശിയായ യുവാവിനെ കോഴിഫാമിൽ പങ്കാളിയാക്കാമെന്നും ഫാം കാണിച്ചുതരാമെന്നും പറഞ്ഞ് ചെറുകരയിലുള്ള സ്ഥലത്തുകൊണ്ടുപോയി മർദ്ദിച്ച് കാറും റാഡോവാച്ചും കവർന്നു. കൂടാതെ പെരിന്തൽമണ്ണയിൽനിന്ന് മുദ്രപ്പത്രം വാങ്ങി അതിൽ ഒപ്പുവപ്പിച്ചു.
തുടർന്ന് ആറുലക്ഷം രൂപ തന്നില്ലെങ്കിൽ മൊബൈൽ ഫോണിലെടുത്ത ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
റയയുടെ മൊബൈൽഫോൺ വഴി പരിചയപ്പെടുന്നയാളുകളെ ബിസിനസ്സിൽ പണമിറക്കി പങ്കാളിയാക്കാമെന്ന് പറയും. കൂടാതെ വിൽപ്പനയ്ക്ക് സ്ഥലമുണ്ടെന്നും അതുകാണിച്ചുതരാമെന്നും പറഞ്ഞ് അലിഗഢ് കേന്ദ്രത്തിനടുത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരും. മുൻകൂട്ടി തയ്യാറായിനിൽക്കുന്ന സംഘത്തിലെ മറ്റുള്ളവർ നാട്ടുകാരെന്ന വ്യാജേന അതേസമയത്ത് ഇവിടെയെത്തും.
റയയുടെ കൂടെ വിവസ്ത്രരാക്കി നിർത്തി മൊബൈൽഫോണിൽ ചിത്രവും വീഡിയോയുമെടുക്കും. തുടർന്ന് ഇവ പൊതുമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. വഴങ്ങാത്തവരെ മർദ്ദിച്ച് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കും. ഇവരുടെ മൊബൈലും സിംകാർഡും വാങ്ങിയശേഷമാണ് വിട്ടയക്കുകയെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കൂടുതൽ ചോദ്യംചെയ്തതിൽ ഇത്തരത്തിൽ ഒട്ടേറെയാളുകളുടെ പണവും സ്വർണവും കവർച്ച ചെയ്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പലരിൽനിന്നായി അഞ്ചുലക്ഷത്തോളം രൂപയും ആഭരണങ്ങളും കവർന്നിട്ടുണ്ട്. മാനക്കേട് ഭയന്ന് ആരും പരാതിപ്പെടാത്തത് പ്രതികൾക്ക് കൂടുതൽ സഹായകമാവുന്നതായി പൊലീസ് പറയുന്നു. എ.എസ്‌പി. സുജിത്ദാസ്, ഡിവൈ.എസ്‌പി. സുരേഷ്‌കുമാർ, സിഐ സാജു കെ.അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP