Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച്ചു; മലയാളം മുൻഷി തോൽക്കുന്നിടം വരെ പഠിപ്പിക്കണമെന്ന് അമ്മയെക്കൊണ്ടു വാക്കു വാങ്ങിച്ചു: പതിവുശൈലി വിട്ട് ചെറുപ്പകാലത്തെക്കുറിച്ചു വികാരപരമായി സംസാരിച്ചു പിണറായി വിജയൻ

ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച്ചു; മലയാളം മുൻഷി തോൽക്കുന്നിടം വരെ പഠിപ്പിക്കണമെന്ന് അമ്മയെക്കൊണ്ടു വാക്കു വാങ്ങിച്ചു: പതിവുശൈലി വിട്ട് ചെറുപ്പകാലത്തെക്കുറിച്ചു വികാരപരമായി സംസാരിച്ചു പിണറായി വിജയൻ

ആലപ്പുഴ: രാഷ്ട്രീയം മാറ്റിവച്ചു സ്വകാര്യ ജീവിതത്തെക്കുറിച്ചു വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. ബീഡിക്കു നൂലു കെട്ടാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിച്ചു ശാസിച്ചതും തോൽക്കുന്നിടം വരെ പഠിപ്പിക്കണമെന്ന് മലയാളം മുൻഷി അമ്മയെക്കൊണ്ടു വാക്കു വാങ്ങിച്ചതുമൊക്കെ പിണറായി ഓർമിച്ചു.

ഇൻഫോസിസ് മുൻ മേധാവി എസ് ഡി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ നിർധന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണ പരിപാടിയിലാണു പതിവുശൈലിയിൽനിന്നു മാറി പിണറായി സ്വന്തം ഓർമകൾ പങ്കുവച്ചത്. ജീവിതം വഴിമാറിപ്പോകുമായിരുന്ന ഘട്ടങ്ങളിൽ ചില വ്യക്തികളുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ താൻ മറ്റെവിടെയെങ്കിലും ചെന്നെത്തുമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

എൽ.പി. സ്‌കൂൾ കഴിഞ്ഞപ്പോൾ തുടർന്നു പഠിക്കേണ്ടെന്നായിരുന്നു വീട്ടിൽനിന്നു പറഞ്ഞത്. നാട്ടിൽ വ്യാപകമായ പണി ബീഡി തെറുപ്പായിരുന്നു. ബീഡിക്കു നൂൽ കെട്ടാൻ വിടാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഈ വിവരം അറിഞ്ഞ നാട്ടിലെ പ്രമാണി കൂടിയായ ഹെഡ്‌മാസ്റ്റർ അമ്മയെ വിളിപ്പിച്ചു. ബീഡിപ്പണിക്കു വിടാതെ തുടർന്നു പഠിപ്പിക്കണമെന്നു നിർദേശിച്ചു. അങ്ങനെ ആ കടമ്പ കടന്നു യു.പി. സ്‌കൂളിലെത്തി.

അവിടെ മലയാളം അദ്ധ്യാപകനായിരുന്ന, മുൻഷിയെന്നു വിളിക്കുന്ന നാട്ടിലെ ആദരണീയനായ പണ്ഡിതൻ അമ്മയെ വിളിച്ചുവരുത്തി. ഇവൻ തോൽക്കുന്നതു വരെ പഠിപ്പിക്കണമെന്നു പറഞ്ഞ് അമ്മയെക്കൊണ്ടു വാക്ക് കൊടുപ്പിച്ചു. ഇങ്ങനെയൊക്കെ വാക്കു ചെയ്യിക്കാൻ ആളില്ലായിരുന്നെങ്കിൽ ഞാൻ എവിടെ ചെന്ന് എത്തുമായിരുന്നെന്ന് പറയാനാകില്ല. അവർ രണ്ടു പേരും എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ല എനിക്ക് വേണ്ടി ഇടപെട്ടത്. നമ്മൾ സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് പറയുന്നതിന്റെ തെളിവായി ഇതിനെ കാണാമെന്നും പിണറായി പറഞ്ഞു.

എൽ.പി, യു.പി. ക്ലാസുകളിലായിരുന്നപ്പോൾ വീട്ടിൽ വന്ന് ഉച്ചഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നു. ഹൈസ്‌കൂൾ പഠന കാലത്ത് അത് സാധ്യമായിരുന്നില്ല. ഭക്ഷണം കഴിക്കാൻ പണവുമില്ല. സ്‌കൂളിനുസമീപമുള്ള കാപ്പിക്കടയിൽ പോയി ചെറിയ അണക്കാശിന് ലഭിക്കുന്ന തേങ്ങയിട്ട അവിലാണ് താനുൾപ്പടെ പല കുട്ടികളും കഴിച്ചിരുന്നത്. കോളജിൽ എത്തിയപ്പോൾ അടങ്ങിയൊതുങ്ങിയുള്ള രീതിയൊക്കെ മാറി. അത് സംഘടനാ പ്രവർത്തനം ആരംഭിച്ച കാലമായിരുന്നു. ഒരു മണിക്കൂർ നടന്നാണ് കോളജിൽ എത്തിയിരുന്നത്. വീട്ടിൽനിന്ന് അമ്മ തന്നു വിടുന്ന ഒറോട്ടിയെന്നു വിളിക്കുന്ന റൊട്ടിയാണ് കൊണ്ട് വന്നു കഴിച്ചിരുന്നത്.

അമ്മാവന്റെ സഹായത്താൽ പഠിച്ച കോളജിലെ സുഹൃത്തിന് വിദ്യാർത്ഥി സംഘടനാപ്രവർത്തനം നടത്തിയതിന്റെ പേരിൽ അതു നിഷേധിക്കപ്പെട്ടപ്പോൾ ഉദാരമതികളെ കണ്ടെത്തി തുടർപഠനം സാധ്യമാക്കിയതും അദ്ദേഹം അറിയപ്പെടുന്ന പ്രഫസറായി വളർന്നതും പിണറായി വിശദീകരിച്ചു. പാവപ്പെട്ട കുടുംബങ്ങളിൽ ജനിച്ചവർക്ക് അപകർഷതാ ബോധമല്ല, ജീവിതത്തെക്കുറിച്ചു ദിശാബോധമാണ് വേണ്ടതെന്ന് സ്‌കോളർഷിപ് സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളെ അദ്ദേഹം ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP