Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഡിഎഫ് സർക്കാർ നൽകിയ ലിസ്റ്റിൽ പരിഷ്‌ക്കരണം വരുത്തി ഗവർണർക്ക് നൽകിയെന്ന് സമ്മതിച്ചു മുഖ്യമന്ത്രി; കൊടി സുനിയും സംഘവും ഉണ്ടോ എന്ന കാര്യത്തിൽ മൗനം; വിവരം പുറത്തുവിട്ട് ഗവർണറോട് അമർഷം; 1860 പ്രതികൾക്ക് ശിക്ഷാ കാലാവധി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ കുറിച്ച് പിണറായി പറയുന്നത് ഇങ്ങനെ

യുഡിഎഫ് സർക്കാർ നൽകിയ ലിസ്റ്റിൽ പരിഷ്‌ക്കരണം വരുത്തി ഗവർണർക്ക് നൽകിയെന്ന് സമ്മതിച്ചു മുഖ്യമന്ത്രി; കൊടി സുനിയും സംഘവും ഉണ്ടോ എന്ന കാര്യത്തിൽ മൗനം; വിവരം പുറത്തുവിട്ട് ഗവർണറോട് അമർഷം; 1860 പ്രതികൾക്ക് ശിക്ഷാ കാലാവധി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ കുറിച്ച് പിണറായി പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: ജയിലിൽ തടവിൽ കഴിയുന്ന കുറ്റവാളികളിൽ നിന്നും കുറേപ്പേരെ വിട്ടയക്കാൻ തീരുമാനിച്ചു വെന്ന വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജയിലുകളിൽ നിന്നും കൂട്ടത്തോടെ ആരെയും പുറത്തുവിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതേസമയും യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ലിസ്റ്റിൽ പരിഷ്‌ക്കരണം വരുത്തിയെന്ന കാര്യം മുഖ്യമന്ത്രിയും സമ്മതിച്ചു. സംഭവം വിവാദമായപ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് യുഡിഎഫ് സർക്കാറാണ് എന്നു പറഞ്ഞായിരുന്നു ഇടതു കേന്ദ്രങ്ങൾ പ്രതിരോധിച്ചത്. എന്നാൽ, ഈ വിഷയത്തിൽ ഇടതു സർക്കാറിന്റെ കൃത്യമായ ഇടപെടൽ ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു.

നിയമപ്രകാരം ഇളവിനുള്ള ശുപാർശ നൽകുക മാത്രമാണു സർക്കാർ ചെയ്തതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തടവുകാരുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട ഫയൽ തിരിച്ചയച്ച വാർത്ത, ഗവർണർ പുറത്തുവിടരുതായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

1860 കുറ്റവാളികൾക്കു ശിക്ഷയിളവു ചെയ്തു നൽകാൻ ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ അയച്ച ഫയൽ ഗവർണർ പി.സദാശിവം തിരിച്ചയച്ചിരുന്നു. അനർഹരായ തടവുകാർ പട്ടികയിലുണ്ടെന്നു കണ്ടെത്തിയാണു സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഗവർണർ സർക്കാർ ശുപാർശ നിരസിച്ചത്. അതേസമയം, ഒരാളേപ്പോലും വിട്ടയയ്ക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാനുള്ള നടപടിക്രമങ്ങൾക്കു തുടക്കം കുറിച്ചിരുന്നു. അന്ന് വിട്ടയയ്ക്കാൻ ശ്രമിച്ചപ്പോൾ ചില തടസങ്ങൾ ഉണ്ടായി എന്നാണു മനസിലാക്കുന്നത്.

ഞങ്ങൾ ചെയ്തത് ഇതാണ്: സാധാരണ ഗതിയിൽ വിട്ടയയ്ക്കാൻ പാടില്ലാത്ത ചില പ്രതികളുണ്ട്. അങ്ങനെയുള്ളവരുടെ ശിക്ഷയിൽ യാതൊരു ഇളവും അനുവദിക്കാൻ പാടില്ല. സാധാരണ ശിക്ഷയിൽ അർഹമായ ചില ഇളവുകൾ അനുവദിക്കും. അത് വിട്ടയയ്ക്കലല്ല. ശിക്ഷാ കാലവധിയിൽ കിട്ടുന്ന ഒരു ഇളവു മാത്രമാണ്. ഇത്തരം ഇളവിനുള്ള ശുപാർശ സർക്കാർ നൽകിയിട്ടുണ്ട്. അതും വെറുമൊരു തോന്നലിന്റെ അടിസ്ഥാനത്തിൽ ചെയ്തതല്ല. ഒരു കമ്മിറ്റിയെ വച്ച്, അവർ കേസുകൾ കൃത്യമായി പഠിച്ച് ശുപാർശകൾ നൽകുകയാണ് ചെയ്തത്. സർക്കാർ അത് ഗവർണറെ അറിയിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം ചില വിശദീകരണങ്ങൾ ചോദിച്ചു. അതു മറുപടിയായി നൽകുകയും ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ലിസ്റ്റിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. കൊടിസുനിയും സംഘവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കൊടിസുനിയും ഓംപ്രകാശും ഉൾപ്പെടെയുള്ള 1850 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശയാണ് പിണറായി സർക്കാർ ഗവർണർക്കു മുന്നിൽ അനുമതിക്കായി സമർപ്പിച്ചതെന്നും ഇതിൽ കൊടുംകുറ്റവാളികൾ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടുവെന്നതിനാൽ ഗവർണർ അതിന് അനുമതി നൽകാതെ തിരിച്ചയക്കുകയായിരുന്നുവെന്നും നേരത്തെ മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതിന് പിന്നാലെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ഇന്ന് മുഖ്യധാരാ പത്രങ്ങളിൽ ഉൾപ്പെടെ വിഷയം വാർത്തയാവുകയും ചെയ്തിരുന്നു. കണ്ണൂർ ജയിലിലെ എട്ട് ജീവപര്യന്തം തടവുകാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അകാല വിടുതൽ നൽകാനും ഗവർണറോട് ശുപാർശ ചെയ്യാനുമായിരുന്നു ഇക്കഴിഞ്ഞ ഡിസംബർ 28ന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കൊടുംകുറ്റവാളികളെ ഉൾപ്പെടെ വിട്ടയക്കാൻ ആണ് ശുപാർശയെന്നുകണ്ടാണ് ഗവർണർ പട്ടിക മടക്കിയതെന്ന വിവരമാണ് മറുനാടൻ പുറത്തുവിട്ടത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണൻ സിജിത്ത്,കെ ഷിനോജ് എന്നിവരെല്ലാം പട്ടികയിൽ ഇടം പിടിച്ചതായും ഇവരെ കൂടാതെ അൻപതോളം സി പി എം തടവുകാർ ഗവർണർ തള്ളിയ പട്ടികയിൽ ഉണ്ടായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയിൽ ഇടം നേടിയെന്നും കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരൻ വിനോദും പട്ടികയിലുണ്ടെന്നും വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP