Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേർത്തല കെവി എം ആശുപത്രിയിലെ സമരം അടിച്ചമർത്താൻ സർക്കാർ നീക്കം; സമരക്കാർക്കു നേരെ പൊലീസിന്റെ ലാത്തിച്ചാർജ്; അഞ്ചുപേർക്ക് പരിക്കേറ്റു; നഴ്‌സുമാരെ അറസ്റ്റുചെയ്തു മാറ്റി പൊലീസ് നടപടി തുടങ്ങി; ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് യുഎൻഎ; 15ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് നഴ്‌സുമാർ; കാൽ ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും സമരസമിതി

ചേർത്തല കെവി എം ആശുപത്രിയിലെ സമരം അടിച്ചമർത്താൻ സർക്കാർ നീക്കം; സമരക്കാർക്കു നേരെ പൊലീസിന്റെ ലാത്തിച്ചാർജ്; അഞ്ചുപേർക്ക് പരിക്കേറ്റു; നഴ്‌സുമാരെ അറസ്റ്റുചെയ്തു മാറ്റി പൊലീസ് നടപടി തുടങ്ങി; ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് യുഎൻഎ; 15ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് നഴ്‌സുമാർ; കാൽ ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും സമരസമിതി

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനെ അടിച്ചമർത്താൻ പൊലീസ് നീക്കം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ച് നഴ്‌സുമാർക്ക് പരിക്കേറ്റു. സമരം ചെയ്യുന്ന നഴ്‌സുമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കാനാരംഭിച്ചു. സമരത്തെ സർക്കാർ ബലപ്രയോഗത്തിലൂടെ നേരിടുന്നതിൽ പ്രതിഷേധിച്ച് ഈമാസം 15ന് സംസ്ഥാന വ്യാപകമായി പണിമുടക്കാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ തീരുമാനിച്ചു. സമരത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രക്ഷോഭത്തിലേക്ക് നഴ്‌സ് സമൂഹം നീങ്ങുമെന്നും അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായും വ്യക്തമാക്കി.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ദേശീയ പാത് ഉപരോധം നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്നു. നഴ്‌സുമാരുമായി ചർച്ച നടത്തുമെന്നും സമരം ഒത്തുതീർപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെയാണ് സമരം ശക്തമാക്കാൻ നഴ്‌സുമാർ തീരുമാനിച്ചത്. കഴിഞ്ഞ 175 ദിവസമായി കെവി എം ആശുപത്രിയിലെ നഴ്‌സുമാർ സമര രംഗത്താണ്. ഇത് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് സമരം വ്യാപിപ്പിക്കാനും അനുഭാവം പ്രകടിപ്പിച്ചും ഇന്ന് കൂടുതൽ നഴ്‌സുമാർ എത്തിയത്.

യുഎൻഎ സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്നുദിവസമാിയ കെവി എം ആശുപത്രി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരാഹാര സമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ദേശീയപാത ഉപരോധവും നടന്നത്. നൂറുകണക്കിന് നഴ്‌സുമാർ സമരത്തിന് എത്തിയിരുന്നു. ദേശീയപാത ഉപരോധത്തിനിടെ നഴ്‌സുമാരെ മാറ്റാൻ പൊലീസ് ബലപ്രയോഗം നടത്തി. ഇതേത്തുടർന്ന് ഉന്തുംതള്ളും നടന്നതിനിടെയാണ് ലാത്തിച്ചാർജിലേക്ക് കാര്യങ്ങൾ എത്തിയത്. പൊലീസ് നടപടി ശക്തമാക്കി സമരത്തിന് എത്തിയവരെ അറസ്റ്റുചെയ്ത് നീക്കി. ഇന്ന് വൈകുന്നേരത്തോടെയാണ് സമരത്തിന് നേരെ പൊലീസ് നടപടി ഉണ്ടായത്.

നഴ്‌സുമാരുടെ ഐതിഹാസിക സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കേരളത്തിലെ നഴ്‌സുമാർ ഒന്നടങ്കം രംഗത്തിറങ്ങുമെന്നും യുഎൻഎ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി കാൽലക്ഷം നഴ്‌സുമാരെ സമരത്തിന് അണിനിരത്തുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം നഴ്സുമാരെ പീഡിപ്പിക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ കാര്യക്ഷമമായി ഇടപെടാനോ സർക്കാർ നിശ്ചയിച്ച ശമ്പളം വാങ്ങി നൽകാനോ ഇടപെടാതെ സർക്കാരും നിലകൊണ്ടതോടെ ദിവസംചെല്ലുന്തോറും സമരം ശക്തമാകുകയായിരുന്നു. അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായത്.

സർക്കാർ നിശ്ചയിച്ച ശമ്പളം ഒരു കാരണവശാലും കൊടുക്കില്ലെന്ന് ധാർഷ്ട്യവുമായി മുന്നോട്ടുപോകുന്ന ചേർത്തലയിലെ ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലുള്ള കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്. ശമ്പളവർധന ഉൾപ്പെടെ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം നേടിയെടുത്ത് കേരളത്തിൽ വൻ ചരിത്രമെഴുതിയാണ് സംസ്ഥാനമൊട്ടുക്ക് നഴ്സിങ് സംഘടനകൾ നടത്തിവന്ന സമരം അവസാനിച്ചത്.

ദശാബ്ദങ്ങളായി ജോലി സ്ഥലത്തുണ്ടാകുന്ന പീഡനങ്ങൾക്ക് ഉൾപ്പെടെ പരിഹാരം നിർദ്ദേശിക്കുകയും ശമ്പള വർധനവിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്താണ് സർക്കാർതലത്തിൽ തന്നെ ഒത്തുതീർപ്പുണ്ടാക്കി സമരം അവസാനിപ്പിച്ചത്. എന്നാൽ അത് ഒരിക്കലും നടപ്പാക്കില്ലെന്ന് കടുംപിടിത്തം പിടിക്കുകയും സമരത്തിൽ പങ്കെടുത്ത രണ്ട് നഴ്സുമാരെ പുറത്താക്കുകയും ചെയ്തുവെന്ന് മാത്രമല്ല, സമരത്തിന് ഇറങ്ങും മുമ്പ് ജോലിചെയ്ത ദിവസത്തെ ശമ്പളം പോലും ഇവർക്ക് നൽകാൻ ആശുപത്രി തയ്യാറായതുമില്ല. ഇതോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ ആശുപത്രിയിലെ നഴ്സുമാർ ഒന്നടങ്കം സമരത്തിന് ഇറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP