Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂച്ചെണ്ടുനൽകി സ്വീകരിച്ച ഗവർണർക്കുമുന്നിൽ മന്ത്രിമാരുടെ പേരുകളുമായി പിണറായി; വകുപ്പുകൾ സത്യപ്രതിജ്ഞയ്ക്കു ശേഷം; ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിനിടെ ജലവകുപ്പ് ആവശ്യപ്പെട്ട് എൻസിപി

പൂച്ചെണ്ടുനൽകി സ്വീകരിച്ച ഗവർണർക്കുമുന്നിൽ മന്ത്രിമാരുടെ പേരുകളുമായി പിണറായി; വകുപ്പുകൾ സത്യപ്രതിജ്ഞയ്ക്കു ശേഷം; ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിനിടെ ജലവകുപ്പ് ആവശ്യപ്പെട്ട് എൻസിപി

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്നുവൈകീട്ട് നടക്കാനിരിക്കെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മന്ത്രിമാരുടെ പട്ടിക കൈമാറി. രാവിലെ ഒമ്പതരയോടെയാണ് പിണറായി ഗവർ പി സദാശിവത്തെ സന്ദർശിച്ചത്. സദാശിവം പൂച്ചെണ്ടനൽകി പിണറായിയെ സ്വീകരിച്ചു. തുടർന്നായിരുന്നു നിയുക്തമന്ത്രിമാരുടെ ലിസ്റ്റ് പിണറായി സമർപ്പിച്ചത്. ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് പുതിയ സർക്കാരിനെ കാണുന്നതെന്നും ജനങ്ങളുടെ പ്രതിക്ഷ നിറവേറ്റുന്ന സർക്കാരായിരിക്കും ചുമതലയേൽക്കുകയെന്നും പിണറായി പറഞ്ഞു.

പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പിന്നാലെ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. 30000 പേർക്ക് ചടങ്ങ് കാണുന്നതിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ഇരിപ്പിടങ്ങളായിരിക്കും മുൻനിരയിൽ. അതിനു പിന്നിൽ എംഎൽഎമാർ, വിഐപികൾ എന്നിങ്ങനെയാണ് സീറ്റുകളുടെ ക്രമീകരണം. 

അതേസമയം, മന്ത്രിമാരുടെ വകുപ്പുകളുടെ പ്രഖ്യാപനം സത്യപ്രതിജ്ഞയ്ക്കുശേഷമേ ഉണ്ടാകൂ. ഇക്കാര്യം പിണറായിയും മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം നടക്കും. ഇതിനുശേഷം പത്രസമ്മേളനത്തിൽ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഐ(എം) മന്ത്രിമാരുടെ വകുപ്പുകളിൽ നേരത്തേതന്നെ തീരുമാനമായിട്ടുണ്ട്. സിപിഐയുടേതുൾപ്പെടെ മറ്റു എൽഡിഎഫ് ഘടകകക്ഷികളുടെ വകുപ്പുകളിൽ ഏകദേശധാരണയായിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിനായി ഉഭയകക്ഷി ചർച്ചകളും രാവിലെ ആരംഭിച്ചു.

ജലവിഭവ വകുപ്പിനു വേണ്ടി എൻസിപി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൃഷി, റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിപിഐക്കായി നീക്കിവച്ചിട്ടുള്ളത്. കോൺഗ്രസ് എസിൽ നിന്ന് മന്ത്രിയാകുന്ന കടന്നപ്പള്ളി രാമചന്ദ്രന് വി എസ് സർക്കാരിന്റെ കാലത്ത് നൽകിയ ദേവസ്വം വകുപ്പുതന്നെയായിരിക്കും എന്നാണ് അറിയുന്നത്. ജലവിഭവ വകുപ്പോ പൊതുമരാമത്ത് വകുപ്പോ തങ്ങൾക്ക് വേണമെന്ന് സിപിഐയും ആവശ്യമുന്നയിച്ചിട്ടുണ്ട്. ആർഎസ്‌പി വിട്ടുപോയ സാഹചര്യത്തിൽ അവർ കൈകാര്യം ചെയ്ത വകുപ്പുകൾ പങ്കുവയ്ക്കുന്നതിലാണ് വിവിധ കക്ഷികൾ തമ്മിൽ ഇപ്പോൾ പ്രധാനമായും ആശയവിനിമയം നടക്കുന്നത്. 

അതേസമയം, വൈകീട്ട് നാലിന് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ദൾ ദേശീയ നേതാവ് എച്ച് ഡി ദേവഗൗഡയും തലസ്ഥാനത്തെത്തി. വി എസ്. അച്യുതാനന്ദന് നൽകുന്ന പദവിയെപ്പറ്റി ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് യെച്ചൂരി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഐ(എം) നേതാവ് പ്രകാശ് കാരാട്ടും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP