Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊടുപുഴക്കാരുടെ അച്ചായന് വയസ്സ് 75 ആയി; കൃഷിപ്പണിയും വിശ്രമവുമായി പിജെ ജോസഫ് എംഎൽഎ പണി തുടരുന്നു

തൊടുപുഴക്കാരുടെ അച്ചായന് വയസ്സ് 75 ആയി; കൃഷിപ്പണിയും വിശ്രമവുമായി പിജെ ജോസഫ് എംഎൽഎ പണി തുടരുന്നു

തൊടുപുഴ: തൊടുപുഴക്കാരുടെ അച്ചായനായ പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി.ജെ.ജോസഫിന് ചൊവ്വാഴ്ച 75ാം പിറന്നാൾ. നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്താണ് തൊടുപുഴയുടെ എംഎ‍ൽഎ.യായ ജോസഫ്. ഭാര്യ ഡോ.ശാന്ത പുറപ്പുഴയിലെ വീട്ടിലാണ്. അതുകൊണ്ട് തന്നെ പിറന്നാൾദിനത്തിൽ സദ്യ കഴിക്കാൻ പോലും പിജെ ജോസഫ് വീട്ടിലില്ല.

ഏഴുതവണ മന്ത്രിയായിട്ടുള്ള അദ്ദേഹം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് (45,587) ഇത്തവണ ജയിച്ചത്. അതാണ് തൊടുപുഴയും പി.ജെ.യും തമ്മിലുള്ള ബന്ധം. സാമ്പത്തികശാസ്ത്രത്തിലാണ് ബിരുദാനന്തരബിരുദമെങ്കിലും ഇഷ്ടവിഷയം കൃഷിയാണ്. പുറപ്പുഴയിലെ വിശാലമായ പുരയിടത്തിൽ ജൈവകൃഷി നടത്തുന്നതിനെക്കാൾ സന്തോഷത്തിൽ അദ്ദേഹത്തെ കാണാനാവില്ല. പശുവളർത്തലുമുണ്ട്. പാട്ടാണ് മറ്റൊരു ഇഷ്ടവിഷയം. കൃഷിയും പാട്ടുമായി തൊടുപുഴയിൽ തന്നെയാണ് ഇപ്പോൾ ജോസഫ്. നിയമസഭയുള്ളപ്പോൾ മാത്രമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര.

1941 ജൂൺ 28ന് ആയില്യം നക്ഷത്രത്തിലാണു ജനനം. പരേതരായ ജോസഫും അന്നമ്മയുമാണ് മാതാപിതാക്കൾ. 1969ൽ കേരള കോൺഗ്രസ്സിൽ ചേർന്നു. സ്ഥാപകനേതാവ് കെ.എം.ജോർജുമായുള്ള അടുപ്പമായിരുന്നു പ്രധാന കാരണം. തൊട്ടടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ അവസരമൊരുങ്ങി. അന്ന് വയസ്സ് 29. 1978ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ കുറച്ചുനാൾ ആഭ്യന്തരമന്ത്രിയായി. കെ.എം.മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് 37ാംവയസ്സിൽ അദ്ദേഹം മന്ത്രിയായത്.

എട്ടുമാസത്തിനുശേഷം കോടതിയിൽനിന്ന് അനുകൂലവിധി നേടിയ മാണി തിരിച്ചെത്തിയപ്പോൾ മാറിക്കൊടുക്കുകയുംചെയ്തു. 1979ലാണ് സ്വന്തം പേരിൽ കേരള കോൺഗ്രസ് രൂപവത്കരിച്ചത്. 1980ൽ യു.ഡി.എഫ്. രൂപംകൊള്ളുമ്പോൾ സ്ഥാപകകൺവീനറായി. 1989ൽ യു.ഡി.എഫുമായി ഇടഞ്ഞ് മൂവാറ്റുപുഴയിൽനിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് എൽ.ഡി.എഫിലെത്തി. 91ൽ ഇടുക്കിയിൽനിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം.

1996ലും 2006ലും എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി തൊടുപുഴയിൽ ജയം. 2001ൽ പി.ടി.തോമസിനോടു തോൽവി. 2010ൽ ഇടതുമന്ത്രിസഭയിൽ അംഗമായിരിക്കെ, രാജിവച്ച് കേരള കോൺഗ്രസ് മാണിഗ്രൂപ്പിൽ ലയിച്ച് വീണ്ടും യു.ഡി.എഫിലെത്തി. ഇപ്പോൾ പാർട്ടി വർക്കിങ് ചെയർമാനാണ് തൊടുപുഴയുടെ സ്വന്തം പിജെ ജോസഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP