Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണം; ഇന്നത്തെ കുട്ടികളാണ് നാളെ നാടിന്റെ എല്ലാ മേഖലയിലും സ്തുത്യർഹ പങ്ക് വഹിക്കേണ്ടതെന്ന് പിണറായി വിജയൻ; സംയോജിത ലഹരിവിരുദ്ധ പദ്ധതി 'ആസ്പിറേഷൻസ് 2018'ന് തുടക്കമായി

ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണം; ഇന്നത്തെ കുട്ടികളാണ് നാളെ നാടിന്റെ എല്ലാ മേഖലയിലും സ്തുത്യർഹ പങ്ക് വഹിക്കേണ്ടതെന്ന് പിണറായി വിജയൻ; സംയോജിത ലഹരിവിരുദ്ധ പദ്ധതി 'ആസ്പിറേഷൻസ് 2018'ന് തുടക്കമായി

തിരുവനന്തപുരം:സമൂഹത്തിലെ ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളർന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാൻ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിമുക്തമാക്കാൻ കേരള പൊലീസ് നടപ്പാക്കുന്ന സംയോജിത ലഹരി വിരുദ്ധ പദ്ധതി 'ആസ്പിറേഷൻസ് 2018' ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കുട്ടികളാണ് നാളെ നാടിന്റെ എല്ലാ മേഖലയിലും സ്തുത്യർഹ പങ്ക് വഹിക്കേണ്ടത്. ഇത്തരക്കാരെ ലഹരി പൂർണമായി തകർത്ത് കർമരാഹിത്യവും അന്തർമുഖത്വവും സൃഷ്ടിക്കുന്നു. ഈ വിപത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി മയക്കുമരുന്ന് വിമുക്ത തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

നാട്ടിൽ പലതരം ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ട്. ആദ്യം തമാശയ്ക്കോ കൗതുകത്തിനോ ആരംഭിക്കുന്നതിന് ഒടുവിൽ ഗുരുതരമായി അടിമപ്പെടും എന്ന തിരിച്ചറിവ് വേണം. ലഹരി ഉപയോഗത്തിന് ഇപ്പോൾ ആൺ, പെൺ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. ലഹരിക്കടിമപ്പെട്ടാൽ അവരവർ നിർവഹിക്കുന്ന ജോലിയിൽ ശ്രദ്ധിക്കാനാവാതെ ഭ്രാന്തമായ അവസ്ഥയിലെത്തും. ഇത്തരക്കാർ ക്രമേണ സാമൂഹ്യവിരുദ്ധരായി മാറുന്ന സാഹചര്യവുമുണ്ട്.

പൊലീസും എക്സൈസും ശക്തമായ നടപടികൾ ഇക്കാര്യത്തിൽ എടുക്കുന്നുണ്ട്. എന്നാൽ ലഹരി മാഫിയ പല രാജ്യങ്ങളിലെയും സർക്കാരുകളേപ്പോലും മറിച്ചിടാൻ ശേഷിയുള്ളവരാണ്. അതിനാൽ അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നാടിന്റെയാകെ കണ്ണും കാതും ഇതിനെതിരെ തുറന്നിരിക്കണം.

ലഹരിയിൽ നിന്ന് അനേകംപേരെ മുക്തരാക്കാൻ ആന്റി നർക്കോട്ടിക് സെല്ലിന് കഴിഞ്ഞത് അഭിനന്ദനാർഹമാണ്. ഇത്തരം നേട്ടങ്ങൾ പൊലീസിന്റെയാകെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വി എസ്. ശിവകുമാർ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി സിനിമാതാരം ജയസൂര്യ, നടി പ്രിയാ പി. വാര്യർ, ക്രിക്കറ്റർ സഞ്ജു വി. സാംസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലഹരിഭൂതത്തെ വെടിവെച്ച് വീഴ്‌ത്തി ജയസൂര്യയും, ലഹരിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുപായിച്ച് സഞ്ജുവും ലഹരി വിരുദ്ധ സന്ദേശമുള്ള ബലൂൺ പറത്തി പ്രിയയും പ്രതീകാത്മകമായി ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി. ലഹരി വിമുക്ത, ബോധവത്കരണ നടപടികൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

ലഹരി വിരുദ്ധ സന്ദേശങ്ങളുമായി കേരളാ പൊലീസ് കമാൻഡോകളുടെ മാസ്മരികപ്രകടനവും ചടങ്ങിൽ നടന്നു. എ.ഡി.ജി.പി സൗത്ത് അനിൽ കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, ഐ.ജി അഡ്‌മിനിസ്ട്രേഷൻ പി. വിജയൻ എന്നിവർ സംബന്ധിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വാഗതവും സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശ് നന്ദിയും പറഞ്ഞു.

ആർ. രാജമൂർത്തിയുടെ മായാജാലവും ദ്രുത വനിതാ ബാൻഡിന്റെ സംഗീതപരിപാടിയും തുടർന്ന് അരങ്ങേറി.

കൗമാരക്കാരും കുട്ടികളും ലഹരിയുടെ ഇരകളാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നിയമനടപടികൾ ശക്തിപ്പെടുത്തൽ, ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ, ലഹരിക്കടിപ്പെട്ടവരെ ചികിത്സയിലൂടെ ലഹരിവുമുക്തരാക്കൽ, ലഹരിവിമുക്തി നേടിയവരുടെ പുനരധിവാസം എന്നിങ്ങനെ നാലു ഘടകങ്ങൾ ചേർന്നതാണ് പദ്ധതി. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. 76 പേരെ ലഹരിവിമുക്തമാക്കാനും പ്രാരംഭഘട്ടത്തിൽ കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP