Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്താൻ സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി നീട്ടി നൽകി സർക്കാർ; ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്തി ഉത്തരവ് നോക്കുകുത്തിയായി

ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്താൻ സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി നീട്ടി നൽകി സർക്കാർ; ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്തി ഉത്തരവ് നോക്കുകുത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തു ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ട് മുൻ സർക്കാർ പുറത്തിറക്കിയ ഉത്തരവ് വെറുതേയായി. സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നു നൽകിയ താൽക്കാലിക ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പെർമിറ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചതോടെ സ്വകാര്യ മേഖലയിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളുട സർവീസുകൾ വീണ്ടും തുടരും. പെർമിറ്റ് കാലാവധി തുടരണോ എന്ന കാര്യത്തിൽ സർക്കാർ വിശദമായ ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ താൽക്കാലിക പെർമിറ്റ് തുടരാനാണു തീരുമാനമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്തുന്നതിന്റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ടത് 241 സ്വകാര്യബസുകൾക്കായിരുന്നു. ഈ ബസുകൾക്ക് 2016 ഫെബ്രുവരിയിൽ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പെർമിറ്റ് അനുവദിച്ചു. 170 ബസുകളാണ് ആറുമാസ പെർമിറ്റ് വാങ്ങിയത്. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം. ഹിയറിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

അതേസമയം, പെർമിറ്റ് നീട്ടിക്കിട്ടാൻ സ്വകാര്യബസുകളുടെ ഭാഗത്തുനിന്ന് കനത്ത സമ്മർദം സർക്കാറിന് മേലുണ്ടായിരുന്നു. പെർമിറ്റ് നീട്ടിയാൽ അത് കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് മാനേജ്‌മെന്റിന്റെയും ട്രേഡ് യൂനിയനുകളുടെയും നിലപാട്. സംസ്ഥാനത്ത് ഫാസ്റ്റ്പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കി നിജപ്പെടുത്തിരുന്നു. ഇതിന്റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് കഴിഞ്ഞ സർക്കാർ 2016 ഫെബ്രുവരിയിൽ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റ് അനുവദിച്ചത്. ഇതിനത്തെുടർന്ന് 241ൽ 170 ബസുകൾക്കാണ് ആറു മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിച്ചിരുന്നത്. ഇത് ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്.

സ്വകാര്യബസുകൾക്ക് എത്ര ദൂരം വേണമെങ്കിലും റൂട്ട് നീട്ടാനും സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്താനും സ്വാതന്ത്ര്യം നൽകുന്ന തരത്തിൽ മോട്ടോർ വാഹനച്ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് കഴിഞ്ഞ സർക്കാർ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റുകൾ അനുവദിച്ചത്. മോട്ടോർ വാഹനച്ചട്ടപ്രകാരം ഓർഡിനറി സർവിസുകളുടെ റൂട്ടിന്റെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയർ‌സ്റ്റേജുകൾക്കിടയിലെ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിബന്ധനകൾ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ യു.ഡി.എഫ് സർക്കാർ വരുത്തിയ നിയമഭേദഗതിയിലൂടെ ഇല്ലാതാവുകയായിരുന്നു.

സ്വകാര്യ ബസുകൾക്ക് സൂപ്പർഫാസ്റ്റ് പെർമിറ്റ് നൽകേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനം ഏതൊരു ലക്ഷ്യം മുൻനിർത്തിയായിരുന്നോ അക്കാര്യത്തെ പാടെ അട്ടിമറിക്കുന്നതാണ് സ്വകാര്യബസുകളുടെ ദൂരപരിധി എടുത്തുകളഞ്ഞതിലൂടെ സംഭവിച്ചത്. സൂപ്പർ ഫാസ്റ്റ് ബസുകൾ സഞ്ചരിക്കുന്നതിനെക്കാൾ ദൂരം സ്വകാര്യ ബസുകൾ സർവിസ് നടത്തിയാലും നിലവിൽ നിയമപരമായി സർക്കാറിന് ഒന്നും ചെയ്യാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP