Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുല്ലപ്പെരിയാറിനു പിന്നാലെ അതിരപ്പിള്ളിയുടെ കാര്യത്തിലും സിപിഎമ്മിന്റെ നിലപാടുമാറ്റം; കടകംപള്ളിക്കു പിന്നാലെ പിണറായിയും അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി രംഗത്ത്; വെള്ളത്തിന്റെ ഒഴുക്കു തടയാതെ അണകെട്ടുമെന്നും മുഖ്യമന്ത്രി; കടുത്ത വിയോജിപ്പുമായി മന്ത്രി സുനിൽ കുമാർ

മുല്ലപ്പെരിയാറിനു പിന്നാലെ അതിരപ്പിള്ളിയുടെ കാര്യത്തിലും സിപിഎമ്മിന്റെ നിലപാടുമാറ്റം; കടകംപള്ളിക്കു പിന്നാലെ പിണറായിയും അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി രംഗത്ത്; വെള്ളത്തിന്റെ ഒഴുക്കു തടയാതെ അണകെട്ടുമെന്നും മുഖ്യമന്ത്രി; കടുത്ത വിയോജിപ്പുമായി മന്ത്രി സുനിൽ കുമാർ

ന്യൂഡൽഹി: മുല്ലപ്പെരിയാറിനു പിന്നാലെ അതിരപ്പിള്ളിയുടെ കാര്യത്തിലും സിപിഎമ്മിന്റെ നിലപാടുമാറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി രംഗത്ത്.

വെള്ളത്തിന്റെ ഒഴുക്കു തടയാതെ അണകെട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ കടുത്ത വിയോജിപ്പാണ് മന്ത്രി വി എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ളവർക്കുള്ളത്.

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ആശങ്കയില്ല. എൽഡിഎഫിൽ ചർച്ച ചെയ്തതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിലും വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ ബാധിക്കാതെയുമാകും പദ്ധതി നടപ്പിലാക്കുക. ഇക്കാര്യത്തിൽ എല്ലാ തരത്തിലുള്ള ചർച്ചകളും നടത്തിയാകും തീരുമാനം. പരിസ്ഥിതി സംരക്ഷണം കൂടി കണക്കിലെടുത്തു പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും പിണറായി പറഞ്ഞു.

രണ്ടു വർഷം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത ആളാണ് താൻ. അന്ന് അതിരപ്പിള്ളി പദ്ധതിക്ക് താൻ മുൻകൈ എടുത്ത് പരിസ്ഥിതി അനുമതി നേടിയിരുന്നു. എന്നാൽ രാഷ്ട്രീയ എതിർപ്പുകളുള്ള ചിലർ പദ്ധതിക്കെതിരെ കേസിനു പോയി. അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു. എതിർപ്പുണ്ടായതോടെ പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കപ്പെട്ടു. പദ്ധതി വന്നാൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. എന്നാലത് അടിസ്ഥാനമില്ലാത്തതാണ്. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് തടസപ്പെടാത്ത തരത്തിൽ അതിന് മുകളിൽ കൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പിണറായി വിശദീകരിച്ചു. അതിരപ്പിള്ളിയുടെ മനോഹാരിത നഷ്ടമാവുമെന്ന ആശങ്കയെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെ അനുകൂലിച്ച് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശത്തെ പിണറായി ന്യായീകരിച്ചു. മന്ത്രിമാർക്ക് അതാത് വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ളതിനെ വിലക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിന്റെ കാര്യത്തിൽ കേരളത്തിന് ഏകപക്ഷീയമായി നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. മുല്ലപ്പെരിയാറിൽ കേരളത്തിന് ഏകപക്ഷീയമായി പുതിയ ഡാം നിർമ്മിക്കാനാവില്ല. സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിൽ പറയുന്നത് തമിഴ്‌നാടിന്റെ കൂടി സഹകരണത്തോടെ പുതിയ ഡാം നിർമ്മിക്കണമെന്നാണ്. സംഘർഷം ഒന്നിനും പരിഹാരമല്ല. പരസ്പര വിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. മുല്ലപ്പെരിയാർ സംബന്ധിച്ച് സമരസമിതിയുടെ ആശങ്കകൾ പരിശോധിക്കും. സമരസമിതിയുമായി ഏത് ചർച്ചയ്ക്കും ഒരുക്കമാണ്. സമരക്കാർ നാടിന്റെ ആവശ്യങ്ങളാണ് ഉയർത്തുന്നത്. അതിന് അവരെ ശത്രുക്കളായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

ഗവണ്മെന്റിന്റെ നയം പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതിക്കു കോട്ടം വരാതെ, വെള്ളച്ചാട്ടത്തിനു കോട്ടം തട്ടാതെ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന വിശ്വാസമാണ് സർക്കാരിനുള്ളതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിഷയത്തിൽ എതിരഭിപ്രായം പ്രകടിപ്പിച്ചതോടെ വരുംദിവസങ്ങളിൽ ഇക്കാര്യം എൽഡിഎഫിൽ തന്നെ വൻ ചർച്ചയ്ക്കു വഴിവയ്ക്കും. മന്ത്രി സുനിൽകുമാറും പിണറായിയുടെ അഭിപ്രായത്തോടു വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ പുതിയ ഡാം സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയിൽ കോൺഗ്രസിന് ആശങ്കയുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് പരിഗണിച്ച് വേണം നടപടികൾ സ്വീകരിക്കാനെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. പിണറായി വിജയൻ തന്റെ നിലപാട് തിരുത്തണം. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. ജനങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക കാണാതിരിക്കാനാവില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് മുൻ സർക്കാർ തീരുമാനിച്ചിരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, അതിരപ്പിള്ളിയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ജനവിരുദ്ധമായ നടപടിയുണ്ടാകില്ലെന്നും ജനങ്ങളുടെ അഭിപ്രായംമാനിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP