Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി; 'സർക്കാർ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥർക്ക് വേണ്ടിയല്ല'; അഴിമതി ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല, സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കും: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് മുന്നയിപ്പുമായി പിണറായി

ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി; 'സർക്കാർ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥർക്ക് വേണ്ടിയല്ല'; അഴിമതി ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല, സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കും: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് മുന്നയിപ്പുമായി പിണറായി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് കർശനമായ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് മനസിലാക്കണമെന്ന് അദ്ദേഹം സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ളതല്ലെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും പിണറായി ഓർമ്മിപ്പിച്ചു.

ഭരണം എന്നത് തുടർച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികൾ മാറി വന്നു എന്നു വരും. ഭരണം അതിന്റേതായ രീതിയിൽ പോകേണ്ടതായിട്ടുണ്ട്. അത് എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, എങ്ങനെ കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവൻ ജീവനക്കാരുടെയം സഹകരണം ഉണ്ടാവണം. എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണം. തസ്തികകളുടെ കാര്യത്തിൽ മാത്രമായിരിക്കണം വേർതിരിവ്. മറ്റു തരത്തിലുള്ള ഒരുമ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ബോധത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ വലിയ മുന്നേറ്റം എല്ലാ കാര്യങ്ങളിലും ഉണ്ടാക്കാൻ സാധിക്കും.

ഉദ്യോഗസ്ഥർ പല തരക്കാരുണ്ട്. കുറേ കാലം ഉദ്യോഗത്തിൽ തുടരുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ ശരിയായ തീവ്രതയോടെ മനസിലാക്കാൻ കഴിയാത്തവരുണ്ട്. നിങ്ങളുടെ മുന്നിൽ എത്തുന്ന ഫയലിൽ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണം. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളിൽ ഉള്ളത്. മിക്കവാറും ഫയലുകളിൽ നിങ്ങൾ ഒരു കുറിപ്പെഴുതുന്നുണ്ട്. ആ കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവർ തുടർന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്.

അത്രയും പ്രധാന പ്രശ്നങ്ങളിലെ അഭിപ്രായങ്ങളാണ് നിങ്ങളുടെ പേന കൊണ്ട് കുറിച്ചിടുന്നത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രതികൂല പരാമർശം വന്നാൽ ജീവിതം തന്നെ തകർന്നു എന്നു കരുതുന്നവരുണ്ട്. ആ തകർച്ചയുടെ ഫലമായി ഹിമാചലിൽ ഒരു വയോധിക ആത്മഹത്യ ചെയ്തിട്ടുണ്ട്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകൾക്കെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

ജീവനക്കാർക്ക് മുന്നിലെത്തുന്ന ഫയലുകളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുക്കണം. ജീവനക്കാർ അർപ്പണബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കും.
ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ കൂടെ ഉണ്ടാകും. നിലവിലുള്ള വീഴ്ചകൾക്ക് ഉത്തരവാദി സർക്കാർ ജീവനക്കാരാണെന്ന അഭിപ്രായം സർക്കാരിനില്ല. സമൂഹത്തെയാകെ ബാധിച്ച അലസത സർക്കാരിനെയും ബാധിച്ചിട്ടുണ്ട്. ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജീവനക്കാർ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. കൂടാതെ ജോലി ചെയ്യുന്നതിനിടയ്ക്ക് സാഹിത്യവാസന ഉണർത്താൻ നിൽക്കരുതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഭരണം എന്നത് തുടർച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികൾ മാറി വന്നു എന്നു വരും. ഭരണം അതിന്റേതായ രീതിയിൽ പോകേണ്ടതായിട്ടുണ്ട്. അത് എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, എങ്ങനെ കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവൻ ജീവനക്കാരുടെയം സഹകരണം ഉണ്ടാവണം. എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണം. തസ്തികകളുടെ കാര്യത്തിൽ മാത്രമായിരിക്കണം വേർതിരിവ്. മറ്റു തരത്തിലുള്ള ഒരുമ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ബോധത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ വലിയ മുന്നേറ്റം എല്ലാ കാര്യങ്ങളിലും ഉണ്ടാക്കാൻ സാധിക്കും.

ഉദ്യോഗസ്ഥർ പല തരക്കാരുണ്ട്. കുറേ കാലം ഉദ്യോഗത്തിൽ തുടരുമ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ശരിയായ തീവ്രതയോടെ മനസിലാക്കാൻ കഴിയാത്തവരുണ്ട്. നിങ്ങളുടെ മുന്നിൽ എത്തുന്ന ഫയലിൽ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണം. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളിൽ ഉള്ളത്. മിക്കവാറും ഫയലുകളിൽ നിങ്ങൾ ഒരു കുറിപ്പെഴുതുന്നുണ്ട്. ആ കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവർ തുടർന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്. അത്രയും പ്രധാന പ്രശ്‌നങ്ങളിലെ അഭിപ്രായങ്ങളാണ് നിങ്ങളുടെ പേന കൊണ്ട് കുറിച്ചിടുന്നത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രതികൂല പരാമർശം വന്നാൽ ജീവിതം തന്നെ തകർന്നു എന്നു കരുതുന്നവരുണ്ട്. ആ തകർച്ചയുടെ ഫലമായി ഹിമാചലിൽ ഒരു വയോധിക ആത്മഹത്യ ചെയ്തിട്ടുണ്ട്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകൾക്ക്.

എല്ലാ ഫയലുകളിലും അനുകൂലമായി എഴുതണമെന്നല്ല. ഓരോ ഫയലിനെയും സമീപിക്കുന്നത് ആ ഫയലിൽ ജീവിതം ഉണ്ടെന്ന കരുതൽ നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഇപ്പോഴും നമ്മുടെ നാട്ടിൽ ബ്രിട്ടീഷുകാർ സ്വീകരിച്ച ഫയൽ നോട്ടരീതിയാണ് തുടരുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ എങ്ങനെയൊക്കെ അനുവദിക്കാതിരിക്കാം എന്നതാണ് പഴയ കൊളോണിയൽ സമ്പ്രദായത്തിലെ ഫയൽനോട്ട രീതി. വലിയ മാറ്റമൊന്നും ഇതിൽ വന്നിട്ടില്ല. നെഗറ്റീവ് ഫയൽ നോട്ട സമ്പ്രദായം മാറ്റി പോസിറ്റീവ് ഫയൽനോട്ട രീതിയിലേക്കു മാറണം. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്നതായിരിക്കണം സ്വാഭാവികമായി ഫയൽ നോക്കുമ്പോഴുള്ള അടിസഥാന സമീപനം.

ജീവനക്കാരിൽ ഒട്ടുമിക്ക ആളുകളും സർവീസ് സംഘടനയിൽ ഉൾക്കൊള്ളുന്നവരാണ്. എല്ലാ സംഘടനകളും സമൂഹത്തോടു പ്രതിബദ്ധത വച്ചു പുലർത്തുന്നുണ്ട്. ഏതു സംഘടനയ്ക്കും സാമൂഹിക പ്രതിബദ്ധത കാട്ടണം. അത് തങ്ങളുടെ ജോലിയിലും ജീവനക്കാർ കാട്ടണം. സർക്കാർ സർവീസിൽ എല്ലാ കാലവും തുടരാൻ പറ്റില്ല. വിരമിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രശ്‌നങ്ങൾക്കും സർക്കാരിനെ സമീപിക്കണം. സർക്കാർ സർവീസിന്റെ ഭാഗമായുള്ള ജീവിതത്തിൽ നല്ല മാതൃകകൾ സൃഷ്ടിച്ചാൽ മാത്രമേ ഭാവിയിൽ തനിക്കും ആ മാതൃക കിട്ടുകയുള്ളൂ.

സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥർ സർക്കാരിനു വേണ്ടി എന്നതാണ് ശരി. സർക്കാർ എന്നത് ജീവനക്കാർക്കു വേണ്ടിയുള്ള സംവിധാനമല്ല. നാം സ്വീകരിക്കേണ്ട നിലപാട് സാധാരണക്കാർ നമ്മെ പല പ്രശ്‌നങ്ങളുമായി സമീപിക്കുന്നുണ്ട്. അവരുടെ ജീവൽപ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. അവർ നമ്മിൽ നിന്ന് സേവനമാണ് പ്രതീക്ഷിക്കുന്നത്. അവരുണ്ടെങ്കിലേ തങ്ങൾ ഉള്ളൂ എന്ന ചിന്ത സ്വാഭാവികമായും ജീവനക്കാർക്കുണ്ടാവണം.

സെക്രട്ടേറിയറ്റിന്റെ പരമ പ്രാധാന്യം ജീവനക്കാരിൽ തന്നെയാണ് കുടികൊള്ളുന്നത്. ഏതെങ്കിലും ഒരു ഭാഗത്ത് തളർച്ചയുണ്ടായാൽ ഈ സംവിധാനത്തിനാകെ തന്നെ തളർച്ച വരും. എല്ലാം സജീവമായി നിലനിൽക്കുക എന്നതാണ് പ്രധാനം. ജീവനക്കാർ പ്രവർത്തിക്കേണ്ടത് അർപ്പണ ബോധത്തോടെയാവണം. സർക്കാരിനെ സേവിക്കൂ എന്നത് സമൂഹത്തെ സേവിക്കുക എന്ന അർപ്പണ ബോധത്തോടെ പ്രവർത്തിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന അഴിമതിയിൽ നിന്ന് പൂർണമായും മുക്തമാവാൻ നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണ ഗതിയിൽ സെക്രട്ടേറിയറ്റ് ജീവനക്കാരെ കുറിച്ച് അഴിമതിയുമായി ബന്ധപ്പെട്ട ആക്ഷേപം വൻ തോതിൽ ഉയർന്നു കേൾക്കാറില്ല. അഴിമതിയും കൈക്കൂലിയും അടക്കമുള്ള ദുഷിപ്പുകളിൽ നിന്ന് മാറി നിൽക്കാൻ കഴിയേണ്ടതുണ്ട്. അത് നല്ല നിലയ്ക്കു തന്നെ തുടരണം.

എന്നാൽ ചില ആളുകൾ സ്ഥിരമായി സെക്രട്ടേറിയറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. നിങ്ങൾക്ക് അറിയാം അവരെ. പ്രത്യേകമായി ശ്രദ്ധിക്കണം. ഒരു സഞ്ചിയും തൂക്കി ഓഫിസിന്റെ ഇടനാഴികളിൽ കറങ്ങുക എന്നത് നല്ല ശീലമല്ല. നിങ്ങളെ ഉപയോഗിച്ച് അഴിമതി നടത്തനാണ് അവരുടെ ശ്രമമെങ്കിൽ തടയണം. ഇത്തരത്തിലുള്ള ആളുകൾ അതിന്റെ ഭാഗമായിട്ടാണോ വരുന്നത് എന്നത് പരിശോധിക്കേണ്ട ബാധ്യതയും നിങ്ങൾക്കുണ്ട്. ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്. എത്ര ചെയ്താലും പിന്നെയും ബാക്കി നിൽക്കും. സർവീസ് എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെ കുറിച്ച് എപ്പോഴും നാം ചിന്തിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നമ്മുടെ മുന്നിൽ വരുന്ന ഫയലുകളിൽ തീരുമാനമെടുക്കണം. ഓരോരുത്തരും ഇതിനായി പ്രവർത്തിക്കണം. സെക്രട്ടേറിയറ്റ് മാന്വലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കണം. കംപ്യൂട്ടർവൽക്കരണം കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്. കംപ്യൂട്ടർവൽക്കരണം നടക്കാത്ത ഡിപാർട്‌മെന്റുകൾ പെട്ടെന്നു തന്നെ അതിലേക്കു കടക്കണം.

ഭരണപരിഷ്‌കാര കമ്മിറ്റികളിലെ നിർദേശങ്ങളിൽ സ്വീകാര്യമായതു നടപ്പാക്കും. ഒരു സെക്ഷൻ പൂർണമായും ഒന്നിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാവണം. മേലുദ്യോഗസ്ഥർ ആകെ ഒന്നിച്ചുണ്ടായാൽ കാലതാമസം ഒഴിവാക്കാം. അറ്റൻഡർ അവധിയിലായതിനാൽ ഫയൽ നീക്കം താമസിക്കുന്ന സംവിധാനം ഒഴിവാക്കണം. എല്ലാ ഓഫിസുകളിലും ഈ രീതിയിലേക്കു മാറണം. ഒരു സെക്രട്ടറി പല മന്ത്രിമാരുടെ വകുപ്പുകൾ നോക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ രണ്ടിൽ കൂടുതൽ മന്ത്രിമാരുടെ കൂടെ ഒരു സെക്രട്ടറി ഉണ്ടാവില്ല. ചില മന്ത്രിമാർക്ക് സെക്രട്ടറിയെ കാണാൻ തന്നെ കിട്ടാത്ത അവസ്ഥയാണ് മാറുന്നത്. ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കുന്നുണ്ട്.

കൃത്യത ഉറപ്പാക്കാനാണ് പഞ്ചിങ് സമ്പ്രദായം നടപ്പാക്കിയത്. രാവിലെ പഞ്ച് ചെയ്ത് അകത്തേക്കു കടന്നതിനു ശേഷം നേരെ പുറത്തേക്കു കടന്നാൽ എന്താണ് പ്രയോജനം? സെക്രട്ടേറിയറ്റിന് ഒരു ദുഷ്‌പേരുണ്ട്. രാവിലെ വന്നു കഴിഞ്ഞാൽ കസേരിയിൽ ഉണ്ടാവുന്ന ജീവനക്കാരുടെ എണ്ണം വളരെ ചുരുക്കമാണ്. ആ പ്രതീതിക്കു മാറ്റമുണ്ടാവണം. ഓഫിസ് സമയത്ത് അവരവരുടെ ചുമതല അവിടെ ഇരുന്ന് നിർവഹിക്കണം. ചില മേഖലകളിൽ പ്രവൃത്തി സമയത്ത് മൊബൈൽ ഫോൺ അനുവദിക്കുന്നില്ല. സെക്രട്ടേറിയറ്റിൽ അത്തരം തടസങ്ങൾ ഇപ്പോഴില്ല. പക്ഷെ, നമ്മൾ തന്നെ അത് സ്വയം നിയന്ത്രിക്കണം. എല്ലാ വിശേഷങ്ങളും പറയാനുള്ള ഒന്നായി ഫോൺ ഉപയോഗിക്കുന്നവരുണ്ട്. നമ്മുടെ സമയത്തിൽ വലിയ കുറവാണ് ഇതുമൂലം സംഭവിക്കുന്നത്. അത്യാവശ്യം കാര്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുക. ഓഫിസ് സമയത്ത് മറ്റു കാര്യങ്ങൾക്ക് സമയം ചെലവിടേണ്ട. ചിലർ നല്ല കല, സാഹിത്യ വാസനകൾ ഉള്ളവരാണ്. ഓഫിസ് സമയത്ത് സാഹിത്യ വാസന പരിപോഷിപ്പിക്കാൻ നോക്കണ്ട. അതിനു വേറെ സമയം കണ്ടെത്തണം.

രാവിലെ വന്നു, ചായ കുടിക്കാൻ പോയി, ഊണു കഴിക്കാൻ പോയി, അതു കഴിഞ്ഞാൽ ട്രെയിനിന്റെ സമയത്തിനു നേരത്തേ പോയി... ഇങ്ങനെ ആക്ഷേപം സെക്രട്ടേറിയറ്റ് ജീവനക്കാരെ പറ്റിയുണ്ട്. സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങളിൽ സർക്കാർ നിലപാട് എന്തായിരിക്കും എന്നു ചിന്തിക്കുന്നവരുണ്ട്. സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും. ഓരോരുത്തരുടെയും പ്രവൃത്തിയിൽ ഏതെങ്കിലും പ്രയാസങ്ങൾ സൃഷ്ടിക്കുക സർക്കാരിന്റെ ഉദ്ദേശ്യമല്ല. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥലം മാറ്റൂ. സർക്കാർ നേരത്തേ പ്രഖ്യാപിച്ച കാര്യങ്ങൾ എങ്ങനെ നടപ്പാക്കാം എന്നു പരിശോധിക്കുക തന്നെ ചെയ്യും.

സ്റ്റേറ്റ് സിവിൽ സർവീസ് ആവശ്യമോ എന്നതു പരിശോധിക്കും. സർവീസ് സംഘടനകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തും. കാര്യക്ഷമത വർധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിലെ ഡയറക്ടറേറ്റ് രീതിയിലേക്കു മാറുന്നത് പരിശോധിച്ച് വികേന്ദ്രീകൃത സംവിധാനം ആവശ്യമെങ്കിൽ അത് ഉറപ്പാക്കും. അതിന്റെ ഭാഗമായി ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കും. ഒരു കാര്യത്തിലും വല്ലാത്ത ധൃതി കാട്ടില്ല. സർവീസ് സംഘടനകളെ വിശ്വാസത്തിലെടുത്തേ തുടർ നടപടി സ്വീകരിക്കൂ. ഭരണ നിർവഹണ മാന്വലുകൾ പരിഷ്‌കരിക്കുന്ന നടപടികൾ സ്വീകരിക്കും. അഴിമതി മുക്തവും സുതാര്യവുമായ സിവിൽ സർവീസാണ് ആവശ്യം. നാടിനാകെ ഉപകാരപ്രദമായ രീതിയിൽ നടപ്പാക്കും.

സെക്രട്ടേറിയറ്റിനകത്തേക്ക് ആർക്കും കടന്നു വരാനുള്ള അവകാശം ഇവിടെയുണ്ട്. കേരളം രൂപം കൊണ്ട ശേഷം നമ്മുടെ സംസ്ഥാനത്തെ രീതിയാണിത്. ആ ജനകീയ മുഖം നിലനിർത്താൻ കഴിയണം. അഴിമതിയുടെ നേരെ ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല. അത്തരക്കാർക്ക് ഒരു സംരക്ഷണവും ഉണ്ടാവില്ല. അനാവശ്യമായി ഫയലുകൾ താമസിപ്പിച്ചാൽ അതിന് മറുപടി പറയേണ്ടതായി വരും. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്. തീരുമാനമെടുക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കുക തന്നെ വേണം. ഫയൽ മുകളിലോട്ടു തട്ടി വിടുന്ന സമ്പ്രദായവും ആശാസ്യമല്ല.

സംവിധാനത്തെ ആകെ ബാധിച്ചിട്ടുള്ള അലസതയും ദുർമേധസും ഉണ്ട്. സെക്രട്ടേറിയറ്റ് മാന്വൽ ഉണ്ട്, ബിസിനസ് റൂൾസ് ഉണ്ട്. ഇവയിൽ അനുശാസിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും യഥാർഥ രൂപത്തിൽ നടപ്പിലാവുന്നില്ല. അതുകൊണ്ടാണ് ഭരണം മന്ദഗതിയിലാവുന്നത്. ഭരണം കൂടുതൽ സജീവമാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാവും. ഓരോ തലത്തിലെയും പ്രശ്‌നങ്ങൾ പരിഹിരക്കാൻ സ്റ്റാഫ് മീറ്റിങുകൾ വിളിച്ചു കൂട്ടണം. കുടിശിക ജോലികൾ തീർക്കാൻ വകുപ്പു സെക്രട്ടറിമാർ ശ്രമിക്കും. അതുമായി സഹകരിക്കണം. ഓരോ വകുപ്പിനും സമയബന്ധിതമായി കാര്യങ്ങൾ തീർക്കാൻ വേണ്ട സഹായം സർക്കാർ നൽകും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായം വലിയതോതിൽ ഉപയോഗപ്പെടുത്തണം. ഇഗവേർണൻസും ഇഫയലിങും കുറ്റമറ്റതാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും. കാലഹരണപ്പെട്ട ചട്ടങ്ങൾ കാലോചിതമായി പരിഹരിക്കും. ലഘുവായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫിസുകൾ ആദ്യപടി എന്ന നിലയ്ക്ക് കടലാസുകൾ ഒഴിവാക്കി, ഇഫയലിങ് സ്വീകരിക്കും. ബൃഹത്തായ ഫയലുകൾ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിലും ഇഫയലിങ് സാധ്യമല്ലാത്ത കാര്യമല്ല. ജീവനക്കാരോട് ഒരു തരത്തിലുള്ള പ്രതികാര നടപടിയും രാഷ്ട്രീയവും സർക്കാർ സ്വീകരിക്കില്ല. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ഡിസ്മിസ് ചെയ്ത സമീപനമൊന്നും സർക്കാർ കൈക്കൊള്ളില്ല. എന്നാൽ ഫയൽ താമസിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്നവരെ സർക്കാർ സഹിക്കുന്നതായിരിക്കില്ല.

സെക്രട്ടേറിയറ്റിലെ സന്ദർശന സമയത്ത് ഔദ്യോഗിക ചർച്ചകളും യോഗങ്ങളും ഒഴിവാക്കി, ജനങ്ങൾക്കുള്ള അവസരം നൽകണം. അഴിമതി രഹിതവും സുതാര്യവുമായ നവകേരളത്തിന്റെ സൃഷ്ടിക്കാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കലവറയില്ലാത്ത പിന്തുണയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇഗവേർണൻസ് സംവിധാനം നടപ്പാക്കും. അടുത്ത രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ പല ഓഫിസുകളും ഇഓഫിസ് സംവിധാനത്തിലേക്കു മാറണം. അതോടെ ഓരോ അപേക്ഷയുടെയും അപ്പോഴുള്ള സ്ഥിതി അപേക്ഷകന്റെ ഫോണിൽ മനസിലാക്കാൻ കഴിയും. അപ്പോൾ മാത്രമേ സുതാര്യ കേരളം പൂർണ അർഥത്തിൽ നടപ്പാക്കാൻ സാധിക്കൂ. സമയപരിധിക്കുള്ളിൽ സേവനം കൊടുക്കാൻ ഐടി സംവിധാനം ഉപയോഗപ്പെടുത്തി, ഭരണം കാര്യക്ഷമമാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP