Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി; വെള്ളം കയറാൻ സാധ്യയുള്ള പെരിയാർ, ചാലക്കുടി തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം; രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളി ബോട്ടുകളും പുറത്തിറക്കുമെന്ന് പിണറായി

മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി; വെള്ളം കയറാൻ സാധ്യയുള്ള പെരിയാർ, ചാലക്കുടി തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം; രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളി ബോട്ടുകളും പുറത്തിറക്കുമെന്ന് പിണറായി

തിരുവനന്തപുരം: കേരളത്തിൽ മുമ്പെങ്ങും ഇല്ലാത്ത വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ഇബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞു കവിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്. ഇതിനെ നേരിടാൻ മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ അവസ്ഥ സൂചിപ്പിച്ചും, സഹായം ആവശ്യപ്പെട്ടും പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി എന്നിവരെ വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം നൽകാമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി നേരിടാൻ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പുകൾ ഒരു കാരണവശാലും അവഗണിക്കരുത്. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കാൻ നിർബന്ധം പിടിക്കരുത്, ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറണെമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം കയറാൻ സാധ്യയുള്ള പെരിയാർ, ചാലക്കുടി തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. പെരിയാറിൽ ഒരു മീറ്ററോളം വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്, അതുകൊണ്ട് കരകളിലുള്ളവർ അൽപം മാറി താമസിക്കുക. ആലുവയുടെ ഭാഗത്തും മാറേണ്ട സാഹചര്യമുണ്ടായാൽ നിർബന്ധമായും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനം കൂടുതൽ കരുത്തോടെയാണ് മുന്നോട്ട് പോകുന്നത്. നിലവിൽ 52 വിവിധ ടീമുകൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് വേണ്ടി ആർമിയുടെ സ്പെഷ്യൽ ഫോഴ്സിനെ വിന്യസിക്കും. ഇതിനു വേണ്ടി ആർമിയുമായി സംസ്ഥാന സർക്കാർ ബന്ധപ്പെട്ടു കഴിഞ്ഞു. കൂടാതെ എയർഫോഴ്സിന്റെയും നേവിയുടേയും നാല് വീതം ഹെലികോപ്റ്റർ കൂടി രംഗത്തെത്തിക്കും. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും, ഇതോടൊപ്പം മറൈൻ കമാൻഡോസും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടേയും ബോട്ടുടമകളുടേയും പക്കലുള്ള എൻജിൻ പിടിപ്പിച്ച ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് വിട്ട് തരാനും ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ടുകളിലെ ഇന്ധനം തീർന്നുപോകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങൾ കേന്ദ്രസേന അടയാളപ്പെടുത്തിയിട്ടുണ്ട്.ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകി കഴിഞ്ഞു. മെയ്‌ 29 മുതൽ മുതൽ ഇന്നലെ വരെ 256 പേർ മരണപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ മാത്രം 65 പേർ മരണപ്പെട്ടിട്ടുണ്ട്. ഇന്ന് മാത്രം 8 പേർ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. കമ്മിറ്റിയിൽ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥരും സെൻട്രൽ വാട്ടർ അഥോറിറ്റിയുടെ ചെയർമാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിക്കും. റിസർവോയറുടെ കാര്യം തീരുമാനിക്കുക ഈ കമ്മിറ്റി മുഖാന്തരമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയോടെയുള്ള മുൻകരുതൽ സ്വീകരിക്കണം. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശത്ത് ഒരു കാരണവശാലും തങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP