Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താപനില 80ൽ എത്തിയാൽ തന്നെ അതു കുറയ്ക്കാനുള്ള സംവിധാനം ഉണ്ട്; വാതകചോർച്ച ഉണ്ടാകുമെന്ന ഭയം വേണ്ട; കാലപ്പഴക്കത്താലും അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും; പുതുവൈപ്പിനിൽ എൽപിജി പ്ലാന്റ് ഉറപ്പ്; വിദഗ്ധ സമിതിയും പദ്ധതിയെ എതിർക്കില്ലെന്ന് സൂചന

താപനില 80ൽ എത്തിയാൽ തന്നെ അതു കുറയ്ക്കാനുള്ള സംവിധാനം ഉണ്ട്; വാതകചോർച്ച ഉണ്ടാകുമെന്ന ഭയം വേണ്ട; കാലപ്പഴക്കത്താലും അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും; പുതുവൈപ്പിനിൽ എൽപിജി പ്ലാന്റ് ഉറപ്പ്; വിദഗ്ധ സമിതിയും പദ്ധതിയെ എതിർക്കില്ലെന്ന് സൂചന

തിരുവനന്തപുരം: പുതുവൈപ്പിനിലെ വിദഗ്ധ സമിതി റിപ്പോർട്ട് വികസനത്തിന് ആക്കം കൂട്ടുന്നതാകുമെന്ന് ഉറപ്പ്. ഈ പദ്ധതി സർക്കാർ ഒരിക്കലും ഉപേക്ഷിക്കില്ല. എല്ലാ പിന്തുണയും സർക്കാർ നൽകും. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരെ തണുപ്പിക്കാനുള്ള ഒത്തു തീർപ്പായിരുന്നു ഇന്നലത്തേതെന്ന് വ്യക്തം. സമരത്തിലേക്ക് നുഴഞ്ഞു കയറിയവരെ കർശനമായി നേരിടുകയും ചെയ്യും.

സൂനാമിയും ബോംബ് സ്‌ഫോടനവും നടന്നാൽപോലും തകരാർ സംഭവിക്കാത്ത തരത്തിൽ മൗണ്ടൻ ബുള്ളർ രീതിയിലാണു പുതുവൈപ്പിൽ എൽപിജി പ്ലാന്റ് നിർമ്മിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. സമരസമിതിയുമായി ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റിന്റെ ഗുണഗണങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന സൂചനയുണ്ട അദ്ദേഹം നൽകുന്നത്.

സുരക്ഷാ ആശങ്ക കണക്കിലെടുത്ത് പുതുവൈപ്പിൻ ഐ ഒ സി പ്ലാന്റ് നിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനം ആയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. പാരിസ്ഥിതിക അനുമതി മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നത് ഗൗരവതരമായ കാര്യമാണെന്നും ഇത് പരിശോധിക്കാൻ ഉന്നത തല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം നിർമ്മാണ പ്രവർത്തനങ്ങൾ താൽകാലികമായിട്ടാണ് നിർത്തിവയ്ക്കുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പദ്ധതിക്ക് ഹൈക്കോടതിയുടെ സംരക്ഷണവുമുണ്ട്. അതിനാൽ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി സമരസമിതിയെ അറിയിച്ചു. ശാസ്ത്രജ്ഞർ അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാമെന്നാണ് സമരസമിതി നേതാക്കളും സമ്മതിച്ചത്. അതുകൊണ്ട് തന്നെ ഇനി സമരം നടക്കില്ല.

ലോകത്ത് ഈ രീതിയിൽ നിർമ്മിച്ച ഒരു പ്ലാന്റിനും ഇതുവരെയും അപകടം സംഭവിച്ചിട്ടില്ല. 45 മുതൽ 75 വരെ മില്ലീമീറ്റർ കനമുള്ള ബോയ്ലർ സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചാണു നിർമ്മാണം. ഇതിനു പുറമെ രണ്ടു മീറ്റർ കനത്തിൽ മണലും ഒന്നേകാൽ മീറ്റർ കനത്തിൽ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റും സുരക്ഷാകവചം തീർക്കും. ബോയിലിങ് ലിക്വിഡ് എക്‌സ്പാൻഡിങ് വേപർ എക്‌സ്‌പ്ലോഷൻ (ബിഎൽഇവിഇ) സാങ്കേതിക ശൈലിയിലാണു സുരക്ഷ. അപകടം ഉണ്ടാകണമെങ്കിൽ താപനില 480 ഡിഗ്രിയിൽ എത്തണം.-മുഖ്യമന്ത്രി പറയുന്നു.

എന്നാൽ താപനില 80ൽ എത്തിയാൽ തന്നെ അതു കുറയ്ക്കാനുള്ള സംവിധാനം ഉണ്ട്. അതിനാൽ വാതകചോർച്ച ഉണ്ടാകുമെന്ന ഭയം വേണ്ട. കാലപ്പഴക്കത്താലും അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. മദ്രാസ് ഐഐടി നടത്തിയ പഠനത്തിലും പ്ലാന്റ് നിർമ്മാണത്തിൽ പിഴവില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ആശങ്ക ഗൗരവമായി കാണുന്നു. ഈ സാഹചര്യത്തിലാണ് പഠന സമിതി. അവരുടെ റിപ്പോർട്ട് വന്നാൽ പിന്നെ എല്ലാം സാധാരണ നിലയിലും. ഇതാണ് സർക്കാരിന്റെ പദ്ധതി.

കേന്ദ്ര പദ്ധതിയായ പ്ലാന്റ് നിർമ്മാണത്തിനു 2010 ജൂലൈ അഞ്ചിനു പാരിസ്ഥിതികാനുമതി ലഭിച്ചു. 2012ലാണു നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ ചിലർ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. വിശദമായ വാദം കേട്ട ട്രിബ്യൂണൽ നിർമ്മാണത്തിന് അനുമതി നൽകി. പിന്നീടു ചിലർ ഹൈക്കോടതിയെ സമീപിച്ചു. കോടതിയും നിർമ്മാണത്തിന് അനുകൂലമായാണു വിധിച്ചത്. പിന്നീടു കേന്ദ്രത്തിന്റെയും കേരളത്തിന്റെയും വിദഗ്ദ്ധർ അടങ്ങിയ സമിതി നടത്തിയ പരിശോധനയിലും പദ്ധതിയെ എതിർത്തില്ല.

കടൽഭിത്തി നിർമ്മിക്കാൻ ഐഒസി 50 കോടി രൂപ ചെലവഴിക്കും. മദ്രാസ് ഐഐടിയുടെ നിർദേശപ്രകാരം 15 കോടി രൂപ ചെലവിൽ പാറ ഉപയോഗിച്ചു ബണ്ട് നിർമ്മിക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP