Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കവെ ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി മുഖ്യമന്ത്രി; അദ്ധ്യാപക നിയമനത്തിന് പോലും ന്യൂനപക്ഷ സ്ഥാപനങ്ങൾ പണം വാങ്ങുന്നില്ലെന്ന് പുകഴ്‌ത്തൽ; എയ്ഡഡ് മേഖലയിലെ പ്രവർത്തനങ്ങളിൽ കൈകടത്തലുണ്ടാകില്ലെന്നും പിണറായിയുടെ ഉറപ്പ്

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കവെ ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി മുഖ്യമന്ത്രി; അദ്ധ്യാപക നിയമനത്തിന് പോലും ന്യൂനപക്ഷ സ്ഥാപനങ്ങൾ പണം വാങ്ങുന്നില്ലെന്ന് പുകഴ്‌ത്തൽ; എയ്ഡഡ് മേഖലയിലെ പ്രവർത്തനങ്ങളിൽ കൈകടത്തലുണ്ടാകില്ലെന്നും പിണറായിയുടെ ഉറപ്പ്

കൊച്ചി: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണം ശക്തമായ വേളയിൽ ക്രൈസ്തവ മതമേധാവികളുമായി കൂടിക്കാഴ്‌ച്ച നടത്തി മുഖ്യമന്ത്രി പിണറായി. എൽ.ഡി.എഫ്. സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ബോൾഗാട്ടി പാലസ് ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്‌ച്ച. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച്ച.

കൂടിക്കാഴ്ചയിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, മലബാർ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറിൽ മാർ ബസേലിയോസ്, പൗരസ്ത്യ കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ അപ്രേം, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന ബിഷപ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാർത്തോമ സഭ ബിഷപ് ജോസഫ് മാർ ബർണബാസ് എന്നിവരാണ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്.

പെന്തക്കോസ്ത് വിഭാഗത്തിനു മതം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശരിയായി പ്രവർത്തിക്കുന്നവരെ കൂടുതൽ ശാക്തീകരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർത്ഥി പ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിനും ഒരു പൈസ പോലും വാങ്ങാത്ത പാരമ്പര്യമാണ് മുൻകാലങ്ങളിൽ ന്യൂനപക്ഷ എയ്ഡഡ് മാനേജ്മെന്റുകൾക്കുണ്ടായിരുന്നത്. എന്നാൽ, സ്വാശ്രയ രീതി വന്നതോടെ ഈ സേവന കാഴ്ചപ്പാടിൽ മാറ്റമുണ്ടായി. പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങാത്തവർ അപൂർവമായാണെങ്കിലുമുണ്ട്.

എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു കൈകടത്തലും സർക്കാർ ഉദ്ദേശിക്കുന്നില്ല. എയ്ഡഡ് മേഖലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ തസ്തികകൾ അനുവദിക്കണമെന്നാണ് സർക്കാർനിലപാട്. കാലതാമസമുണ്ടാകുന്നത് സർക്കാരിന്റെ സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. ഇതൊഴിവാക്കി തസ്തികകൾ അനുവദിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു സമാധാനാന്തരീക്ഷം സംരക്ഷിക്കാനും വിദ്യാഭ്യാസനിലവാരം ഉയർത്താനും സർക്കാർ സ്വീകരിക്കുന്ന നടപടികളെ സമുദായ നേതാക്കൾ അഭിനന്ദിച്ചു. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീരദേശ പരിപാലന നിയമം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് പദവിയിൽ 50 വർഷം തികച്ച കൽദായ സഭാധ്യക്ഷൻ മാർ അപ്രേമിനെ മുഖ്യമന്ത്രി പൊന്നാട ചാർത്തി ആദരിച്ചു.

അഡ്വ. വി സി സെബാസ്റ്റ്യൻ, ഫാ. മാത്യു കല്ലിങ്കൽ, ഗ്ലാഡ്സൺ ജേക്കബ്, ബിനു കാർഡസ്, അരുൺ ഡേവിഡ്, സി.എസ്‌ഐ. ബിഷപ് ജേക്കബ് ഉമ്മൻ, സി. ജോൺ മാത്യു, ഡോ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ഫാ. റോയ് മാത്യു വടക്കേൽ, ഡോ.കെ.സി. ജോൺ, ഡോ. മാത്യു കുരുവിള, പ്രഫ. മാത്യൂസ് വാഴക്കുന്നം, പ്രഫ. മോനമ്മ കൊക്കാട്, എസ്.ജെ. സാംസൺ തുടങ്ങിയവർ പങ്കെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP