Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറഞ്ഞിടത്തുതന്നെ ഉറച്ചു നിന്ന് പിണറായി വിജയൻ; ലോ അക്കാദമിക്കു നല്കിയ ഭൂമി തിരിച്ചെടുത്ത് നടരാജ പിള്ളയുടെ കുടുംബത്തിനു നല്കാനാവില്ല; എതോ ഒരു പിള്ളയെന്നു പറഞ്ഞത് പേര് ഒർമയിൽ വരാതിരുന്നതുകൊണ്ട്; നടരാജ പിള്ളയോടും അച്ഛനോടും ബഹുമാനം മാത്രമെന്നും മുഖ്യമന്ത്രി

പറഞ്ഞിടത്തുതന്നെ ഉറച്ചു നിന്ന് പിണറായി വിജയൻ; ലോ അക്കാദമിക്കു നല്കിയ ഭൂമി തിരിച്ചെടുത്ത് നടരാജ പിള്ളയുടെ കുടുംബത്തിനു നല്കാനാവില്ല; എതോ ഒരു പിള്ളയെന്നു പറഞ്ഞത് പേര് ഒർമയിൽ വരാതിരുന്നതുകൊണ്ട്; നടരാജ പിള്ളയോടും അച്ഛനോടും ബഹുമാനം മാത്രമെന്നും മുഖ്യമന്ത്രി

കൊച്ചി: മുൻ തിരു-കൊച്ചി മന്ത്രിയും ദാർശനികനുമായിരുന്ന പി.എസ്. നടരാജപിള്ളയെ 'ഏതോ ഒരു പിള്ള' എന്നു വിശേഷിപ്പിച്ച വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പേര് ഒർമയിൽ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ളയെന്നു പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

നടരാജ പിള്ളയോടു ബഹുമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോ അക്കാദമിക്കു നല്കിയ ഭൂമി തിരിച്ചെടുത്ത് നടരാജ പിള്ളയുടെ കുടുംബത്തിനു നല്കാനാവില്ലെന്നും അസന്നിഗ്ധമായി മുഖ്യമന്ത്രി വ്യക്തമാക്കി.

നടരാജ പിള്ളയുടെ പേരല്ല, അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് താൻ മനസിൽ ആലോചിച്ചത്. അത് ഓർമയിൽ വരാതിരുന്നതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്നു പറഞ്ഞത്. നടരാജ പിള്ളയോടും അദ്ദേഹത്തിന്റെ അച്ഛനോടും ബഹുമാനം മാത്രമേയുള്ളൂവെന്ന് പിണറായി വ്യക്തമാക്കി. ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ ദുർബലമാക്കാൻ നോക്കേണ്ടന്ന പരോക്ഷ വിമർശനം സിപിഐയ്ക്കു നേർക്കും മുഖ്യമന്ത്രി നടത്തി. വിരട്ടലൊന്നും വേണ്ടെന്നും ഇത് 1959 അല്ലെന്നും അദ്ദേഹം പറഞ്ഞു.

സർ സിപിയുടെ കാലത്ത് കണ്ടുകെട്ടിയ ഭൂമി നടരാജ പിള്ളയുടെ കുടുംബത്തിനു തിരിച്ചു നല്കാനാവില്ല. എംഎൻ മന്ത്രിയായിരിക്കുമ്പോഴാണ് ഭൂമി ലോ അക്കാദമിക്കു പാട്ടത്തിനു നല്കിയത്. പിന്നീട് കെ. കരുണാകരന്റെ കാലത്ത് വില വാങ്ങി പതിച്ചുകൊടുക്കുകയും ചെയ്തു. വിലവാങ്ങി പതിച്ചുകൊടുത്ത ഭൂമി തിരിച്ചെടുത്ത് നടരാജപിള്ളയുടെ കുടുംബത്തിനു നല്കാനാവില്ലെന്ന് സംശയലേശമെന്യേ പിണറായി വ്യക്തമാക്കി. കരുണാകരൻ സ്ഥലം പതിച്ചുകൊടുത്ത സമയത്ത് ആരും എതിർപ്പുമായി വന്നിരുന്നില്ല. ഭൂമി പതിച്ചുകൊടുത്ത കെ. കരുണാകരന്റെ മകൻ ലോ അക്കാദമിക്കു മുന്നിൽ നിരാഹാര സമരത്തിനിരിക്കുന്നതിനെയും മുഖ്യമന്ത്രി പരിഹസിച്ചു.

സംസ്ഥാന ധനമന്ത്രിയായിരുന്ന പി.എസ് നടരാജ പിള്ളയുടെ ഭൂമിയാണ് പിന്നീട് പേരൂർക്കടയിലെ ലോ അക്കാദമിക്ക് നൽകിയത്. ലോ അക്കാദമി ഭൂമി ദുർവിനിയോഗം ചെയ്യുന്നുവെന്ന ആരോപണത്തിൽ ്അന്വേഷണം നടത്തില്ലെന്നു പ്രസ്താവിച്ച പത്രസമ്മേളനത്തിലായിരുന്നു പിണറായിയുടെ വിവാദ പരാമർശം ഉണ്ടായത്.

ലോ അക്കാദമിക്ക് സർക്കാർ ഭൂമി നൽകിയതിനെപ്പറ്റി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ആവശ്യങ്ങൾ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ റെവന്യൂമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

'അതൊക്കെ ആവിശ്യങ്ങളല്ലേ.. അങ്ങിനെ പല ആവശ്യങ്ങൾ വരൂല്ലേ.. അത് വേറെ കാര്യം... ഇതേതോ ഒരു പിള്ളയുടെ കാര്യം പറഞ്ഞില്ലേ? നടരാജ പിള്ള... ആ നടരാജ പിള്ളയുടെ ഭൂമി ഈ സർക്കാരോ ഇതിനു മുമ്പിലുള്ള സർക്കാരോ എടുത്തതല്ല. അക്കാര്യം പരിശോധിക്കാൻ ഈ സർക്കാരിന് കഴിയില്ല. അതാണ് ഞാൻ പറഞ്ഞത്.'- ഇതായിരുന്നു മാദ്ധ്യമപ്രവർത്തകർക്കു പിണറായി വിജയന്റെ മറുപടി.

ഭൂപരിഷ്‌കരണത്തിനു തുടക്കമിട്ട മഹാൻ കൂടിയായ പി.എസ്. നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്നു പിണറായി വിജയൻ വിശേഷിപ്പിച്ചത് വൻ വിമർശനത്തിനിടയാക്കി. മുഖ്യമന്ത്രി നടത്തിയ പരാമർശം ബോധപൂർവ്വമാണെന്നും നടരാജ പിള്ളയെ അപമാനിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പ് പറയണമെന്നും കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു. ഒരു കമ്യൂണിസ്റ്റ് നേതാവിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP