Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ലീഗ് നേതാക്കൾ എത്ര ഊതിയാലും പൊന്നാനി വലിയ പള്ളിയിലെ ആ നിലവിളക്ക് കെടാതെ കത്തും; 500 വർഷമായി തുടർന്നു വരുന്ന പാരമ്പര്യം ഇനിയും തുടരുമെന്ന് ജുമാഅത്ത് കമ്മിറ്റി

ലീഗ് നേതാക്കൾ എത്ര ഊതിയാലും പൊന്നാനി വലിയ പള്ളിയിലെ ആ നിലവിളക്ക് കെടാതെ കത്തും; 500 വർഷമായി തുടർന്നു വരുന്ന പാരമ്പര്യം ഇനിയും തുടരുമെന്ന് ജുമാഅത്ത് കമ്മിറ്റി

പൊന്നാനി: മുസ്ലിംലീഗിനുള്ളിൽ തന്നെ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉടലെടുത്തിരിക്കയാണ്. നിലവിളക്ക് കൊളുത്തൽ അനിസ്ലാമികമാണ് എന്ന് ആരോപിച്ച് ലീഗ് നേതാക്കൾ ഇതിനോട് എതിർപ്പുമായി രംഗത്തെത്തിയ സമയത്തും കെടാവിളക്കായി കത്തുകയായിരുന്നു പൊന്നാനി വലിയപള്ളിയിലെ നിലവിളക്കും തൂക്കുവിളക്കും. ഇനിയും എത്ര വിവാദം ഉയർന്നാലും ഇത് ഇനിയും കത്തുമെന്ന് പറയുകയാണ് പള്ളി ജുമാഅത്ത് കമ്മറ്റി. 500 വർഷമായി പതിവുതെറ്റാതെ കത്തിക്കുകയും പ്രകാശം പരത്തുകയും ചെയ്യുകയുമാണ് പൊന്നാനി പള്ളിയിലെ നിലവിളക്ക.

വിശ്വവിഖ്യാത ഇസ്ലാമിക പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ 1519ൽ പൊന്നാനി വലിയ ജുമാഅത്ത് പള്ളി നിർമ്മിച്ചത് മുതൽ തൂക്കുവിളക്ക് തെളിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് ശേഷം പള്ളിയിൽ നിലവിളക്കും സ്ഥാപിച്ചു. മതവിജ്ഞാനരംഗത്ത് ലോകശ്രദ്ധ നേടിയ വലിയ പള്ളിയിലെ 'വിളക്കത്തിരിക്കൽ' അകത്തെ പള്ളിയിൽ മദ്ധ്യത്തായി സ്ഥാപിച്ച തൂക്കുവിളക്കിന്റെ പശ്ചാത്തലത്തിലാണ് നടന്നിരുന്നത്. ചങ്ങലയിൽ തൂങ്ങിക്കിടക്കുന്ന എണ്ണ നിറച്ച വിളക്ക് പഴയ സ്മരണകളുമായി ഇന്നും പ്രകാശിക്കുന്നു. പുറത്തെ പള്ളിയിൽ നിന്ന് അകത്തെ പള്ളിയിലേക്ക് പ്രവേശിക്കുന്നിടത്താണ് നിലവിളക്കുള്ളത്. ദിവസവും സന്ധ്യയ്ക്ക് മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് ഇരുവിളക്കുകളും കത്തിക്കും. പുലർച്ചെയുള്ള സുബ്ഹി നമസ്‌കാരത്തിന് മുമ്പ് വിളക്കുകൾ അണയ്ക്കും.

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ വലിയ പള്ളിയിൽ നടപ്പാക്കിയ നവീന പാഠ്യപദ്ധതിയായിരുന്നു 'വിളക്കത്തിരിക്കൽ'. ഈജിപ്റ്റിലെ അൽ അസ്ഹർ സർവകലാശാലയിലെ പഠനരീതിയും തദ്ദേശീയ ഗുരുകുല സമ്പ്രദായവും സമന്വയിപ്പിച്ചാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയത്.
പോർച്ചുഗീസ് അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടകാലത്ത് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് സാമൂതിരി സമ്മാനമായി നൽകിയതാണ് നിലവിളക്കെന്ന് പറയപ്പെടുന്നു.

പള്ളിയുടെ വിവിധ ഭാഗങ്ങളിലായി തൂക്കിയിട്ടിട്ടുള്ള വിളക്കുകൾ പ്രത്യേക ദിവസങ്ങളിൽ കത്തിക്കുന്നതും തുടരുന്നു. വിശുദ്ധ റംസാനിലെ പ്രത്യേക ദിവസങ്ങളിലാണ് എണ്ണ നിറച്ച് വിളക്കുകൾ കത്തിക്കുന്നത്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനാണ് വിളക്ക് കത്തിക്കുന്നത് തുടരുന്നതെന്ന് പൊന്നാനി വലിയ ജുമാഅത്ത് പള്ളിക്കമ്മിറ്റി സെക്രട്ടറി വി. സെയ്തുമുഹമ്മദ് തങ്ങൾ പറഞ്ഞു. നിലവിളക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം കത്തുമ്പോഴും ഇപ്പോഴും കെടാവിളക്കായി കത്തുകയാണ് പള്ളിയിലെ നിലവിളക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP