Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപാതകക്കേസ് പ്രതി നിസാമിനു വീണ്ടും പൊലീസിന്റെ വഴിവിട്ട സഹായം; കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി ബന്ധുക്കളുമായി ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി; അഞ്ചു പൊലീസുകാർക്കെതിരെ നടപടിക്കു ശുപാർശ

കൊലപാതകക്കേസ് പ്രതി നിസാമിനു വീണ്ടും പൊലീസിന്റെ വഴിവിട്ട സഹായം; കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി ബന്ധുക്കളുമായി ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി; അഞ്ചു പൊലീസുകാർക്കെതിരെ നടപടിക്കു ശുപാർശ

തൃശൂർ: പണമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കുമെന്ന അവസ്ഥയ്ക്ക് എന്നാകും മാറ്റംവരിക. കൊലപാതകക്കേസ് പ്രതിയായാൽപ്പോലും പണക്കാരനാണെങ്കിൽ ഏതുനിയമവും വഴിമാറുമെന്ന് ഇന്നു വീണ്ടും തെളിഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിൽ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനാണു പൊലീസ് വഴിവിട്ട സഹായം നൽകിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവെ അടുത്ത ബന്ധുക്കളുമായി ഹോട്ടലിൽ വച്ചു സംസാരിക്കാനാണു പൊലീസ് വഴിയൊരുക്കിയത്.

സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണു മുഹമ്മദ് നിസാം. ഇതാദ്യമായല്ല നിസാമിനു പൊലീസ് വഴിവിട്ട സഹായങ്ങൾ ചെയ്യുന്നത്.

ഹോട്ടലിൽ കുടുംബാംഗങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്താൻ നിസാമിന് പൊലീസ് അവസരം ഒരുക്കിയതായി സ്‌പെഷൽ പ്രോസിക്യൂട്ടറാണു പരാതി നൽകിയത്. വിചാരണ വേളയിൽ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു പരാതി നൽകിയത്. ഇക്കാര്യം അന്വേഷിക്കാൻ ഡിജിപി സെൻകുമാർ തൃശൂർ കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കേസിന്റെ വിചാരണയ്ക്കായി നിസാമിനെ ഇന്നു തൃശൂർ ജില്ലാ കോടതിയിൽ എത്തിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിയതോടെയാണ് പൊലീസുകാർ നിസാമിനെ തൃശൂർ നഗരത്തിലെ ഹോട്ടലിൽ എത്തിച്ചത്. അവിടെവച്ചായിരുന്നു മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച. കണ്ണൂരിൽ നിന്നെത്തിയ എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാരാണു നിസാമിനൊപ്പമുണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയിട്ടുണ്ട്.

തൃശൂരിലെ ആഡംബര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. നിസാമും സംഘവും എത്തിയപ്പോൾ ഹോട്ടലിലെ സിസിടിവി ഓഫ് ചെയ്തിരുന്നു. എന്നാൽ, ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയുടെ ആദ്യ ഘട്ടത്തിൽ സിസിടിവി ഓൺ ആയിരുന്നു. സിസിടിവി ഓഫ് ചെയ്യുന്നതിനു മുമ്പുള്ള ഈ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ എആർ ക്യാമ്പിലെ എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള അഞ്ചു പൊലീസുകാർക്കെതിരെ നടപടിയെടുക്കാനുള്ള ശുപാർശ നൽകിയത്.

കുന്നംകുളം കോടതിയിൽ കൊണ്ടുവന്നപ്പോൾ നിസാമിന്റെ ആവശ്യപ്രകാരം കൈവിലങ്ങുകൾ മറയ്ക്കാൻ പ്‌ളാസ്റ്റിക് കവറുകൾ നൽകിയതു നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP