Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്നത് നീതികേട്; ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും; സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്നത് നീതികേട്; ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും; സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോട് അവഗണന കാണിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറി വിഷയത്തിൽ അടക്കം കേന്ദ്രത്തിന് നിഷേധാത്മകമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്നത് നീതികേടാണ്. ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും പ്രധാനമന്ത്രി അംഗീകരിക്കുന്നില്ല. പ്രധാനമന്ത്രി വിശദമായ ചർച്ചയിലേക്ക് കടന്നില്ല. മറുപടി നൽകാൻ പ്രധാനമന്ത്രി അവസരം നൽകിയില്ല എന്നും പിണറായി ആരോപിച്ചു.

സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹകരണവും ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രതികരണം കേരളത്തിന്റെ പൊതുതാത്പര്യത്തിന് എതിരാണെന്നും പിണറായി വിജയൻ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ പറഞ്ഞു.

ലേഖനത്തിന്റെ പൂർണരൂപം:

പിണറായി വിജയൻ (കേരള മുഖ്യമന്ത്രി)

സുശക്തമായ സംസ്ഥാനങ്ങൾ എന്നത് സുശക്തമായ കേന്ദ്രത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മിലുള്ള വിവിധങ്ങളായ തലങ്ങളിലെ ബന്ധങ്ങൾ സമതുലിതവും സുദൃഢവുമായി നിൽക്കേണ്ടത് ഫെഡറൽ സംവിധാനത്തിന്റെ തന്നെ നിലനിൽപ്പിനും അതിജീവനത്തിനും അനിവാര്യമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ഫെഡറൽ ഘടനയുടെ അടിസ്ഥാനമായി മാറേണ്ടത്.

സംസ്ഥാനങ്ങൾക്കു ഭരണഘടനാനുസൃതമായ കേന്ദ്രസഹായം ലഭിക്കാതെയും കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെയും മുമ്പോട്ടുപോകാനാവില്ല. പോകാൻ ശ്രമിച്ചാൽ അത് ഭരണഘടനാപരമായ വ്യവസ്ഥകളുടെ ലംഘനമാവും. അതുണ്ടാവാതിരിക്കാൻ പരസ്പര സൗഹൃദത്തിലും വിശ്വാസത്തിലും സഹകരണത്തിലുമുള്ള ഒരു ബന്ധം കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ നിലനിന്നേ തീരൂ.കൃത്യമായും ഈ മനോഭാവത്തോടെയാണ് കേരളത്തിന്റെ പ്രധാന പ്രശ്നങ്ങൾ ചിലതു മുൻനിർത്തി കേന്ദ്രത്തെ സമീപിക്കാൻ കേരളം നിശ്ചയിച്ചത്, പ്രധാനമന്ത്രിയുടെ സമയം സന്ദർശനത്തിനായി ചോദിച്ചത്. കൃത്യാന്തര ബാഹുല്യം കൊണ്ടും യാത്രാ തിരക്കുകൾ കൊണ്ടുമാവാം കേരളം ആവർത്തിച്ചു ചോദിച്ചിട്ടും പ്രധാനമന്ത്രി സമയമനുവദിച്ചില്ല. എന്നാൽ, ഏറ്റവും ഒടുവിലെ വിദേശയാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയപ്പോൾ സമയം അനുവദിക്കപ്പെട്ടു. കൃത്യമായും ആ അവസരം ഉപയോഗപ്പെടുത്താൻ കേരളം നിശ്ചയിച്ചു. അങ്ങനെയാണ് സർവകക്ഷി പ്രതിനിധി സംഘം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടത്.

അടിയന്തര പ്രധാന്യമർഹിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങൾ മാത്രം മുൻനിർത്തിയുള്ള നിവേദനമാണ് പ്രധാനമന്ത്രിക്കു മുമ്പിൽ വെച്ചത്. അനുഭാവപൂർവവും ഭരണഘടനാപരമായി സംസ്ഥാനത്തിനവകാശപ്പെട്ടതുമായ അനുകൂല പ്രതികരണം തന്നെ ഉണ്ടാവും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ, കേരളത്തിന്റെ പൊതുതാൽപര്യത്തിലുള്ള പ്രതികരണമല്ല പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത് എന്ന നിർഭാഗ്യകരമായ കാര്യം ആദ്യം തന്നെ ചൂണ്ടിക്കാട്ടട്ടെ. ഏതു വിഷയം സംബന്ധിച്ചും ഏതു തരത്തിലുള്ള വിശദീകരണവും നൽകി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സജ്ജമായിരുന്നു സർവകക്ഷി സംഘം. എന്നാൽ, അത്തരം വിശദാംശങ്ങളിലേക്കു കടന്നുള്ള ചർച്ചയ്ക്കുള്ള സാവകാശം പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല.ഈ സാഹചര്യത്തിൽ കേരളം മുമ്പോട്ടുവെച്ച ആവശ്യങ്ങളും അതിനുള്ള ന്യായീകരണവും ആ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുവേണ്ട കേന്ദ്ര സഹകരണത്തിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടട്ടെ.

ഭക്ഷ്യവിഹിതം വർധിപ്പിക്കണമെന്നതായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വയംപര്യാപ്തത എന്നത് അസാധ്യമായ ഒന്നാണ്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നൽകുമെന്ന ഉറപ്പായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റിയൂട്ടറി റേഷൻ സംവിധാനം കേരളത്തിൽ രൂപപ്പെട്ടത്. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് കേരളം ശ്രദ്ധതിരിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ വിദേശനാണ്യ ശേഖരത്തിലേക്ക് വൻതോതിൽ സംഭാവന ചെയ്യാൻ കഴിയുന്ന സാഹചര്യം ഇത്തരമൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടുവന്നത്.
കേന്ദ്രവും കേരളവും പരസ്പരം യോജിപ്പോടെ രൂപപ്പെടുത്തിയ ഈ പദ്ധതിയാണ് സ്റ്റാറ്റിയൂട്ടറി റേഷൻ സംവിധാനം തകർക്കുന്നതിലൂടെ ഇല്ലാതായത്. അതുകൊണ്ടുതന്നെ ഏതു നിയമം വന്നാലും കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്.

90കളിൽ 24 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം കിട്ടിയിടത്ത് 2016ൽ 14.25 ലക്ഷം മാത്രമാണ് കിട്ടിയത്. ജനസംഖ്യ ഉയർന്നു, കുടിയേറ്റ തൊഴിലാളികൾ വന്നു. ഇതിനൊക്കെ അനുസരിച്ച് ഭക്ഷ്യവിഹിതം കൂടേണ്ടിടത്ത് അത് കുത്തനെ കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം തികച്ചും ന്യായമായ ഒന്നാണ്. കേരളത്തിലെ പൊതുസ്ഥിതി വിലയിരുത്തുമ്പോഴും ഇക്കാര്യം വ്യക്തമാക്കും.

മുൻഗണനേതര മേഖലയിൽ 45 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇത് ജനസംഖ്യയുടെ 56 ശതമാനമാണ്. സംസ്ഥാനത്തിന് പ്രതിമാസം ലഭ്യമാകുന്നത് 33384 ടൺ ഭക്ഷ്യധാന്യമാണ്. ഇത് സമതുലിതമായി വീതിച്ചാൽ ഒരാൾക്ക് ഒരുമാസം ലഭിക്കുന്നത് ഒന്നേമുക്കൽ കിലോ അരി മാത്രമാണ്. ഇതുകൊണ്ട് എങ്ങനെയാണ് ഭക്ഷ്യസുരക്ഷ സാധ്യമാവുക? മുൻഗണനേതര മേഖലയിലെ വ്യക്തികൾക്ക് മാസം അഞ്ചുകിലോ അരിയെങ്കിലും നൽകണമെന്നത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൽതന്നെ പറയുന്ന കാര്യമാണ്. ഇത് ഉറപ്പാക്കുന്നതിനുപോലും സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം ഉയർത്തേണ്ടതുണ്ട്.

കേരളജനതയുടെ ജീവിതസന്ധാരണത്തിന് അത്യന്താപേക്ഷിതമായ ഈ പ്രശ്നത്തിൽ തികച്ചും നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഭക്ഷ്യവിഹിതം വർധിപ്പിക്കണം എന്ന ആവശ്യം ന്യായമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നതേയില്ല. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തിൽ പുതുതായി ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ കാര്യത്തിലും പരിഹാരത്തിനുതകുന്ന നിലപാടല്ല ഉണ്ടായത്.

കേരളത്തിൽ നിലവിലുള്ള സംവിധാനത്തിൽ മുൻഗണനേതര വിഭാഗക്കാർക്ക് റേഷൻ നൽകാനാവാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് മുറിച്ചുകടക്കാൻ കേന്ദ്രസംഭരണിയിൽനിന്ന് കൂടുതൽ അരി ലഭിക്കേണ്ടതുണ്ട് എന്നു പറഞ്ഞപ്പോൾ അത് പറ്റില്ല എന്ന നിലപാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടത്. മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതേ തരാൻ പറ്റു എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ കേരളത്തിന്റെ സവിശേഷ സാഹചര്യവും കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാക്കിയ ധാരണയുടെ കാര്യവും വ്യക്തമാക്കിയതാണ്. എന്നാൽ, കേന്ദ്രനയത്തിന്റെ ഫലമായി സ്റ്റാറ്റിയൂട്ടറി റേഷനിങ്ങും ഭക്ഷ്യകമ്മി ഉണ്ടായ പശ്ചാത്തലവും ഒന്നും പരിഗണിക്കില്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ ഘട്ടത്തിലാണ് ഭക്ഷ്യധാന്യരംഗത്തെ പൊതുസ്ഥിതി അവലോകനം ചെയ്യണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ പുനഃപരിശോധിക്കാനാവു എന്ന നിഷേധാത്മക സമീപനമാണ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത്.

കേരളത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായ പാലക്കാട്ടെ റെയിൽവെ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും തീർത്തും നിഷേധാത്മകമായ നിലപാടാണ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത്. കോൺഗ്രസ് ഭരണകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതിയാണ് ഇതെന്നും അന്ന് നടത്താതെയിരുന്നതിനെ കുറിച്ച് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. ഇത് ഞങ്ങളെ അൽഭുതപ്പെടുത്തി. ഒരു സർക്കാർ മറ്റൊരു സർക്കാരിന്റെ തുടർച്ചയായി വരുന്നതാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടുപോലും മറന്നുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ഇത് തികച്ചും അൽഭുതകരമായിരുന്നു.

പാലക്കാട്ട് കോച്ച് ഫാക്ടറി എന്നത് 1980കളിൽ തന്നെ കേന്ദ്രസർക്കാർ ഉറപ്പുതന്നതാണ്. എന്നാൽ, പഞ്ചാബിൽ ഖാലിസ്ഥാൻ വാദം ശക്തപ്പെട്ട ഘട്ടത്തിൽ അവിടുത്തെ സമരോത്സുകരെ തണുപ്പിക്കാൻ പാലക്കാട്ടെ നിർദിഷ്ട ഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്ക് മാറ്റി പ്രഖ്യാപിക്കുകയായിരുന്നു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പിന്റെ മുമ്പായുള്ള ഘട്ടത്തിലല്ല. 20082009ൽ അന്നത്തെ റെയിൽവെ മന്ത്രി ഇതിന്റെ പുനർപ്രഖ്യാപനമാണ് നടത്തിയത്. എങ്കിലും കേരളജനത ആവേശത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് സമർപ്പിച്ച ഫീസിബിലിറ്റി റിപ്പോർട്ട്, സർവെ എന്നിവ നിർദേശിച്ചതു പ്രകാരം കേരളം കോച്ച് ഫാക്ടറി സ്ഥാപിക്കാനായി 239 ഏക്കർ സ്ഥലം ഏറ്റെടുക്കുക കൂടി ചെയ്തു. സ്ഥലം റെയിൽവെയ്ക്ക് കൈമാറുകയും അവിടെ കേന്ദ്രമന്ത്രി ശിലാസ്ഥാപനം നടത്തുകയും ചെയ്തു. സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നർത്ഥം. ആ സ്ഥലത്ത് കേന്ദ്രം കോച്ച് ഫാക്ടറി പണിയും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അത് നടക്കില്ലെന്നുള്ള പ്രഖ്യാപനം വന്നത്.

ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ നീതികേടാണ്. 20082009ൽ ഇവിടേയ്ക്കായി പ്രഖ്യാപിക്കപ്പെട്ട ഫാക്ടറി പിന്നീട് ഉത്തർപ്രദേശിലെ റായ്ബറേലിയിലേക്ക് മാറ്റിയതും അവിടെ ഉൽപാദനം തുടങ്ങിയതും ഇതിനോട് ചേർത്തുവായിക്കണം. സർക്കാർ എന്നത് ഒരു തുടർപ്രക്രിയയാണ് എന്നത് മനസ്സിലാക്കണം. വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ തടസ്സം സൃഷ്ടിക്കാതെ നോക്കണം.

ഇതിനിടെ റെയിൽവെ കോച്ച് ഉൽപാദനരംഗം കാര്യമായി മുമ്പോട്ടുപോയി. ചെന്നൈയിൽ അലുമിനിയം കോച്ചുകൾ ഉൽപാദിപ്പിക്കുന്ന സംവിധാനമുണ്ടാക്കി. മെട്രോ ട്രെയിനുകൾ വന്നു. ബയോ ടോയിലറ്റോടുകൂടിയ കോച്ചുകൾ വന്നു. കോച്ചുൽപാദന രംഗം വലിയ വികസനത്തിലേക്ക് കടന്നപ്പോഴും കേരളം പാടെ അവഗണിക്കപ്പെട്ടു എന്നതിന് ഒരു ന്യായീകരണവുമില്ല. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്. അതാണ് ചെയ്തത്. തികച്ചും ന്യായമായ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത്.

അങ്കമാലിശബരി റെയിൽപാതയുടെ കാര്യത്തിൽ ചർച്ച നടത്താൻ റെയിൽവെക്ക് നിർദ്ദേശം നൽകാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പാത പ്രാവർത്തികമാക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറുന്ന സ്ഥിതിയെക്കുറിച്ച് സർവകക്ഷിസംഘം ഉൽക്കണ്ഠ രേഖപ്പെടുത്തിയപ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്. കേന്ദ്ര റെയിൽവെ ബജറ്റിൽ ഉൾപ്പെടുത്തപ്പെട്ട പദ്ധതിയാണിത്. ശബരിമല ദേശീയശ്രദ്ധയിൽ മാത്രമല്ല അന്തർദേശീയ ശ്രദ്ധയിൽ പോലുമുള്ള തീർത്ഥാടനകേന്ദ്രമാണ് എന്ന നിലയ്ക്ക് ഇതിന്റെ നിർമ്മാണച്ചെലവ് കേന്ദ്രം തന്നെ പൂർണമായും വഹിക്കണമെന്ന കാര്യവും ഉണ്ട്.

ജോയിന്റ് വെഞ്ച്വർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചെലവ് പപ്പാതിയായി വീതിച്ചുകൊണ്ടേ ഈ പദ്ധതി സാധ്യമാക്കാൻ പറ്റൂ എന്നാണ് ഇടയ്ക്ക് അറിയിച്ചിരുന്നത്. ജോയിന്റ് വെഞ്ച്വർ കമ്പനി എന്ന സങ്കൽപം വരുന്നതിനുപോലും മുമ്പ് വിഭാവനം ചെയ്യപ്പെട്ടതും റെയിൽവെ ബോർഡ് അനുമതി നൽകിയതുമായ പദ്ധതിയാണിത് എന്ന് ഓർമിക്കണം. അനുമതി നൽകപ്പെട്ട പദ്ധതികളുടേതായ പിങ്ക് ബുക്കിൽ സ്ഥാനം നേടിയ സംരംഭവുമാണിത്. ഇതിനൊക്കെ ശേഷം പിൽക്കാലത്തു മാത്രം വന്ന ചെലവ് വീതിക്കൽ പദ്ധതിയിലേക്ക് ഇതിനെ മാറ്റുന്നത് ന്യായമല്ല. ഒരു ദേശീയ തീർത്ഥാടന പദ്ധതിയായി പരിഗണിച്ച് പ്രത്യേക പ്രാമുഖ്യം നൽകി കേന്ദ്രം ഇത് നടപ്പാക്കണം.

നിവേദനത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇപ്പോഴത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും മുൻനിർത്തി പ്രത്യേക സഹായം വേണമെന്നതാണ്. 965 വില്ലേജുകളിലായി മുപ്പതിനായിരം വ്യക്തികളെ ബാധിച്ച ദുരന്തമാണിത്. നൂറിലേറെ പേർ മരണപ്പെട്ടു. ഇതിൽ 35 പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെയാണ് മരണപ്പെട്ടത്. 350 വീടുകൾ പൂർണമായും 9000 വീടുകൾ ഭാഗികമായും തകർന്നു. പതിനായിരം ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഗുരുതരമായ വിഷമങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഏതായാലും ഇക്കാര്യത്തിൽ കേന്ദ്രസംഘത്തെ അയക്കാമെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽനിന്ന് ലഭിക്കുകയും ചെയ്തു.

കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രധാനമന്ത്രി അനുകൂലമായി ഒന്നും പറഞ്ഞില്ല എന്നതാണ് സത്യം. ഇക്കാര്യത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ കേന്ദ്രം ചെയ്യുകതന്നെ വേണം. പശ്ചിമഘട്ടത്തിലെ റിസർവ് ഫോറസ്റ്റ് തുടങ്ങിയ സംരക്ഷിത മേഖലകളെ മാത്രം ഇഎസ്എയായി കണക്കാക്കി ജനവാസ പ്രദേശങ്ങളെയും പ്ലാന്റേഷനുകളെയും അതിൽനിന്ന് ഒഴിവാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിനനുസൃതമായി 92 വില്ലേജുകളുടെ ഭാഗമായ 8656 ചതുരശ്ര കിലോമീറ്റർ ഇഎസ്എയായി കണക്കാക്കിക്കൊണ്ട് ഒരു മാപ്പ് തന്നെ സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനം പുറത്തിറക്കി നാലുവർഷം കഴിഞ്ഞിട്ടും അതി•േൽ തീർപ്പുകൽപിക്കാത്തത് പ്രദേശവാസികളെ വല്ലാതെ ആശങ്കയിലാഴ്‌ത്തുകയും കൃഷിയിൽനിന്നും മറ്റും പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആ മേഖലയുടെ വികസനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് വസ്തുത. സംസ്ഥാന സർക്കാരിന് ഇത് കണ്ടില്ല എന്നു നടിക്കാൻ കഴിയുകയില്ല.

ആസൂത്രണത്തിലും പദ്ധതി നിർവഹണത്തിലും രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. ചുരുങ്ങിയ വിഭവങ്ങൾ നീതിയുക്തമായി വിതരണം ചെയ്താണ് കേരളം പല മാനവ വികസന സൂചികകളിലും ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങൾക്കു സമാനമായ നിലയിലേക്ക് ഉയർന്നുവന്നത്. പദ്ധതികൾ കൃത്യമായി ആവിഷ്‌കരിച്ചും അവ കാര്യക്ഷമമായി നടപ്പിലാക്കിയുമാണ് നാം കേരളത്തിന്റെ സമഗ്രവും സമതുലിതവുമായ വികസനം ഉറപ്പുവരുത്തുന്നത്. 201718ലെ കേരളത്തിന്റെ പദ്ധതി നിർവഹണത്തിന്റെ സ്റ്റേറ്റ് ആവറേജ് 90 ശതമാനത്തിലധികമാണ്. രാജ്യത്ത് മറ്റെവിടെയും ഇത്ര നല്ല നിലയിൽ പദ്ധതി നിർവഹണം നടക്കുന്നില്ല എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ഉയർന്ന വികസന സൂചികകൾ കൈവരിച്ചിട്ടുള്ള കേരളത്തെ വികസനത്തിന്റെ അടുത്ത പടിയിലേക്ക് കയറാൻ പ്രാപ്തമാക്കുന്നവയാണ് നിർദേശിച്ച പുതിയ പദ്ധതികൾ. കേന്ദ്രം പലപ്പോഴും സ്വീകരിക്കുന്ന 'വൺ സൈസ് ഫിറ്റ്സ് ഓൾ' എന്ന തരത്തിലുള്ള വികസന കാഴ്ചപ്പാട് കേരളത്തിനനുയോജ്യമായതല്ല. കേരളത്തിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന കാഴ്ചപ്പാടും പദ്ധതികളുമാണ് നമുക്കു വേണ്ടത്. നമ്മുടെ നേട്ടങ്ങളെ ഇനിയും മുമ്പോട്ടുകൊണ്ടുപോവുക എന്നതാണാവശ്യം. അതിനു സഹായകമാകുന്ന കേന്ദ്രപദ്ധതികൾ നല്ല നിലയിൽ സംസ്ഥാനം പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ നൂറുശതമാനം വൈദ്യുതിവൽക്കരണം യാഥാർത്ഥ്യമാക്കിയതും സമ്പൂർണ വെളിയിട വിസർജന വിമുക്തമാക്കി കേരളത്തെ മാറ്റിയതും മറ്റു പല സംസ്ഥാനങ്ങളും അത്തരം നേട്ടങ്ങൾ കൈവരിക്കുന്നതിനു മുമ്പാണ് എന്നത് നാം ഓർക്കണം.

നമുക്കുവേണ്ട പദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനുമുള്ള അവകാശം സംരക്ഷിക്കുന്ന തരത്തിൽ അവയ്ക്കുവേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്തുകയാണ് കേന്ദ്രം ചെയ്യേണ്ടത്. ജിഎസ്ടിയും മറ്റും നടപ്പിലാക്കിയതിലൂടെ സംസ്ഥാനങ്ങൾക്ക് പരിമിതമായി ഉണ്ടായിരുന്ന സാമ്പത്തികാവകാശങ്ങൾ പോലും ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. അതിന്റെ അടുത്തപടിയെന്നോണം സംസ്ഥാനങ്ങളുടെ വിഭവങ്ങൾ ഇന്നയിന്ന മേഖലകളിൽ ഉപയോഗിക്കണം എന്നു കേന്ദ്രം നിർദേശിക്കുന്നത് ആശാവഹമല്ല. സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതം അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നത് കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസം. ഭാവനാപൂർണമായ പദ്ധതികൾ ആസൂത്രണം ചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങൾക്കുള്ള അവകാശം കേന്ദ്രം ഉറപ്പുവരുത്തുമ്പോൾ മാത്രമേ ഫെഡറലിസം അർത്ഥവത്താവുകയുള്ളു. ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത് ഇന്ത്യൻ ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയിട്ടുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP