Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യദിനം ഒമ്പതിന് ഓഫീസിൽ എത്തിയ പിണറായി ഒരു മണിക്ക് ഊണു കഴിക്കാൻ പോയി; വീണ്ടും മൂന്നിന്ന് തന്നെ എത്തി: ചർച്ചകളുമായി ഉദ്യോഗസ്ഥ നിര; എല്ലാ മന്ത്രിമാരും ആഴ്‌ച്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഉണ്ടാകണമെന്ന് കർശന നിർദ്ദേശം

ആദ്യദിനം ഒമ്പതിന് ഓഫീസിൽ എത്തിയ പിണറായി ഒരു മണിക്ക് ഊണു കഴിക്കാൻ പോയി; വീണ്ടും മൂന്നിന്ന് തന്നെ എത്തി: ചർച്ചകളുമായി ഉദ്യോഗസ്ഥ നിര; എല്ലാ മന്ത്രിമാരും ആഴ്‌ച്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഉണ്ടാകണമെന്ന് കർശന നിർദ്ദേശം

തിരുവനന്തപുരം: എന്ത് കാര്യം ചെയ്താലും അതിൽ അച്ചടക്കവും നിഷ്ഠയും വേണമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അദ്ദേഹത്തിന്റെ ഓരോ ശൈലിയിലും വ്യക്തമാണ് താനും. സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിൽ തന്നെയാണ് ആദ്യദിനം ചിലവഴിച്ചത്. മിക്ക മന്ത്രിമാരും ഇന്നലെ ഓഫീസിലും മറ്റുമായി ചിലവഴിക്കുകായായിരുന്നു. അതേസമയം സന്ദർശനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ട് തിരക്കൊഴിഞ്ഞ ദിവസം കൂടിയായിരുന്നു ഇന്നലെ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ നിന്നും തീർത്തും വ്യത്യസ്തമായ ഓഫീസിനെയാണ് പിണറായി വിജയൻ വാർത്തെടുക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിമാർക്കും കൃത്യമായ ചില നിർദേശങ്ങളും അദ്ദേഹം നൽകി കഴിഞ്ഞു. ആർക്കും എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാനെത്താം എന്ന സാഹചര്യം നിലവിലുണ്ടാകില്ല.

ഇന്നലെ പുതിയ മുഖ്യമന്ത്രി പിണറായി വിജയൻ പകൽ മുഴുവൻ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലുണ്ടായിരുന്നു. ഉദ്യോഗസ്ഥരും അത്യാവശ്യ സന്ദർശകരും മന്ത്രിമാരും മാത്രമാണ് അവിടേക്ക് എത്തിയത്. ഇന്നലെ രാവിലെ കൃത്യം ഒൻപതിനു മുഖ്യമന്ത്രി ഓഫിസിൽ എത്തി. സെക്രട്ടറിയേറ്റിലെ ജീവനക്കാർ പോലും ഈ സമയം എത്തിയിരുന്നില്ല. അതിന് മുമ്പേ തന്നെ മുഖ്യമന്ത്രിയെത്തി. അവിടെ കാത്തുനിന്ന ടിവി ചാനലുകാരോടു പതിവില്ലാത്ത കുശലാന്വേഷണം 'എല്ലാവരുമുണ്ടല്ലോ രാവിലെ'. ചിരിച്ചുകൊണ്ടു നേരെ ഓഫിസിലേക്ക്. തൊട്ടുപിന്നാലെ ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരിയെത്തി. ഡീസൽ വാഹനങ്ങൾക്കെതിരായ ഹരിത ട്രിബ്യൂണൽ വിധി സംബന്ധിച്ചു ചർച്ചയ്ക്ക്. ഇന്റലിജൻസ് മേധാവി എഡിജിപി: എ. ഹേമചന്ദ്രനായിരുന്നു അടുത്ത സന്ദർശകൻ. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല മുഖ്യമന്ത്രിക്കുള്ളതിനാൽ എല്ലാ ദിവസവും ഈ കൂടിക്കാഴ്ച ഉണ്ടാകും.

എ.കെ.ബാലൻ, എ.സി.മൊയ്തീൻ, ജി.സുധാകരൻ എന്നിങ്ങനെ ഓരോ മന്ത്രിമാർ ചുമതലയേൽക്കുംമുൻപേ മുഖ്യമന്ത്രിയെ കാണാൻ എത്തി. ചിലർ ബുധനാഴ്ച രാത്രി തന്നെ ചുമതലയേറ്റിരുന്നു. അതിനിടെ എഡിജിപി: ബി.സന്ധ്യ വന്നു. പെരുമ്പാവൂർ ജിഷ വധക്കേസിൽ അന്വേഷണം ഇന്നു തുടങ്ങുമെന്നും ദക്ഷിണ മേഖലാ എഡിജിപിയായി ഇന്നു തന്നെ ചുമതലേയൽക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കെ.പത്മകുമാറും എത്തി. ജിഷ കേസ് അന്വേഷണം സന്ധ്യയെ ഏൽപ്പിച്ചതും അവരെ ദക്ഷിണ മേഖല എഡിജിപിയാക്കിയതും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തി.

കൃത്യം ഒരു മണിക്ക് ഭക്ഷണത്തിനായി അദ്ദേഹം വസതിയിലേക്ക് ചിരിച്ചു. തിരിച്ചിറങ്ങുമ്പോൾ മാദ്ധ്യമ പ്രവർത്തകരുടെ ഏതാനും ചോദ്യങ്ങൾക്കു മറുപടി. മൂന്നോടെ വീണ്ടും സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എത്തി. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സംവിധായകൻ കെ. മധു, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി: കെ.എസ്.ബാലസുബ്രഹ്മണ്യൻ..സന്ദർശകർ വന്നുകൊണ്ടിരുന്നു.

പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, മാദ്ധ്യമ ഉപദേഷ്ടാവ് കൂടിയായ സ്‌പെഷൽ സെക്രട്ടറി പ്രഭാവർമ എന്നിവരുമായും ഇടയ്ക്കിടെ ചർച്ചകൾ. ആഴ്ചയിൽ അഞ്ചു ദിവസം എല്ലാ മന്ത്രിമാരും സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നു നിർദേശിച്ച മുഖ്യമന്ത്രി, ആദ്യ ദിവസം തന്നെ പത്തു മണിക്കൂറിലേറെ ഓഫിസിൽ ചെലവിട്ടാണു മാതൃകയായത്.

മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസവും സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നു. ആദ്യ ആറു മാസത്തേക്കാണ് ഈ വ്യവസ്ഥ. വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാകുന്ന മുറയ്ക്ക് ഇതിൽ ഇളവ് ഉണ്ടാകാം. മന്ത്രിമാർക്കു വകുപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ച ഫയൽ ഗവർണറുടെ അംഗീകാരം നേടിയ ശേഷം ഇന്നലെയാണു തിരിച്ചെത്തിയത്. തുടർന്നു വിശദ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. സർക്കാർ പ്രവർത്തിച്ചുതുടങ്ങിയ ആദ്യ ദിവസമായതിനാൽ സെക്രട്ടേറിയറ്റിൽ മാദ്ധ്യമപ്പട തന്നെ കാത്തുനിന്നിരുന്നു. അവർ ഓരോ മന്ത്രിയെ വീതം കണ്ട് അവരുടെ വകുപ്പിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ചോദിച്ചു വാർത്തയാക്കിക്കൊണ്ടിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കാലത്തേതിൽ നിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ ഓഫിസ് ശാന്തമാണ്. ഓഫിസിനു മുന്നിലെ ഇടനാഴിയിൽ ആൾക്കൂട്ടമില്ല. രണ്ടോ മൂന്നോ പൊലീസുകാരും ഇടയ്ക്കു മുഖ്യമന്ത്രിയെ കാണാനെത്തുന്ന സന്ദർശകരും മാത്രം. രാവിലെ ഉണ്ടായിരുന്ന സന്ദർശകരുടെ തിരക്കു കുറേ കഴിഞ്ഞപ്പോൾ കുറഞ്ഞു. മന്ത്രിമാരെല്ലാം ഇന്നലെ തുടർച്ചയായി യോഗങ്ങളിലായിരുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തര ചർച്ച. അടിയന്തര തീരുമാനമെടുക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചായിരുന്നു ആലോചനകളിൽ ഏറെയും.

വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റിൽ നിന്നെത്തുന്ന ഫയലുകൾ ഇനി നേരിട്ടു വകുപ്പു സെക്രട്ടറിക്കും മന്ത്രിക്കും പോകുമെന്ന നിർദേശവും മുഖ്യമന്ത്രിയുടെ മുന്നിലുണ്്. ഇത് നിലവിലുള്ള സംവിധാനം അട്ടിമറിക്കപ്പെടുമെന്നും സെക്രട്ടേറിയറ്റ് തന്നെ അപ്രസക്തമാകുമെന്നുമൊക്കെയാണ് ജീവനക്കാർ ആശങ്കപ്പെടുന്നത്. നിലവിൽ സെക്രട്ടേറിയറ്റ് മാനുവൽ അനുസരിച്ച് അസിസ്റ്റന്റും സെക്ഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമെല്ലാം കണ്ടു വേണം ഫയൽ മുകളിലേക്കു പോകാൻ.

എൽഡിഎഫ് പ്രകടന പത്രികയിൽ പുതിയ ഫയൽ നീക്ക സംവിധാനം പറയുന്നുണ്ട്. എന്നാൽ ഭരണപരമായ എല്ലാ ഫയലുകളും ഇപ്പോഴത്തെ രീതിയിൽ തന്നെ നീങ്ങുമെന്നു ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വ്യക്തമാക്കി. അതേസമയം, നയ തീരുമാനം എടുക്കേണ്ടവ വകുപ്പു മേധാവി നേരിട്ടു സെക്രട്ടറിക്കും തുടർന്നു മന്ത്രിക്കും നൽകി മന്ത്രിസഭയിൽ അവതരിപ്പിക്കുന്ന രീതിയിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഭരണപരിഷ്‌ക്കാര സമിതിയുടെ ശുപാർശകളിൽ ഒന്നായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP