Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശ്വാസവുമായി എത്തിയ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു ജിഷയുടെ അമ്മ വാവിട്ടു കരഞ്ഞു; ചെന്നിത്തലയെ തടഞ്ഞ നാട്ടുകാരുടെ രോഷം അടങ്ങിയത് പാടുപെട്ട്; സംസ്ഥാനം മുഴുവൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

ആശ്വാസവുമായി എത്തിയ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു ജിഷയുടെ അമ്മ വാവിട്ടു കരഞ്ഞു; ചെന്നിത്തലയെ തടഞ്ഞ നാട്ടുകാരുടെ രോഷം അടങ്ങിയത് പാടുപെട്ട്; സംസ്ഥാനം മുഴുവൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

പെരുമ്പാവൂർ: ഡൽഹിയിൽ ഓടുന്ന ബസിൽ വച്ച് പെൺകുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ചാണ് നീതി ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. ഒരു സർക്കാറിന്റെ ഭരണനഷ്ടത്തിലേക്ക് പോലും ആ പ്രതിഷേധം കൊണ്ടുചെന്നെത്തിച്ചു. സമാനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറുന്നത്. ജിഷയെന്ന നിയമവിദ്യാർത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഭരണക്കാരോടുള്ള പ്രതിഷേധമായി മാറിയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയും സംഭവത്തിന്റെ ചൂട് ശരിക്കുമറിഞ്ഞു.

കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങൾ ഇന്നലെ നടന്നു. കോഴിക്കോടും, കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധങ്ങൾ. സൈബർ ലോകത്തെ പ്രതിഷേധം അതിവേഗമാണ് തെരുവിലേക്ക് നീണ്ടത്. ഇന്നലെ രാജ്യസഭാംഗം സുരേഷ് ഗോപി ജിഷയുടെ മാതാവിനെ കാണാൻ പെരുമ്പാവൂർ ആശുപത്രിയിൽ എത്തിയിരുന്നു. ആശ്വസിപ്പിക്കാനെത്തിയ താരത്തെ കണ്ടപ്പോൾ ജിഷയുടെ അമ്മ രാജേശ്വരി കെട്ടിപ്പിട്ടിച്ച് അലമുറയിട്ടും നിലവിളിച്ചു. ഒരുനിമിഷം സുരേഷ് ഗോപിയും എന്തുപറയണമെന്നറിയാതെ സ്തംഭിച്ചു പോയി.

അതേസമയം അമ്മയെ കാണാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ശരിക്കും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. കുറുപ്പംപടിയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം തെരുവിലേക്കും നീണ്ടു. മരിച്ച പെൺകുട്ടിയുടെ അമ്മയെ സന്ദർശിക്കാൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർ റോഡിൽ തടഞ്ഞു.

എൽദോസ് കുന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയതിനു ശേഷം ആശുപത്രിയിലേക്കു നടന്നു നീങ്ങിയ ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാട്ടി. തുടർന്നു കാറിൽ കയറിയ മന്ത്രിക്കു പ്രവർത്തകരുടെ പ്രതിഷേധം മൂലം മുന്നോട്ട് പോകാനായില്ല. പൊലീസ് ഇടപെട്ടാണ് കാർ മുന്നോട്ട് എടുക്കാനായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

കാറിനു മുന്നിൽ കൊടിയും മറ്റും വച്ച് പ്രതിഷേധക്കാർ അടിച്ചു. മന്ത്രി തിരിച്ച് ആശുപത്രിയിലേക്ക് എത്തുമെന്ന് കരുതി പ്രവർത്തകർ കൂട്ടംകൂടി മുദ്രാവാക്യം വിളിച്ചു. കൊല ചെയ്യപ്പെട്ട ജിഷയുടെ കുറുപ്പംപടിയിലെ വീട് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. ഐജി മഹിപാൽ യാദവും ഒപ്പം ഉണ്ടായിരുന്നു. ജിഷയുടെ കൊലപാതകം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചത് അപലപനീയമാണെന്നു മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ എത്തിയ ആഭ്യന്തര മന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുവാൻ പൊലീസിന് കഴിഞ്ഞില്ല. പ്രതിഷേധക്കാർ ഉണ്ടെന്നറിഞ്ഞിട്ടും വേണ്ടത്ര പൊലീസുകാരെ നിയോഗിക്കാൻ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. കരിങ്കൊടി കാട്ടിയ പ്രവർത്തകരെ നിയന്ത്രിക്കാനും പൊലീസിനു കഴിഞ്ഞില്ല. മാദ്ധ്യമസ്ഥാപനത്തിന്റെ വാഹനത്തിനു നേരേയും ആക്രമണം ഉണ്ടായി. പ്രവർത്തകർ ചേരി തിരിഞ്ഞത് സംഘർഷത്തിന് വഴി വച്ചെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിച്ചു. മന്ത്രിയെ തടഞ്ഞ നടപടിയിൽ യുഡിഎഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

നിയമ വിദ്യാർത്ഥി ജിഷയുടെ വീട് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ഇന്നു രാവിലെഒൻപതിനു സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥലത്തെത്തിയേക്കും. അതേസമയം ഡിവൈഎഫ്‌ഐയുടെയും മറ്റ് യുവജനസംഘടനകളുടെയും നേതൃത്വത്തിൽ ഇന്നും പ്രതിഷേധങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതേസമയം മകൾ നഷ്ടമായ വേളയിൽ സമനില നഷ്ടപ്പെട്ട അവസ്ഥയിലാണ് ജിഷയുടൈ മാതാവ് രാജേശ്വരി. കലക്ടർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 5000 രൂപ കൈമാറാൻ ഇന്നലെ പതിനൊന്നോടെ ആശുപത്രിയിലെത്തിയ റവന്യു ഉദ്യോഗസ്ഥർക്കു മുന്നിൽ രാജേശ്വരി അലറിവിളിച്ചു ''എനിക്കീ പണം വേണ്ട, എന്റെ രണ്ടു പെൺമക്കൾക്കു സുരക്ഷിതമായി താമസിക്കാനുള്ള വീടുണ്ടാക്കാൻ എന്നെയാരും സഹായിച്ചില്ല.

പതിനാറാമത്തെ വയസിൽ എന്റെ മൂത്ത മോളെ ഒരാൾ കൊണ്ടു പോയതു മുതൽ നെഞ്ചിൽ തീയാണു സാറേ. പുറത്തുള്ള ആരുമല്ല അവളോടിതു ചെയ്തത് ഞാൻ വീട്ടിലില്ലെങ്കിൽ പരിചയമില്ലാത്ത ആരുവന്നാലും ജിഷ വാതിൽ തുറക്കില്ല. മോൾക്കു നന്നായി അറിയാവുന്ന ഒരാളാണ് ഇതു ചെയ്തത്. പണമല്ല അവനെയാണു നിങ്ങൾ എനിക്കു കൊണ്ടുവന്നു തരേണ്ടത്.' പൊട്ടിക്കരച്ചിലിനിടയിലും രാജേശ്വരിയുടെ മുഖം വലിഞ്ഞു മുറുകി.

പ്രായപൂർത്തിയാവും മുൻപു ജിഷയുടെ ചേച്ചിയെ വിവാഹം കഴിച്ചയാൾ കുഞ്ഞു ജനിച്ചതോടെ അവരെ ഉപേക്ഷിച്ചു. അമ്മയും ജിഷയും താമസിക്കുന്ന വീട്ടിലല്ല ചേച്ചിയും മകനും താമസിക്കുന്നത്. ഇവരുടെ മുൻഭർത്താവ് ഇടയ്ക്ക് ജിഷയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ട്. ഇയാൾ വീട്ടിൽ വരുന്നതിൽ രാജേശ്വരിക്ക് ആശങ്കയുണ്ടായിരുന്നു. മൂത്ത മകൾക്കുവേണ്ടി നടത്തിയ നിയമയുദ്ധങ്ങൾ പരാജയപ്പെട്ടതിന്റെ വേദനയിലാണു ജിഷയെ നിയമപഠനത്തിനു വിടാൻ രാജേശ്വരി തീരുമാനിച്ചത്. പഠനം പൂർത്തിയാക്കി അഭിഭാഷകയാവുന്നതോടെ അമ്മയുടെ സങ്കടങ്ങൾക്കു പരിഹാരം കാണുമെന്നു ജിഷ ഇടയ്ക്കു പറയുമായിരുന്നു.

കൂലിപ്പണിയും വീട്ടുജോലിയും ചെയ്താണു രാജേശ്വരി മകളെ പഠിപ്പിച്ചിരുന്നത്. ഹോസ്റ്റലിൽ താമസിച്ചാണു ജിഷ ലോകോളജിൽ പഠിച്ചത്. ക്ലാസ് കഴിഞ്ഞതോടെ കുറുപ്പംപടിയിലെ വീട്ടിലേക്കു മടങ്ങി. നിയമപരീക്ഷയുടെ രണ്ടു പേപ്പറുകൾ കൂടി എഴുതി ജയിക്കാനുള്ള ഒരുക്കത്തിനിടയിലാണു മരണം.

മുത്തമകളുടെ ജീവിതപരാജയം രാജേശ്വരിയെ തളർത്തിയിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന ജിഷയുടെ സുരക്ഷ അമ്മയെ അലട്ടി. അസമയത്ത് ആരെങ്കിലും വീടിനു സമീപമെത്തിയാൽ രാജേശ്വരി ബഹളമുണ്ടാക്കുമായിരുന്നു. അയൽവാസികളിൽ പലരെയും ഭീതിയോടെയാണ് ഈ അമ്മ കണ്ടത്. ഇത് വഴക്കുകൾക്കും ഇവരുമായുള്ള അകൽച്ചയ്ക്കും വഴിയൊരുക്കി. ചെറുപ്പം മുതൽ രണ്ടുപെൺമക്കളേയും നൃത്തം അഭ്യസിപ്പിച്ചിരുന്നു.

ജിഷ പതിനെട്ടു വർഷത്തോളം ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. കുട്ടികളെ നൃത്തം പഠിപ്പിച്ച് ജിഷ അമ്മയെ സഹായിക്കാനുള്ള ചെറിയ വരുമാനമുണ്ടാക്കിയിരുന്നു. ഇവരുടെ വീടിനു സമീപത്തുകൂടി പൊതു നടവഴി ഇല്ല. എന്നിട്ടും രാത്രിയിൽ വീടിനു സമീപം കാൽപെരുമാറ്റം കേൾക്കുമ്പോൾ തേങ്ങ പൊതിക്കുന്ന പാരയുമായി രാജേശ്വരി പുറത്തിറങ്ങി ഒച്ചയുണ്ടാക്കുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP