Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനക്കേസ്സിൽ പരാതിപ്പെട്ട പെൺകുട്ടിയെ സ്‌കൂളിലെത്തി പൊലീസ് ചോദ്യം ചെയ്തു; കേസ് എടുത്തതുപോലും വഴി തടഞ്ഞപ്പോൾ; ആദിവാസികളോട് നമ്മൾ എന്തുകൊണ്ട് എപ്പോഴും ഇങ്ങനെ?

പീഡനക്കേസ്സിൽ പരാതിപ്പെട്ട പെൺകുട്ടിയെ സ്‌കൂളിലെത്തി പൊലീസ് ചോദ്യം ചെയ്തു; കേസ് എടുത്തതുപോലും വഴി തടഞ്ഞപ്പോൾ; ആദിവാസികളോട് നമ്മൾ എന്തുകൊണ്ട് എപ്പോഴും ഇങ്ങനെ?

നെയ്യാർ: പീഡനക്കേസ്സുകളിൽ ഇരകളാകുന്നവർക്ക് നിയമം ഉറപ്പിച്ചുകൊടുത്തിരിക്കുന്ന ചില സംരക്ഷണങ്ങളുണ്ട്. അതിലൊന്ന് ഒരുകാരണവശാലും ഇരകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തരുതെന്നാണ്. അവരെ തിരിച്ചറിയുന്ന തരത്തിലുള്ള സൂചനകൾ പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങൾക്കുപോലും കർശന നിർദേശമുണ്ട്. എന്നാൽ, തിരുവനന്തപുരത്ത് നെയ്യാർഡാം സെറ്റിൽമെന്റിലെ ആദിവാസി പെൺകുട്ടിയുടെ കാര്യത്തിൽ പൊലീസ് ഈ നിർദേശങ്ങളെല്ലാം ലംഘിച്ചു. ആദിവാസികളോട് എന്തുമാവാം എന്ന നിലപാടാണ് പൊലീസിന്റേതെന്ന് തോന്നും വിധത്തിലാണ് അവരുടെ നിയമലംഘനം.

കേരള കോൺഗ്രസ് (ബി) സംസ്ഥാന സമ്മേളനത്തിന് കൊണ്ടുപോയി തിരിച്ചുവരുംവഴി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസ്സിലെ ഇരയായ 13-കാരിയോടാണ് പൊലീസ് ക്രൂരത കാട്ടിയത്. കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി പൊലീസ് ചോദ്യം ചെയ്തതാണ് വിവാദമായത്. സ്‌കൂളിലെത്തിയ പൊലീസ് കുട്ടിയെ ക്ലാസിൽ നിന്നു വിളിച്ചിറക്കി പ്രധാന അദ്ധ്യാപികയുടെ മുറിയിലിരുത്തിയാണു മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചത്. യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സാധാരണവേഷത്തിൽ ഒരു വനിതാ പൊലീസുകാരിയും ഉണ്ടായിരുന്നു.

പരസ്യമായ ചോദ്യം ചെയ്യലിന് പൊലീസ് മുതിർന്നതോടെ, പീഡനക്കേസ്സിലെ ഇരയെ തിരിച്ചറിയുന്ന അവസ്ഥയാണ് പൊലീസ് സംജാതമാക്കിയത്. ഇതിൽപ്രതിഷേധിച്ച് സിപിഐ(എം), ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ സ്‌കൂളിലെത്തുകയും പൊലീസിനെ തടയുകയും ചെയ്തു. തുടർന്ന് പ്രവർത്തകർ പ്രകടനം നടത്തുകയും നെയ്യാർ ഡാം പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ഡിവൈഎസ്‌പി എം. സെയ്ബുദ്ദീനെത്തി പൊലീസിനു വീഴ്ചപറ്റിയെങ്കിൽ നടപടിയെടുക്കാമെന്ന ഉറപ്പിന്മേലാണ് അവസാനിപ്പിച്ചത്.

സഹപാഠികളും അദ്ധ്യാപകരും നോക്കി നിൽക്കെയാണ് പെൺകുട്ടിയെ പൊലീസ് ക്ലാസ്സിൽനിന്ന് വിളിച്ചിറക്കിയത്. പൊലീസ് ജീപ്പിലാണ് അവർ സ്‌കൂളിലെത്തിയതും. പ്രധാന അദ്ധ്യാപികയാകട്ടെ, പൊലീസിന്റെ നടപടികൾ തടഞ്ഞതുമില്ല. പെൺകുട്ടിയെ പൊലീസിന് മുന്നിൽ ഹാജരാക്കുന്നതിന് അവർ ആരുടെയും അനുവാദം തേടിയിരുന്നതുമില്ല.

പെൺകുട്ടിയും മാതാപിതാക്കളും വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ മുന്നിലെത്തി മൊഴി നൽകിയിരുന്നു. ആദ്യ പരാതിയിൽ നെയ്യാർഡാം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും വ്യാജ പരാതിയെന്ന പേരിൽ അന്വേഷണം നടത്താതെ ഉഴപ്പുകയാണ് പൊലീസ് ചെയ്തത്. എന്നാൽ, ഡിവൈഎസ്‌പിക്ക് പരാതി നൽകിയതോടെയാണ് പൊലീസ് സ്‌കൂളിലെത്തിയ പരസ്യ മൊഴിരേഖപ്പെടുത്തലിന് തുനിഞ്ഞത്. വീണ്ടും മൊഴിനൽകാൻ പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് രക്ഷിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിന് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സ്‌കൂളിലേക്ക് നേരിട്ടെത്തിയത്.

ഈ കേസ്സിൽ പൊലീസ് തുടക്കം മുതൽ കടുത്ത വീഴ്ചയാണ് വരുത്തുന്നത്. 16-നു നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. 20-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടികളുണ്ടായില്ല. പെൺകുട്ടി മൊഴി നൽകിയെങ്കിലും, അത് വ്യാജമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. റോഡുപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി വിവിധ സംഘടനകൾ മുന്നോട്ടുപോയതോടെയാണ് മൊഴിയെടുക്കാൻ പൊലീസ് തയ്യാറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP