Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഴിച്ചുപണികളും പ്രഖ്യാപനങ്ങളും അരങ്ങുവാഴുമ്പോഴും പൊതുവിപണി പിടിച്ചാൽ കിട്ടാത്ത വിധം പാതാളത്തിലേക്ക്; സർവ്വ സാധങ്ങൾക്കും വില കൂടി; പച്ചമുളക് ലഭ്യമല്ല; അരിയുടെ വില ദിവസം തോറും ഉയരുന്നു

അഴിച്ചുപണികളും പ്രഖ്യാപനങ്ങളും അരങ്ങുവാഴുമ്പോഴും പൊതുവിപണി പിടിച്ചാൽ കിട്ടാത്ത വിധം പാതാളത്തിലേക്ക്; സർവ്വ സാധങ്ങൾക്കും വില കൂടി; പച്ചമുളക് ലഭ്യമല്ല; അരിയുടെ വില ദിവസം തോറും ഉയരുന്നു

 



തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിലെത്തി.. എന്നിട്ട് എല്ലാം ശരിയായി തുടങ്ങിയോ? ഒരാഴ്‌ച്ചയേ മന്ത്രിമാർ ചുമതലയേറ്റിട്ട് ആയിട്ടുള്ളൂവെങ്കിലും വിവാദമായ കാര്യങ്ങൾ ഏറെയുണ്ടായി. ഉദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണികളുമുണ്ടായി. വിലക്കയറ്റം പിടിച്ചു നിർത്തുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ എൽഡിഎഫിന് അതിന് സാധിച്ചോ? സർക്കാർ തലത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും അതു പൊതുവിപണിയിൽ പ്രതിഫലിച്ചു കണ്ടിട്ടില്ല. അരിയുടെ അടക്കം സകല സാധനങ്ങളുടെയും വില റോക്കറ്റു പോലേ മേലോട്ടു പോകുകയാണ്. സർ്ക്കാർ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും ഇതു തന്നെയാണ്.

പിടിച്ചുനിർത്താൻ ഇതുവരെ കൈക്കൊണ്ട നടപടികൾ ഫലം കാണുന്നില്ല. സർക്കാരിന്റെ മധുവിധുകാലത്തുതന്നെ ഐപിഎസ്/ഐഎഎസ് തലപ്പത്തു തുടർച്ചയായി അഴിച്ചുപണി നടത്താൻ കാട്ടിയ വ്യഗ്രത വിപണിയിൽ ഇടപെടുന്ന കാര്യത്തിലില്ല. മുൻസർക്കാരിനു നഷ്ടമായ വിപണിനിയന്ത്രണം തിരികെപ്പിടിക്കാൻ നീക്കങ്ങൾ കൈക്കൊള്ളാൻ പുതിയ സർക്കാറിന് ഇനിയും സാധിച്ചിട്ടില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തു ബ്രാൻഡഡ് കമ്പനികൾ അരിവില കുത്തനെകൂട്ടി. 40 രൂപയായിരുന്ന കുത്തരിക്ക് ഒറ്റയടിക്കു മൂന്നുരൂപ കൂട്ടി. പാലക്കാട് കേന്ദ്രമായ ബ്രാൻഡഡ് കമ്പനിയാണ് അരിവില 43 രൂപയിലെത്തിച്ചത്. മിക്ക നിത്യോപയോഗസാധനങ്ങളുടെയും വില 100 കടന്നിട്ടും പിടിച്ചുനിർത്താൻ നടപടിയില്ല.

പൊതുവിപണിയിൽ ഉഴുന്നാണു വിലയിൽ മുന്നിൽ. 170 രൂപയാണു മൊത്തവില. എന്നാൽ, ചില്ലറവിൽപന 190-200 രൂപയ്ക്കാണ്. മുളകിന്റെ മൊത്തവില 150. ചെറുകിടവ്യാപാരികൾ വിൽക്കുന്നത് 200 രൂപയ്ക്ക്. ജീരകം 180 രൂപയായപ്പോൾ വെള്ളക്കടലയുടെ വില 140-ൽ എത്തി. കറുത്തകടല-88, മല്ലി-110, ചെറുപയർ-120, വൻപയർ-78, കടുക്-100 എന്നിങ്ങനെ തൊട്ടതിനെല്ലാം പൊള്ളുന്ന വില.

വിലക്കയറ്റം നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷനു കൂടുതൽ തുകയനുവദിച്ചിട്ടുണ്ടെന്നു വകുപ്പുമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും വിപണിയിൽ അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയില്ല. റേഷൻ വ്യാപകമായി കരിഞ്ചന്തയിലേക്കൊഴുകുന്നതു നിയന്ത്രിക്കാൻ സർക്കാരിനായിട്ടില്ല. കാലവർഷം കനക്കുന്നതോടെ സൗജന്യ റേഷൻ നൽകാൻ സർക്കാർ ഏറെ വിയർക്കേണ്ടിവരും.

നിത്യോപയോഗസാധനങ്ങൾ പൂഴ്‌ത്തിവച്ചും കൃത്രിമക്ഷാമമുണ്ടാക്കിയുമാണു വിപണിയിൽ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. താളം തെറ്റിയ സിവിൽ സപ്ലൈസ്, സഹകരണവകുപ്പുകൾ അതേപടി തുടരുന്നു. സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലും ത്രിവേണി-നന്മ സ്റ്റോറുകളിലും അവശ്യവസ്തുക്ഷാമമുണ്ട്. സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള ലോഡുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതോടെ മാസത്തിന്റെ പകുതിയിൽതന്നെ അരി ഉൾപ്പെടെയുള്ള സബ്സിഡി സാധനങ്ങൾ തീരുന്നതിനാൽ ഉയർന്നവിലയ്ക്കു സാധനങ്ങൾ വാങ്ങേണ്ട അവസ്ഥയിലാണു സാധാരണക്കാർ.

അതേസമയം കൃത്രിമക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് അരിവില ഉയർത്താൻ ആന്ധ്ര ലോബിയുടെ നീക്കവും സജീവമാണ്. ഒരാഴ്ചയായി ആന്ധ്രയിൽ നിന്നുള്ള അരി വരവ് നിലച്ചതോടെ മൊത്തവിപണിയിൽ അരിവില അഞ്ചുരൂപവരെ വർധിച്ചു. ക്ഷാമം സപ്ലൈകോയിലെ അരിവിതരണത്തേയും പ്രതിസന്ധിയിലാക്കും.

പന്ത്രണ്ട് റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയിൽ നിന്ന് എത്തിയിരുന്നത്.ഒരു റാക്കിൽ 2500 ടൺ വരെ.പക്ഷെ കഴിഞ്ഞമാസം വന്നത് വെറും നാല് റാക്ക് മാത്രം. ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും കയറ്റിവിടാൻ ആന്ധ്രയിലെ മില്ലുടമകൾ തയാറായിട്ടില്ല.ചെറുകിട മില്ലുകളിൽ ഭൂരിഭാഗവും പൂട്ടിയതോടെ വലിയ മില്ലുടമകളാണ് ആന്ധ്രയിലെ അരി വിപണി നിയന്ത്രിക്കുന്നത്.നെല്ലുൽപാദനം കുറഞ്ഞതുകൊണ്ടാണന്നാണ് വിതരണം കുറച്ചതെന്നാണ് വിശദീകരണമെങ്കിലും കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടുകയാണ് മില്ലുടമകളുടെ ലക്ഷ്യമെന്ന് വ്യക്തം. ഇതിന്റ പ്രതിഫലനവും വിപണിയിൽ കണ്ടുതുടങ്ങി

കൺസ്യൂമർഫെഡ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ കുടിശിക നൽകാത്തതും മില്ലുടമകളെ ചൊടിപ്പിച്ചിട്ടുണ്ട്.പ്രതിസന്ധി തുടർന്നാൽ അരിവില ഇനിയും ഉയരും. ആന്ധ്രയിൽ നിന്നുള്ള ജയ സുലേഖ അരിയിനങ്ങളാണ് സപ്ലൈകോവഴിയും വിതരണം ചെയ്യുന്നത്. സബ്‌സിഡിയിനത്തിൽ കിട്ടുന്ന അരിയാണ് സാധാരണക്കാരന് അൽപമെങ്കിലും ആശ്വാസം. എന്നാൽ ആന്ധ്രയിൽ നിന്നുള്ള അരിവരവ് നിലച്ചതോടെ പൊതുവിതരണസംവിധാനത്തിലൂടെയുള്ള അരിവിതരണവും പ്രതിസന്ധിയിലാകും.

പലവ്യഞ്ജനങ്ങൾക്കു പുറമേ പച്ചക്കറിക്കും പഴങ്ങൾക്കും സംസ്ഥാനത്തു റെക്കോഡ് വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കാർ സർക്കാരെടുത്ത പല നടപടികളും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയേത്തുടർന്ന് തുടങ്ങിയിടത്തുതന്നെയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റ് വരെ കാത്തിരുന്നാൽ ജനത്തിന്റെ കീശ കീറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP