Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗ അനസ്ലാമികമെന്ന മുസ്ലീലീഗ് വാദത്തോട് യോജിപ്പില്ല; ഇന്ത്യൻ വ്യായാമ മുറയുടെ പ്രചരണവും പരിശീലനവും തുടരും; യോഗയിലെ വർഗ്ഗീയം അംഗീകരിക്കാതെ പോപ്പുലർ ഫ്രണ്ട്

യോഗ അനസ്ലാമികമെന്ന മുസ്ലീലീഗ് വാദത്തോട് യോജിപ്പില്ല;  ഇന്ത്യൻ വ്യായാമ മുറയുടെ പ്രചരണവും പരിശീലനവും തുടരും; യോഗയിലെ വർഗ്ഗീയം അംഗീകരിക്കാതെ പോപ്പുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നല്ലതെന്തായാലും ഞങ്ങൾ സ്വീകരിക്കും. അത് ആരോഗ്യത്തിന് ഗുണകരമാണെങ്കിൽ- യോഗയെ കുറിച്ച് പോപ്പുലർ ഫ്രണ്ടിന്റെ നിലപാടാണ് ഇത്. രാജ്യത്തെ സ്‌കൂളുകളിൽ യോഗ നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ച മുസ്ലിം സംഘടനകളുടെ നിലപാടിനോട് പോപ്പുലർ ഫ്രണ്ടിന് യോജിപ്പില്ല. യോഗ സമൂഹത്തിന് അനിവാര്യമാണ്. അതിൽ മതം കാണേണ്ടതില്ലെന്നാണ് വിശദീകരണം. അതുകൊണ്ട് തന്നെ മുസ്ലിം സംഘടനയായി പൊതുവേ വിലയിരുത്തുന്ന പോപ്പുർ ഫ്രണ്ട് യോഗയെ തള്ളിപ്പറയില്ല. കേഡർമാർക്ക് യോഗാ പരിശീലനവും നൽകും.

പോപ്പുലർ ഫ്രണ്ടിന്റെ വെബ്‌സൈറ്റിൽ തന്നെ യോഗയുടെ ഗുണഗണങ്ങൾ വിശദീകരിച്ച് വിവരങ്ങളുണ്ട്. പോരാത്തതിന് .യോഗയ്ക്ക് വേണ്ടി പ്രചരണങ്ങളും പോപ്പുലർ ഫ്രണ്ട് മുൻകൈയെടുത്ത് നടത്തുന്നു. 2014 ഒക്ടോബർ 15 മുതൽ 30 വരെ കേരളത്തിലുടനീളം യോഗയ്ക്കായി പ്രചരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗ് നടത്തിയത് രാഷ്ട്രീയ കളി മാത്രമാണെന്ന വാദമാണ് സജീവമാകുന്നത്. നിലവിലെ വിവാദങ്ങൾ അനാവശ്യമാണന്നെ് പറയുന്ന പോപ്പുലർ ഫ്രണ്ട് സൂര്യനമസ്‌കാരം അടക്കമുള്ളവ അവരുടെ കേഡർമാർക്ക് പരിശീലിപ്പിക്കാറുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലന ക്യാമ്പുകളിൽ യോഗ എല്ലാ ദിവസവും പരിശീലിപ്പിക്കും. മുസ്ലിം ആശയങ്ങളുമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് യോഗയെ നെഞ്ചിലേറ്റുമ്പോൾ മതേതരത്വം പറയുന്ന ലീഗ് യോഗയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന അഭിപ്രായവും സജീവമായി കഴിഞ്ഞു.

യോഗയെ മതപരമായ ചടങ്ങായി ചൂണ്ടിക്കാട്ടി തടയാൻ കോടതിയെ സമീപിച്ചവർക്ക് അമേരിക്കൻ കോടതിയിൽ നിന്നും പോലും തിരിച്ചടിയുണ്ടായി. യോഗയെ വർഗ്ഗീയമായി കാണേണ്ടതില്ലെന്നായിരുന്ന അമേരിക്കൻ കോടതിയുടെ നിർദ്ദേശം. യോഗ പരിശീലനം ഒരു മതവിശ്വാസത്തേയും ഹനിക്കുന്നില്ലെന്നും ഇത് മതേതരമായ അഭ്യാസം മാത്രമാണെന്നും അമേരിക്കൻ കോടതി ഈയിടെ വിധിച്ചിരുന്നു. കാലിഫോർണിയയിലെ വിദ്യാലയങ്ങളിൽ യോഗ പരിശീലിപ്പിക്കുന്നതിനെതിരേ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. നേരത്തെ സാൻഡിയാഗോ സൂപ്പീരിയർ കോടതിയും യോഗ മതപരമോ ആത്മീയമോ ആയ ആചാരമല്ലെന്ന് വിധിച്ചിരുന്നു. ഈ വിധിയെ അപ്പീൽ കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. ആഗോളതലത്തിൽ തന്നെ ഇപ്രകാരം യോഗയുടെ പ്രസക്തി ചർച്ച ചെയ്യുമ്പോഴായിരുന്നു മുസ്ലിം ലീഗ് യോഗയെ മതപരമായ ചടങ്ങായി വിശേഷിപ്പിച്ചത്. ഇതിനെയാണ് എസ്ഡിപിഐ പോലും പരസ്യമായി എതിർക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ മുസ്ലിം സമുദായങ്ങൾക്കിടയിലും യോഗാ പ്രചരണം ശക്തമാകുമെന്ന് ഉറപ്പാണ്.

യോഗയ്ക്ക് മതമില്ലെന്നും തങ്ങളുടെ കേഡർമാർക്കായി യോഗ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കി. പ്രവർത്തകരോട് യോഗ പരീശിലിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും പ്രവർത്തകരോട് നേതാക്കൾ കൂട്ടിച്ചേർത്തു. 'ഞങ്ങൾ കേഡർമാർക്കായി പതിവായി യോഗ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്, അതോടൊപ്പം ഞങ്ങളുടെ പ്രവർത്തകരോടും യോഗ പരിശീലനം നടത്താൻ ആവശ്യപ്പെടാറുണ്ട്. ദിനവും യോഗ പരിശീലനം നടത്തുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നതായാണ് ഞങ്ങളുടെ അനുഭവം' പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി കെഎച്ച് നാസർ വിശദീകരിക്കുന്നു. ഇനിയുമത് തുടരുമെന്നാണ് അറിയിക്കുന്നത്.ബാബ രാംദേവിനെ പോലുള്ളവർ യോഗയെ ഹിന്ദ്വുത്വ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും എന്നാൽ യോഗയിൽ മതമില്ലെന്നും സൂര്യനമസ്‌കാരത്തെ കുറിച്ചാണ് വിവാദം ഉണ്ടായതെന്നാണ് താൻ കരുതുന്നതെന്നും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. ശാരീരിക ക്ഷമതയ്ക്ക് വേണ്ടി പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയിട്ടുള്ള കൈപുസ്തകത്തിലും നിരവധി യോഗ ആസനങ്ങളെ കുറിച്ച് പറയുന്നുണ്ട്.

നേരത്തെ സ്‌കൂളുകളിൽ യോഗ പരിശീലനം നിർബന്ധമാക്കാനുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനമാണ് വിവാദമായത്. ഇതോടൊപ്പം ജൂൺ 21ന് എല്ലാ സ്‌കൂളുകളിലും രാവിലെ ഏഴ് മുതൽ ഏഴര വരെ യോഗയും സൂര്യനമസ്‌കാരവും നിർബന്ധമായി നടത്തണെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ മുസ്ലിം ലീഗും പേഴ്‌സണൽ ലോ ബോർഡും ഉൾപ്പെടെയുള്ള സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് സ്‌കൂളുകളിൽ യോഗ പരിശീലനം നിർബന്ധമാക്കുകയില്ലെന്നും യോഗാ ദിനാചരണ ചടങ്ങുകളിൽ നിന്നും സുര്യനമസ്‌ക്കാരം ഒഴിവാക്കുമെന്നും കേന്ദ്ര സർക്കാർ അറിച്ചിരുന്നു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് യോഗയും സൂര്യനമസ്‌ക്കാരവും പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. ഐക്യരാഷ്ട്രസഭയാണ് യോഗദിനാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. യോഗയിൽ മതപരമായ അജണ്ട ഉളിപ്പിച്ചുവച്ചാണ് കേന്ദ്ര സർക്കാർ യോഗാദിനം ആചരിക്കാൻ ശ്രമിക്കുന്നത്. ഇത് ഇന്ത്യയുടെ മതനിരപേക്ഷതയെ തകർക്കുന്നതിന് കാരണമാകും. ഏതെങ്കിലും പ്രത്യേക മതത്തിനല്ല, ഇന്ത്യൻ മതേതരത്വത്തിനാണ് ഈ നീക്കങ്ങൾ ഭീഷണി സൃഷ്ടിക്കുന്നതെന്നും എല്ലാ മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി ചേർന്ന് അതിനെ എതിർക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ ആരോപിച്ചിരുന്നു. സൂര്യനമസ്‌കാരം തന്റെ വിശ്വാസ പ്രമാണത്തിന് എതിരാണ്. ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിന് മുസ്ലിം ലീഗ് കൂട്ടു നിൽക്കില്ലെന്നായിരുന്നു ഇടിയുടെ നിലപാട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ജൂൺ 21ലെ യോഗാ ദിനാചരണത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. ഗിന്നസ് ബുക്കിൽ ഇടം നേടുകയെന്ന ലക്ഷ്യത്തിൽ മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗയ്ക്കായി വലിയ തോതിലുള്ള പ്രചാരണം നടത്തുന്നുണ്ട്. ഒരൊറ്റ വേദിയിൽ ഏറ്റവും കൂടുതൽ പേർ ചെയ്യുന്ന യോഗ എന്ന റെക്കോഡാണ് ഗിന്നസ് അധികൃതർ പരിശോധിക്കുക. വിദേശകാര്യമന്ത്രാലയം നേരിട്ടാണ് 190 രാജ്യങ്ങളിൽ യോഗ ചടങ്ങ് ആസൂത്രണം ചെയ്യുന്നത്. ഇതിനിടെയാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ വിർശനവുമായെത്തിയത്. തുടർന്ന് സൂര്യനമസ്‌കാരത്തെ ഒഴിവാക്കി. ഇതിനെ ബിജെപി എംപി യോഗി ആദിത്യനാഥിനെ പോലുള്ളവർ വിമർശിക്കുകയും ചെയ്തു. സൂര്യനമസ്‌കാരവും മതപരമല്ലെന്നാണ് ഇവരുടെ നിലപാട്. സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിക്കുന്ന യോഗാമുറയാണ് സൂര്യനമസ്‌കാരമെന്നും ഇവർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP