Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു വർഷമായി ശമ്പളം കിട്ടാത്ത +2 അദ്ധ്യാപകൻ കുടുംബം പോറ്റാനായി കല്പണിക്കിറങ്ങി; തസ്തിക നിർമ്മാണം വൈകുന്നതു മൂലം പ്രതിസന്ധി നേരിടുന്നത് മൂവായിരം അദ്ധ്യാപകർ; കൊടിയത്തൂരിലെ നസീമിന്റെ കഥ അധികൃതരുടെ കണ്ണു തുറപ്പിക്കുമോ

മൂന്നു വർഷമായി ശമ്പളം കിട്ടാത്ത +2 അദ്ധ്യാപകൻ കുടുംബം പോറ്റാനായി കല്പണിക്കിറങ്ങി; തസ്തിക നിർമ്മാണം വൈകുന്നതു മൂലം പ്രതിസന്ധി നേരിടുന്നത് മൂവായിരം അദ്ധ്യാപകർ; കൊടിയത്തൂരിലെ നസീമിന്റെ കഥ അധികൃതരുടെ കണ്ണു തുറപ്പിക്കുമോ

കോഴിക്കോട്: തന്റെയും കുടുംബത്തിന്റെയും നിലനിൽപ്പ് അവതാളത്തിലായപ്പോൾ നസീം മറ്റൊന്നും ആലോചിച്ചില്ല. അവധി ദിവസങ്ങളിൽ കല്പണിക്കാരനായി മാറി ഈ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ. കോഴിക്കോട് കൊടിയത്തൂരിലെ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലി ചെയ്യുന്ന നസീമിന് മൂന്നു വർഷമായി ശമ്പളം ലഭിക്കുന്നില്ല. പട്ടിണി കുടുംബത്തിൽ പിടിമുറുക്കിയപ്പോൾ മറ്റൊന്നും അലോചിക്കാതെ കൽപ്പണിക്കിറങ്ങുകയായിരുന്നു.

2014-15 അധ്യയനവർഷം പുതുതായി അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളുകളിലും ബാച്ചുകളിലും നിയമിതരായ കേരളത്തിലെ മൂവായിരത്തിലേറെ +2 അദ്ധ്യാപകരിൽ ഒരാളാണു നസീം. മൂന്നു വർഷമായിട്ടും തസ്തിക സൃഷ്ടിക്കപ്പെടാത്തതു മൂലമാണ് ശമ്പളം ലഭിക്കാത്തത്.

ഇത് നസീമിന്റെ മാത്രം കഥയല്ല. കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരിൽ ഒരു വിഭാഗത്തിന് ഇന്നും നിത്യവൃത്തിക്ക് മറ്റു പല തൊഴിലും ആശ്രയിക്കേണ്ട അവസ്ഥയാണ്. നസീമിനെപ്പോലെ ശമ്പളമില്ലാതെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി കേരളത്തിലെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ ദുരിതം സഹിക്കുന്നു. പലർക്കും അവധി ദിനങ്ങളിലെ ഇത്തരം തൊഴിലുകളാണ് നിലനിൽപിന്റെ ഏക ആശ്രയം.

തസ്തിക സൃഷ്ടിക്കാൻ വൈകുന്നതനുസരിച്ച് തങ്ങളുടെ നിയമന പ്രായപരിധി കവിഞ്ഞു പോകുമോ എന്ന വേവലാതിയും ഇവരെ വലയ്ക്കുന്നു. തസ്തിക നിർമ്മാണം വൈകുമ്പോൾ തുല്യ യോഗ്യതയുള്ളവർ ഹൈസ്‌കൂളിൽ നിന്നും പ്രമോഷനായി വരാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാണെങ്കിൽ സ്ഥിരം ജോലി സ്വപ്നം കണ്ടവർ പടിക്കു പുറത്താകും.

ഹൈക്കോടതിയുടെ അനുമതിയോട് കൂടിയാണ് സീറ്റു ക്ഷാമം പരിഹരിക്കാൻ പുതിയ +2 സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. ബാച്ച് നിലനിർത്താനാവുംവിധം കുട്ടികളുണ്ടെങ്കിൽ രണ്ട് വർഷം കഴിഞ്ഞ് തസ്തിക സൃഷ്ടിച്ച് സ്ഥിര നിയമനം എന്നായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ വാഗ്ദാനം. ഈ അദ്ധ്യാപകരാണ് ഇപ്പോൾ ദുരിതത്തിൽ കഴിയുന്നത്. ആവശ്യത്തിന് കുട്ടികളുണ്ടായിട്ടും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് തസ്തിക നിർമ്മാണത്തിന് തടസമായി നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഗസ്റ്റ് അദ്ധ്യാപക വേതനം പോലും ഇവർക്ക് ലഭിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഗസ്റ്റ് അദ്ധ്യാപക വേതനവും 2016 ജൂൺ മുതൽ പ്രാബല്യത്തോടെ തസ്തിക നിർണയവും വേണമെന്നാണ് ഇവരുടെ അടിയന്തര ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP