Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ പരാതിയുമായി കേരളം മുഴുവൻ സിപിഎമ്മുകാർ; കുറ്റം ചുമത്താൻ വകുപ്പില്ലാതിരുന്നിട്ടും കേസ് എടുത്ത് പൊലീസ്; തിരുവനന്തപുരത്ത് 17കാരനെ അറസ്റ്റ് ചെയ്തും കൽപ്പറ്റയിൽ അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തതും നിയമവിരുദ്ധമായി

മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ പരാതിയുമായി കേരളം മുഴുവൻ സിപിഎമ്മുകാർ; കുറ്റം ചുമത്താൻ വകുപ്പില്ലാതിരുന്നിട്ടും കേസ് എടുത്ത് പൊലീസ്; തിരുവനന്തപുരത്ത് 17കാരനെ അറസ്റ്റ് ചെയ്തും കൽപ്പറ്റയിൽ അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തതും നിയമവിരുദ്ധമായി

കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് അദ്ധ്യാപകനും സെറ്റോ വയനാട് ജില്ലാ കൺവീനറുമായ ഷാജു ജോണിനെ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ്‌ െലെക്കും ഷെയറും ചെയ്തെന്ന ആരോപണത്തെത്തുടർന്നാണ് ഇത്. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ പോസ്റ്റിട്ട പതിനേഴുകാരൻ അറസ്റ്റിലായിരുന്നു. വിതുര മലയടി സ്വദേശിയാണ് വിതുര പൊലീസിന്റെ പിടിയിലായത്.

ഐ ടി നിയമത്തിലെ വിവാദ വകുപ്പായ 66(എ) നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യവും ഉണ്ട്. ഇതെല്ലാം മുഖവിലയ്‌ക്കെടുക്കാതെയാണ് നടപടികൾ. നേരത്തെ സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ നയങ്ങളെ സോഷ്യൽ മീഡിയയിൽ വിമർശിക്കരുതെന്ന് ഉത്തരവിറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമർശിച്ചവർക്കെതിരെയെല്ലാം പരാതി പൊലീസ് സ്‌റ്റേഷനിലെത്തുകയാണ്. ഇത്തരം പരാതികളിൽ ഉടൻ കേസുമെടുക്കും. പതിനേഴുകാരന്റെ അറസ്റ്റിലും അദ്ധ്യാപകന്റെ സസ്‌പെൻഷനിലും നിറയുന്നതും ഇതു തന്നെയാണ്. സി.പി.എം അണികളാണ് പരാതികളുമായി എത്തുന്നത്.

അതിനിടെ തന്നെ സസ്‌പെന്റ് ചെയ്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് അദ്ധ്യാപകൻ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് പരാതി നൽകി. യു.ഡി.എഫ്. അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഷാജു. അദ്ധ്യാപകൻ ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരായി സഭ്യമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നാണ് വകുപ്പുതല കുറ്റാരോപണം. ഇതിന്റെ പേരിൽ ഇദ്ദേഹത്തെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിൽ തൃപ്തനാകാതെയാണ് ഡി.പി.ഐ. സസ്പെൻഡ് ചെയ്തത്. പ്രാദേശിക സി.പി.എം. നേതൃത്വം ഇതുസംബന്ധിച്ചു മന്ത്രിമാർക്കും പൊലീസിനും പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച പൊലീസ്, വകുപ്പുതല നടപടിക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറുകയായിരുന്നു.

ഇതു സംബന്ധിച്ച് അദ്ധ്യാപകൻ വിവരാവകാശനിയമം പ്രകാരം നൽകിയ അപേക്ഷയ്ക്ക് പരാതി സംബന്ധിച്ച ഫയൽ ക്ലോസ് ചെയ്തുവെന്നും തുടർനടപടി ഇല്ലെന്നും സൂചിപ്പിച്ച് ഡിവൈ.എസ്‌പി. മറുപടി നൽകിയിട്ടുണ്ട്. മനഃപൂർവമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ധ്യാപകൻ വിശദീകരണം നൽകിയതെന്നും അദ്ദേഹം സ്‌കൂളിലെ മികച്ച അദ്ധ്യാപകനാണെന്നും ഇതുവരെ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും ഡി.ഡി.ഇയ്ക്ക് നൽകിയ റിപ്പോർട്ടിൽ പ്രധാനാധ്യാപിക സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് തരിയോട് ജി.യു.പി. സ്‌കൂളിലേക്ക് ഷാജുജോണിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ, സി.പി.എം. അനുകൂല അദ്ധ്യാപക സംഘടനയും കടുത്ത സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. കഴിഞ്ഞ 21ന് ഡി.ഡി.ഇയുമായി ഡി.പി.ഐ. നടത്തിയ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ചർച്ചാവിഷയമായി.

അദ്ധ്യാപകനെതിരായ പരാതിയിൽ സ്ഥലംമാറ്റത്തിന് ഉത്തരവിട്ടുവെന്ന് ഡി.ഡി.ഇ. മറുപടി പറഞ്ഞുവെങ്കിലും പൊതു വിദ്യാഭ്യാസ ഡയറക്ടർ തൃപ്തനായില്ല. ഉടൻ തന്നെ ഇതുസംബന്ധിച്ച ഫയൽ അയച്ചുതരാൻ അദ്ദേഹം ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം സസ്പെൻഷൻ ഉത്തരവും ഇറക്കി. ഒരേസമയം രണ്ടു ശിക്ഷാനടപടി സ്വീകരിച്ചതാണു ഷാജുജോൺ ട്രിബ്യൂണലിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഇടത് അദ്ധ്യാപക സംഘടനയിലെ ചില നേതാക്കളാണ് തനിക്കെതിരേ കരുക്കൾ നീക്കിയതെന്നാണ് അദ്ധ്യാപകന്റെ ആരോപണം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിരവധി ഇടതുഅദ്ധ്യാപക സംഘടനാ നേതാക്കൾ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സ്വന്തമായി പോസ്റ്റുകൾ ഇട്ടിരുന്നു. പക്ഷേ, അന്നു നടപടി ഉണ്ടായില്ല. താൻ സ്വന്തമായി പോസ്റ്റുകൾ ഇട്ടിട്ടില്ലെന്നും വിദ്യാർത്ഥികൾ കമ്പ്യൂട്ടർ ഉപയോഗിച്ചപ്പോൾ പോസ്റ്റുകളിൽ ലൈക്ക് രേഖപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും ഷാജു ജോൺ പറയുന്നു.

വിതുര മലയടി സ്വദേശിയായ പതിനേഴുകാരന്റെ ഫെയ്‌സ് ബുക്കിൽ കഴിഞ്ഞമാസമാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾക്കുനേരേ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെപ്പറ്റിയായിരുന്നു പോസ്റ്റിലെ പരാമർശം. ഇതിൽ മുഖ്യമന്ത്രിയെ മാത്രമല്ല, കുടുംബാംഗങ്ങളെയും മോശമായി പരാമർശിച്ചിരുന്നു. പോസ്റ്റ് പ്രചാരത്തിലായതോടെ തൊളിക്കോട് സ്വദേശിയും ഡിവൈഎഫ്ഐ. പ്രവർത്തകനുമായ റാഷിദ് വിതുര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാലോട് സിഐ മനോജ്, വിതുര എസ്.ഐ. മണികണ്ഠൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റിയുള്ള സൂചനകൾ ലഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP