Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചപാണ്ഡവന്മാർ പാർത്ത ഐതീഹ്യപെരുമ; ശംഖ് പാതാളവും ഊട്ടുപാറയും വനദുർഗാ ക്ഷേത്രവും ഒരുമിക്കുന്ന ചിരിത്രാവശിഷ്ടങ്ങളും; രേഖകൾ ഹാജരാക്കാതെ മുതലാളിമാരുമായി ഒത്തുകളിച്ച് നഷ്ടമാക്കിയത് വനത്തിനു മേലുള്ള അവകാശം; 283 കൂടുംബങ്ങളുടെ കുടികിടപ്പ് അവകാശവും നഷ്ടമായേക്കും; പൊന്തൻപുഴയിൽ നടക്കുന്നത് വമ്പൻ കള്ളക്കളി

പഞ്ചപാണ്ഡവന്മാർ പാർത്ത ഐതീഹ്യപെരുമ; ശംഖ് പാതാളവും ഊട്ടുപാറയും വനദുർഗാ ക്ഷേത്രവും ഒരുമിക്കുന്ന ചിരിത്രാവശിഷ്ടങ്ങളും; രേഖകൾ ഹാജരാക്കാതെ മുതലാളിമാരുമായി ഒത്തുകളിച്ച് നഷ്ടമാക്കിയത് വനത്തിനു മേലുള്ള അവകാശം; 283 കൂടുംബങ്ങളുടെ കുടികിടപ്പ് അവകാശവും നഷ്ടമായേക്കും; പൊന്തൻപുഴയിൽ നടക്കുന്നത് വമ്പൻ കള്ളക്കളി

മറുനാടൻ ഡെസ്‌ക്

പത്തനംതിട്ട : കോടതിക്കുമുന്നിൽ പ്രധാന രേഖകൾ ഹാജരാക്കാൻ സർക്കാർ അഭിഭാഷകൻ പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയായ പൊന്തൻപുഴ വനത്തിനുമേൽ വനം വകുപ്പിനുള്ള അവകാശം നഷ്ടമായി. സർക്കാർ അനാസ്ഥ തുടർന്നാൽ 7,000 ഏക്കർ വനഭൂമി ഇതിനുമേൽ അവകാശമുന്നയിച്ച വമ്പന്മാരുടെ കൈവശം എത്തുമെന്ന സ്ഥിതിയാണിപ്പോൾ. മംഗളത്തിൽ പത്തനംതിട്ട ബ്യൂറോ ചീഫ് സജിത്ത് പരമേശ്വരനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ വനമേഖലയിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിതരായ 500-ൽപരം പാവങ്ങൾക്കു കിടപ്പാടം നഷ്ടപ്പെടാനും സാധ്യത വർധിച്ചെന്നാണ് റിപ്പോർട്ട്.

വനം വകുപ്പും ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച വൻകിടക്കാരും തമ്മിലുള്ള രഹസ്യ ധാരണയാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിക്കുന്നു. 283 കുടുംബങ്ങളാണു പൊന്തൻപുഴ വനത്തിനുമേൽ അവകാശമുന്നയിച്ചിട്ടുള്ളത്. പത്തനംതിട്ട-കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ വനം നൂറ്റാണ്ടുകളായി വനമേഖലയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ആലപ്ര, പൊന്തൻപുഴ, വലിയകാവ്, മക്കപ്പുഴ, പ്ലാച്ചേരി, പെരുമ്പട്ടി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മേഖല 1905-ൽ തിരുവിതാംകൂർ ദിവാൻ മാധവറാവു വനമായി വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കിയ ഭൂമിയാണ്. 1958-ൽ കൊല്ലം ഫോറസ്റ്റ് കൺസർവേറ്റർ വനത്തിന് ചുറ്റും ജണ്ടകൾ സ്ഥാപിച്ച് അധികാരം ഉറപ്പിച്ചു. എന്നാൽ ഈ ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച് പാലാ സ്വദേശി ചെറിയത്ത് ജോസഫ് അടക്കം 283 വ്യക്തികൾ രംഗത്തെത്തിയതോടെയാണു പൊന്തൻപുഴ വനം കഴിഞ്ഞ 30 വർഷമായി വാർത്തകളിൽ ഇടം പടിച്ചത്.

എഴുമറ്റൂർ നെയ്തല്ലൂർ കോവിലകത്തിന്റെ ഭരണമേഖലയിൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നു പൊന്തൻപുഴ വനവും സമീപപ്രദേശങ്ങളും. കൊല്ലവർഷം 948-ൽ തങ്ങൾക്ക് ചെമ്പുപട്ടയമായി ലഭിച്ച ഭൂമിയാണിതെന്നും അതിനാൽ പൊന്തൻപുഴ സംരക്ഷിത വനമേഖല അല്ലെന്നുമുള്ള വാദവുമായി ചില കുടുംബങ്ങൾ രംഗത്തെത്തിയതോടെയാണു വിവാദം കോടതി കയറിയത്. ഇതോടെ വനഭൂമി സംരക്ഷിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വനം വകുപ്പും കോടതിയിലെത്തി.

ആദ്യം കോട്ടയം ജില്ലാ കോടതിയിലായിരുന്ന കേസ് ഒടുവിൽ ഹൈക്കോടതിയിലെത്തി. ഇത് സംബന്ധിച്ച് നടന്ന അന്തിമവാദത്തിലാണ് പൊന്തൻപുഴ സംരക്ഷിത വനഭൂമിയാണെന്നുള്ള സർക്കാർ വാദത്തിന് കഴമ്പില്ലെന്നു കോടതി വിധിച്ചത്. ഭൂമിക്കുവേണ്ടി വ്യക്തികൾ ഉന്നയിച്ച അവകാശം കോടതി അംഗീകരിച്ചില്ലെങ്കിലും ഭാവിയിൽ അവർക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യതകളാണ് വനം വകുപ്പ് തുറന്നിട്ടിരിക്കുന്നതെന്ന് മുൻ എംഎ‍ൽഎ: ജോസഫ്.എം. പുതുശേരി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി അപ്പീൽ പോവുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ഭൂമി പൂർണമായും വ്യക്തികളുടെ കൈയിൽ അകപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

പൊന്തൻപുഴ വനത്തിനുമേൽ വനം വകുപ്പിന് അവകാശം നഷ്ടപ്പെടാൻ ചില രാഷ്ട്രീയ ഉന്നതരും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങിയിരുന്നു. ഇവർ ചമച്ച വ്യാജ രേഖകളാണ് ഇപ്പോൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുള്ളത്. മുമ്പ് പൊന്തൻപുഴ വനം തീറെഴുതാൻ കൂട്ടുനിന്ന ഒരു ഡെപ്യൂട്ടി കലക്ടർ ജോസഫ് എം.പുതുശേരിയുടെ പരാതിയെ തുടർന്ന് സസ്പെൻഷനിലായിരുന്നു. അഞ്ഞുറിൽപരം ഭൂരഹിതരാണ് പൊന്തൻപുഴ വനമേഖലയിൽ പാർക്കുന്നത്. ഇവർക്ക് 2005-ൽ അന്നത്തെ റവന്യൂ മന്ത്രി കെ.എം.മാണി കൈവശരേഖ നൽകിയിരുന്നു. ഇവർക്ക് പട്ടയം ലഭിക്കാനുള്ള സാധ്യതപോലും കോടതി വിധി മൂലം നഷ്ടപ്പെടാനാണ് സാധ്യതയെന്ന് സാമൂഹ്യ പ്രവർത്തകനായ സന്തോഷ് പെരുമ്പട്ടി പറഞ്ഞു.

ധാരാളം ചരിത്രാവശിഷ്ടങ്ങൾ നിലനിൽക്കുന്ന മേഖലയാണ് പൊന്തൻപുഴ വനം. മഹാഭാരതവുമായി ബന്ധപ്പെട്ട് പഞ്ചപാണ്ടവന്മാർ പാർത്ത ഇടമെന്നാണു വിശ്വാസം. അമ്പലത്തറ, ശംഖ് പാതാളം, നാഗപ്പാറ, ഊട്ടുപാറ, അരീക്കകാവ്, വനദുർഗാ ക്ഷേത്രം, എന്നിവ വനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് വനം വകുപ്പ് നഷ്ടമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP