Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനം മുഴുവൻ നിന്നും സത്യപ്രതിജ്ഞ കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹം; കണ്ണൂരിൽ നിന്നും സഖാക്കൾ ഇന്നലെ എത്തി തമ്പടിച്ചു; മോടി കൂട്ടാൻ മമ്മൂട്ടിയും എത്തും; ഇന്നു സെൻട്രൽ സ്‌റ്റേഡിയം ജനസാഗരമായി മാറും

സംസ്ഥാനം മുഴുവൻ നിന്നും സത്യപ്രതിജ്ഞ കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹം; കണ്ണൂരിൽ നിന്നും സഖാക്കൾ ഇന്നലെ എത്തി തമ്പടിച്ചു; മോടി കൂട്ടാൻ മമ്മൂട്ടിയും എത്തും; ഇന്നു സെൻട്രൽ സ്‌റ്റേഡിയം ജനസാഗരമായി മാറും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാൻ ജനസാഗരങ്ങൾ തിരുവനന്തപുരത്തേക്ക് ഒഴുകുകയാണ്. പിണറായി മുഖ്യമന്ത്രിയാകുന്നതിന് സാക്ഷിയാകാൻ കേരളമെമ്പാടും നിന്ന് ഇടതു മുന്നണി പ്രവർത്തർ ഇന്നലെ തന്നെ എത്തി. കണ്ണൂർ ജില്ലയിൽ നിന്നാണ് കൂടുതൽ പ്രവർത്തകർ. നിയുക്ത മന്ത്രിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

സംസ്ഥാനത്ത് എങ്ങും ചെങ്കൊടികൾ ഉയർന്നു കഴിഞ്ഞു. തിരുവനന്തപുരമാകട്ടെ ചുവപ്പിൽ കുളിച്ചു. ജംഗ്ഷനുകളിൽ കൂറ്റൻ അരിവാൾ ചുറ്റിക ചിഹ്നങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ഉച്ചയോടെ മൈതാനത്തിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കും. സ്റ്റേജിനു മുന്നിലുള്ള വി.ഐ.പി പന്തൽ ഗാലറി വരെ നീട്ടിയിട്ടുണ്ട്. ഇവിടെ മൂവായിരത്തോളം പേർക്ക് ഇരിക്കാം. അറുപതിനായിരത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുപ്പതിനായിരം പേരെ മാത്രമേ മൈതാനത്തിന് ഉൾക്കൊള്ളാനാവൂ. മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ സ്റ്റേഡിയത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തും മേൽക്കൂര നിർമ്മിക്കുന്നുണ്ട്.

പന്തലിന്റെ മേൽക്കൂര വെള്ളവിരിച്ചതാണ്. തറയിൽ ചുവപ്പ് പരവതാനി വിരിച്ചു. ചടങ്ങ് തത്സമയം കാണിക്കാൻ സ്റ്റേഡിയത്തിൽ നാല് എൽ.ഇ.ഡി വാളുകൾ സ്ഥാപിച്ചു. പ്രസ് ക്‌ളബിനു സമീപം എസ്. എം. എസ്. എം ഇൻസ്റ്റിറ്റ്യൂട്ട്, സൗത്ത് ഗേറ്റ്, ഗാന്ധിപാർക്ക് എന്നിവടങ്ങളിലും വലിയ സ്‌ക്രീനുകൾ സ്ഥാപിക്കും. സ്റ്റേഡിയത്തിലും പുറത്തും ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. വി.വി.ഐ.പി വാഹനങ്ങൾക്ക് സെക്രട്ടേറിയറ്റ് പരിസരത്ത് പാർക്കിങ് സൗകര്യം ഒരുക്കി. ഉച്ചയ്ക്കു ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ മെഗാ സ്റ്റാർ മമ്മൂട്ടി എത്തും. എംപി കൂടിയായ ഇന്നസെന്റ് ഉൾപ്പെടെ സിനിമാ രംഗത്തു നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങ് വീക്ഷിക്കാനെത്തും. പിണറായിയുടെ നാടായ കണ്ണൂരിൽ നിന്നും ഏറെ പേരാണ് ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. എല്ലാ ജില്ലയിൽ നിന്നും പാർട്ടി പ്രവർത്തകരുടെ ഒഴുക്കാണ്. ഇതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഏറെ ഗതാഗത നിയന്ത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വി എസ് അച്യുതാനന്ദൻ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തും. 2006ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും സെൻട്രൽ സ്റ്റേഡിയത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP