Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജന്മനാട്ടിൽ സംരംഭകരാവാൻ പ്രവാസികൾക്കായി ആശ്വാസകരമായ പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്; സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രൊഫഷണൽ വിദ്യാഭ്യാസമുള്ളവർക്ക് സാമ്പത്തികസഹായം നൽകുന്നതിന് സർക്കാർ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജന്മനാട്ടിൽ സംരംഭകരാവാൻ പ്രവാസികൾക്കായി ആശ്വാസകരമായ പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്; സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രൊഫഷണൽ വിദ്യാഭ്യാസമുള്ളവർക്ക് സാമ്പത്തികസഹായം നൽകുന്നതിന് സർക്കാർ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജന്മനാട്ടിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസകരമായ പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ റീടേൺ, പ്രൊഫഷണലുകൾക്കുള്ള സ്റ്റാർട്ടപ് വായ്പാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ പദ്ധതികൾ പ്രകാരമുള്ള വായ്പാ വിതരണത്തിന് തുടക്കമാകുന്നതോടെ ഒട്ടേറെ പേരുടെ പ്രതീക്ഷകൾ പൂവണിയുകയാണ്. നോർകാ റൂട്സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റീടേൺ. പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കും. വായ്പകൾക്ക് ബാങ്കുകൾ ഉയർന്ന പലിശ ഈടാക്കുന്നതിനാൽ സർക്കാർ, നൽകുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം ഇവർക്കു ലഭിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പിന്നാക്ക വിഭാഗ വികസന കോർപറേഷൻ റീടേൺ പദ്ധതി നടപ്പാക്കുന്നത്. പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവരെ തൊഴിലന്വേഷകരാക്കാതെ തൊഴിൽ സംരംഭകരാക്കി മാറ്റുന്നതിനാണ് സർക്കാർ സ്റ്റാർട്ടപ് വായ്പാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ സംരംഭങ്ങളിലൂടെ മികവു തെളിയിക്കാൻ ധാരാളം ചെറുപ്പക്കാർക്ക് സാധിക്കുന്നു. ചിലർ അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധനേടുന്ന തരത്തിൽ വിജയം കൈവരിക്കുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രൊഫഷണൽ വിദ്യാഭ്യാസമുള്ളവർക്ക് സാമ്പത്തികസഹായം നൽകുന്നതിന് സർക്കാർ അന്തരീക്ഷമൊരുക്കും. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള സങ്കീർണതകൾ ധാരാളമാണ്. ഈ സങ്കീർണതകളും അമിത പലിശയുമെല്ലാം കാരണം സംരംഭകത്വത്തിൽ നിന്ന് യുവാക്കൾ അകന്നു നിൽക്കുന്ന അവസ്ഥയുണ്ട്. സ്റ്റാർട്ടപ് സംരംഭങ്ങൾ ഇവർക്ക് സഹായകമാണ്. പിന്നാക്കവിഭാഗത്തിൽപെട്ടവർക്ക് ചെറിയ പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ സർക്കാർ വായ്പ നൽകും. മത ന്യൂനപക്ഷങ്ങൾക്ക് ആറ് മുതൽ എട്ടു ശതമാനം പിലിശ നിരക്കിൽ 30 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. രണ്ടു ലക്ഷം രൂപ മൂലധന സബ്സിഡിയായി കോർപ്പറേഷൻ അനുവദിക്കും. നാട്ടുകാരുടെ കഴിവുകൾ നാടിനുതന്നെ പ്രയോജനപ്പെടുത്താൻ ഇങ്ങനെ സാധിക്കും. പാർശ്വവത്കരിക്കപ്പെട്ടും ദുർബല വിഭാഗക്കാരായും ജീവിക്കുന്നവരോടുള്ള സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പദ്ധതികളാണ് ഇവയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്നാക്കവിഭാഗമെന്നോ മതന്യൂനപക്ഷമെന്നോ യാതൊരു വിവേചനവുമില്ലാതെ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. സ്വയംതൊഴിൽ പദ്ധതിപ്രകാരം 20 ലക്ഷവും ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷവും വായ്പ നൽകുമെന്ന പരസ്യം കോർപ്പറേഷൻ പുറത്തു വിട്ടപ്പോൾ അതിനെ വർഗീയ കണ്ണോടെ നോക്കിക്കാണാൻ ചിലർ മുതിർന്നതായും മുഖ്യമന്ത്രി സൂചിപ്പിച്ചു. പിന്നാക്കവികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള രണ്ട് ഏജൻസികൾ ആവിഷ്‌കരിച്ചതാണ്. ഒബിസി വിഭാഗത്തിനുവേണ്ടി ദേശീയ പിന്നോക്ക വിഭാഗ വികസന ധനകാര്യ കോർപറേഷന്റെ പദ്ധതി പ്രകാരം പത്തു ലക്ഷം രൂപയാണ് പരമാവധി വായ്പ. മതന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോർപറേഷൻ 30ലക്ഷം രൂപയാണ് അനുവദിക്കുന്നത്. രണ്ട് പദ്ധതി പ്രകാരവും വായ്പ അനുവദിക്കുന്നതിനാവശ്യമായ 85 ശതമാനം തുകയും കേന്ദ്ര ഏജൻസികൾ വായ്പയായി നൽകേണ്ടതാണ്.സംസ്ഥാന സർക്കാരിന്റെ സഹായവും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ പ്രവർത്തന ലാഭവും ഉപയോഗിച്ച് പത്തുശതമാനം തുക ചെലവഴിക്കും. ബാക്കി അഞ്ചു ശതമാനം ഗുണഭോക്താവിന്റെ വിഹിതമാണ്. ഇതാണ് വായ്പാ പദ്ധതിയുടെ ഘടന.

സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേന്ദ്ര ഏജൻസി നൽകുന്ന പത്തു ലക്ഷം രൂപ മതിയാകില്ലെന്ന് പിന്നോക്ക വികസന കോർപ്പറേഷന് മനസ്സിലായതിനാൽ പത്തുലക്ഷം രൂപ കൂടി അധിക വിഹിതമായി വകയിരുത്തി സംസ്ഥാനസർക്കാർ വായ്പാത്തുക ഇരട്ടിയാക്കി. എല്ലാ കാര്യങ്ങളിലും സുതാര്യതയോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയുമാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഈ വസ്തുതകൾ മറച്ചുവച്ച് വർഗീയ ലാക്കോടെയാണ് ചിലർ പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നോക്കവിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കോർപ്പറേഷനിലൂടെ നടപ്പാക്കുന്ന പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP