Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴ വാങ്ങാൻ കോളേജുകൾക്ക് ഒത്താശ ചെയ്തു കൊടുത്തതു യുഡിഎഫ് സർക്കാർ; കോഴ വാങ്ങൽ അവസാനിച്ചതിൽ അസ്വസ്ഥരായവർക്കു വേണ്ടിയാണു സമരം; കുറഞ്ഞ ചെലവിൽ കൂടുതൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കു പഠിക്കാൻ അവസരം ലഭിക്കുന്നതിൽ എന്തിനാണ് അസ്വസ്ഥത: യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

കോഴ വാങ്ങാൻ കോളേജുകൾക്ക് ഒത്താശ ചെയ്തു കൊടുത്തതു യുഡിഎഫ് സർക്കാർ; കോഴ വാങ്ങൽ അവസാനിച്ചതിൽ അസ്വസ്ഥരായവർക്കു വേണ്ടിയാണു സമരം; കുറഞ്ഞ ചെലവിൽ കൂടുതൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കു പഠിക്കാൻ അവസരം ലഭിക്കുന്നതിൽ എന്തിനാണ് അസ്വസ്ഥത: യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോഴ വാങ്ങാൻ കോളേജുകൾക്ക് ഒത്താശ ചെയ്തു കൊടുത്തതു യുഡിഎഫ് സർക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴ വാങ്ങൽ അവസാനിച്ചതിൽ അസ്വസ്ഥരായവർക്കു വേണ്ടിയാണു സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ പ്രശ്‌നത്തിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസുകാർക്കെതിരെ തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കഴിഞ്ഞ അഞ്ചുവർഷക്കാലം സ്വാശ്രയ പ്രതിനിധികളുടെ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. ഇഷ്ടം പോലെ കോഴ വാങ്ങാൻ കേരളത്തിൽ അവസരം ഉണ്ടായിരുന്നു. ഇപ്പോൾ കോഴ വാങ്ങാൻ കഴിയാത്ത സാഹചര്യം കേരളത്തിൽ വന്നു. ഇതിൽ അസ്വസ്ഥതയുള്ളവർ കേരളത്തിലുണ്ട്. യൂത്ത് കോൺഗ്രസ് ആരംഭിച്ച സമരം ഈ അസ്വസ്ഥത ഉള്ളവരുടേതാണ്. പല പേരുകളിൽ കോഴ വാങ്ങാനുള്ള അവസരമാണു സർക്കാർ ഇല്ലാതാക്കിയത്. ഇതിലെന്തിനാണു യൂത്ത് കോൺഗ്രസിന് അസ്വസ്ഥതയെന്നും പിണറായി ചോദിച്ചു.

ഫീസിന്റെ തുകയിൽ വർധനയുണ്ടായില്ലെങ്കിലും ഈയിനത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായി. അത് കൂടുതൽ കോളേജുകൾ കരാറിൽ ഒപ്പുവച്ചതോടെ സീറ്റുകളുടെ എണ്ണം കൂടി. കൂടുതൽ കുട്ടികൾക്ക് 25,000 രൂപയ്ക്കു പഠിക്കാൻ അവസരമുണ്ടായി. മുമ്പു പത്തോളം കോളേജുകൾ മാത്രമായിരുന്നു കരാർ ഒപ്പിട്ടത്. ഇപ്പോൾ അതു 20 കോളേജായി. കുറഞ്ഞ ചെലവിൽ കൂടുതൽ കുട്ടികൾക്കു പഠിക്കാൻ കഴിയുന്നതിൽ എന്തിനാണ് യുഡിഎഫ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. കുറഞ്ഞ ഫീസിൽ കൂടുതൽ പാവപ്പെട്ട കുട്ടികൾ പഠിക്കുന്നതിലൂടെ കുട്ടികളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്. മെറിറ്റ് സീറ്റിൽ എല്ലാവരും 25,000 രൂപ കൊടുത്താൽ മതി. സീറ്റുകൾ 1,150 ആയി വർധിപ്പിച്ചു. ഇതിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സീറ്റുകളും വർധിച്ചു. പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. കൂടുതൽ കോളജുകൾ ഒപ്പുവച്ചതോടെ സീറ്റ് കൂടി. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിച്ചു. മുമ്പ് പത്തോളം കോളജുകൾ ഒപ്പിട്ടിടത്ത് ഇപ്പോൾ 20 കോളജുകൾ ഒപ്പുവച്ചു. 25,000 രൂപയ്ക്ക് കൂടുതൽ കുട്ടികൾക്ക് പഠിക്കാം എന്ന അവസ്ഥ വന്നു. ഇതിൽ എന്തിനാണ് കോൺഗ്രസിന് അസ്വസ്ഥത.

കോടതി വിധി അനുസരിച്ച് അലോട്ട്മെന്റ് പൂർത്തിയാക്കാൻ സർക്കാരുമായി കരാർ ഒപ്പിടാൻ മാനേജ്മെന്റുകൾ തയ്യാറായി. ഇത് യുഡിഎഫ് ഗവൺമെന്റിന് സാധിക്കാതെ പോയതാണ്. സീറ്റു വർധന സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്നവർക്കാണു ഗുണകരമായത്. സർക്കാർ ഫീസിൽ മിക്കവാറും കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ അവസരം കിട്ടി. നേരത്തെ എട്ടുലക്ഷം രൂപ വരെ മാനേജ്മെന്റുകൾ വങ്ങിയിരുന്ന സ്ഥാനത്ത് 25,000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് മാനേജ്മെന്റുകളെ കൊണ്ട് സമ്മതിപ്പിച്ചു. ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇത്തവണയുള്ള മറ്റൊരു വലിയ പ്രത്യേകത സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുഴുവൻ സീറ്റുകളിലും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം സാധ്യമാകൂ എന്നതാണ്. സ്വന്തം നിലയിൽ ഫീസ് ഈടാക്കാൻ പല മാനേജ്‌മെന്റുകളെയും കഴിഞ്ഞ സർക്കാർ അനുവദിച്ചിരുന്നു. ഇത്തവണ അത് ഒഴിവാക്കി. പണത്തിന്റെ ബലത്തിൽ മാത്രം പ്രവേശനം നടത്തുന്ന അവസ്ഥ മാറി.

മാനേജ്‌മെന്റുകൾ മുമ്പ് എടുത്ത നിലപാടുകൾ കാശു വാങ്ങി പ്രവേശനം എന്നായിരുന്നു. ഇപ്പോൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണു പ്രവേശനം. അമിത ഫീസ് കൊടുത്തു പഠിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതാണു സർക്കാർ നയം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇതു മനസിലായിട്ടുണ്ട്. അതിനാൽ തന്നെ പൊതുസമൂഹം ഇതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംഘാടകർക്കു സ്വാഭാവികമായി വിഷമമുണ്ടാകും. അതുകൊണ്ടാണു നിയമസഭയ്ക്കകത്തു സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതും.

കോഴ നല്ലതു പോലെ വാങ്ങുന്ന മാനേജ്‌മെന്റുകൾക്കു നല്ല സമീപനം യുഡിഎഫ് സർക്കാരിൽ നിന്നു ലഭിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു പരിരക്ഷയും എൽഡിഎഫ് സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല എന്ന് അവർക്കു മനസിലായിട്ടുണ്ട്. കരാറിൽ നിന്നു പിന്മാറാൻ കോളേജുകൾ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യവിരുദ്ധമായി സഭയിൽ കുഴപ്പം കാണിക്കുന്നതിനാണു പ്രതിപക്ഷം ശ്രമിച്ചത്. ഇതിൽ എന്താണു കോൺഗ്രസിന്റെ താൽപര്യം. സമരത്തിനു ജനപിന്തുണയില്ല. സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നതിലൂടെ സമരത്തെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണു പ്രതിപക്ഷത്തിന്റെ ശ്രമം.

അക്രമാസക്തമായ സമരം നടന്നപ്പോൾ അവരെ പിരിച്ചുവിടുന്നതിനു വേണ്ടിയുള്ള ടിയർ ഗ്യാസ് ഷെല്ലുകളും ഗ്രനേഡുകളും ഉപയോഗിച്ചു. പന്തലിലേക്കു കാറ്റടിച്ചപ്പോൾ പുക അടിച്ചിട്ടുണ്ടാകും. ഗ്രനേഡാക്രമണമൊന്നും പന്തലിനു നേർക്ക് ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത്. തെറ്റായ കാര്യങ്ങൾ ഉന്നയിക്കുന്നതു തങ്ങൾക്കു ഭൂഷണമാണോ എന്നു പ്രതിപക്ഷം ചിന്തിക്കണം.

ഒരു വശത്തു സഭയുടെ നടപടികൾ അലങ്കോലപ്പെടുത്തുക. അതോടൊപ്പം തെരുവിൽ ആക്രമണം നടത്തുക എന്ന രീതി ജനാധിപത്യത്തിനു ചേർന്നതല്ല. ഏറ്റവും പരിഹാസ്യമായ കാര്യം ഇന്നത്തെ ഹർത്താലാണ്. ഹർത്താൽ നടത്തേണ്ട ഘട്ടത്തിൽ നടത്തേണ്ടി വരും. എന്നാൽ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണല്ലോ ഹർത്താലിനെതിരെ ബിൽ കൊണ്ടുവന്നത്. ഉപവാസവും കോടതിയെ സമീപിക്കലും നിയമനിർമ്മാണം നടത്തൽ പ്രഹസനവുമൊക്കെ നടത്തിയവരാണല്ലോ ഇപ്പോൾ ഹർത്താൽ നടത്താൻ ഇറങ്ങിയിരിക്കുന്നത്. ഇവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.

യുഡിഎഫ് ഭരണകാലത്തു സമരരംഗത്തുള്ള യുവജനങ്ങളുടെ തല സമരപ്പന്തലിൽ വരെ കയറി തല്ലിപ്പൊളിച്ചവരായിരുന്നു യുഡിഎഫ്. ഇന്നു പൊലീസുകാർക്കാണു പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരാണു ഡീൻ കുര്യാക്കോസിനെയും മഹേഷിനെയുമൊക്കെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ഇതാണു മാറ്റം. ഇതാണു വി എം സുധീരനെ പോലുള്ളവർ കാണേണ്ടതെന്നും പിണറായി പറഞ്ഞു. സ്വാശ്രയ പ്രശ്‌നത്തിൽ ചർച്ചയ്ക്കു സാധ്യത പോലും അടയ്ക്കുന്നതു പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP