Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്‌സൈസ് കമ്മീഷണറോടും വാഹനങ്ങളിലെ കൊടി അഴിച്ചുമാറ്റാൻ നിർദേശിച്ച തച്ചങ്കരിയെ പൂട്ടാൻ ജേക്കബ് തോമസ്; ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം വന്ന പരാതികളിൽ ത്വരിത പരിശോധനയ്ക്കു നിർദ്ദേശം

എക്‌സൈസ് കമ്മീഷണറോടും വാഹനങ്ങളിലെ കൊടി അഴിച്ചുമാറ്റാൻ നിർദേശിച്ച തച്ചങ്കരിയെ പൂട്ടാൻ ജേക്കബ് തോമസ്; ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം വന്ന പരാതികളിൽ ത്വരിത പരിശോധനയ്ക്കു നിർദ്ദേശം

തിരുവനന്തപുരം: ഗതാഗത കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിക്കെതിരെ ത്വരിത പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശം. ടോമിൻ തച്ചങ്കരി ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം മോട്ടോർ വാഹന വകുപ്പിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിലാണ് പരിശോധന.

വിജിലൻസ് എസ്‌പി ആർ. സുകേശനെയാണു തച്ചങ്കരിക്കെതിരായ അന്വേഷണത്തിനായി ജേക്കബ് തോമസ് ചുമതലപ്പെടുത്തിയത്. അതേസമയം, തനിക്കെതിരെ ചിലർ നടത്തിയ ഗൂഢാലോചനയാണ് വിജിലൻസ് ത്വരിത പരിശോധനയ്ക്ക് പിന്നിലെന്നും, ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

തച്ചങ്കരിയുടെ ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് അമ്പതിലേറെ പരാതികളാണ് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചത്. സംസ്ഥാനത്തെ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലെല്ലാം ഒരു കമ്പനിയുടെ സോഫ്ട്വെയർ ഉപയോഗിക്കണമെന്ന് തച്ചങ്കരി നിർദ്ദേശിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നതാണ് പ്രധാന പരാതി. ചില വാഹന ഡീലർമാർക്ക് ചുമത്തിയ പിഴയിൽ ഇളവ് നൽകിയതിലൂടെ സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നും, ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമാണ് മറ്റൊന്ന്. ഇരുചക്ര വാഹനത്തിനൊപ്പം ഹെൽമറ്റ് സൗജന്യമായി നൽകണമെന്ന ഉത്തരവ് ഹെൽമറ്റ് കമ്പനികളുമായുള്ള ഒത്തുകളിയുടെ ഫലമാണെന്നും, ആറ് മാസത്തിനിടെ തച്ചങ്കരി ഇറക്കിയ നിരവധി ഉത്തരവുകളിൽ ക്രമക്കേടുണ്ടെന്നും വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്.

ത്വരിത പരിശോധനയ്ക്ക് വിവരങ്ങൾ തേടിയപ്പോൾ തച്ചങ്കരി സഹകരിച്ചില്ലെന്നും വിജിലൻസ് വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് കുറ്റപത്രം നൽകിയ തച്ചങ്കരി രണ്ട് പേരുടെ ആൾജാമ്യത്തിലാണ് പുറത്തിറങ്ങിയതെന്നും, അദ്ദേഹത്തിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത് ചട്ടവിരുദ്ധമാണെന്നുമുള്ള പരാതികളും വിജിലൻസിന് ലഭിച്ചു. ഇത് സംബന്ധിച്ച കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്.

എന്നാൽ, പുക പരിശോധനാ സോഫ്ട്വെയർ ഏതാണെന്ന് തീരുമാനിക്കുന്നത് കെൽട്രോണാണെന്നു തച്ചങ്കരി പറഞ്ഞു. സർക്കാരാണ് കെൽട്രോണിനെ ചുമതലപ്പെടുത്തിയത്. പ്രാഥമിക ചർച്ചകൾ മാത്രമേ നടത്തിയിട്ടുള്ളൂ. ഇല്ലാത്ത ഉത്തരവിനെക്കുറിച്ചാണ് വിജിലൻസ് അന്വേഷണം. അടുത്തിടെ നടത്തിയ പ്രത്യേക ഓപ്പറേഷനുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് ആവശ്യപ്പെട്ടത്. വിവരം ശേഖരിച്ചു നൽകാനുള്ള കാലതാമസം മാത്രമാണുണ്ടായത്. മലിനീകരണ നിയന്ത്രണങ്ങൾ മറികടന്ന് അനുമതി നൽകിയതും വാഹനങ്ങളിലെ മുൻവശത്തെ വാതിൽ സ്ഥാപിക്കാൻ കൂടുതൽ സമയം അനുവദിച്ചതും കോടതി നിർദ്ദേശ പ്രകാരമാണ്. ഐ.എ.എസുകാർ അടക്കമുള്ളവരുടെ നിയമ ലംഘനം തടഞ്ഞതിനാലാണ് തനിക്കെതിരെ തിരിയുന്നതെന്നും തച്ചങ്കരി പറഞ്ഞു.

ഗവർണറുടെതുൾപ്പെടെയുള്ള വാഹനങ്ങൾക്കുമേൽ നടപടിയെടുത്തു തുടങ്ങിയ തച്ചങ്കരി പിന്നീട് മന്ത്രിമാരുടെ വാഹനങ്ങളിലും ഐഎഎസുകാരുടെ വാഹനങ്ങളിലും വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിരുന്നതു വിവാദമായിരുന്നു. ഐഎഎസ്, ഐപിഎസ് വാഹനങ്ങളിൽ കൊടി ഉപയോഗിക്കരുതെന്ന് നിർദേശിച്ചതിനുപിന്നാലെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിനെയും ഗവൺമെന്റ് അഭിഭാഷകരേയും ട്രാൻസ്പോർട്ട് നിയമത്തിന്റെ വരുതിയിൽ പിടിച്ചുകെട്ടാൻ തച്ചങ്കരി ഒരുങ്ങിയിരുന്നു.

ഔദ്യോഗിക വാഹനങ്ങളിലെ അനധികൃത ബീക്കൺ ലൈറ്റുകളും കൊടികളും നീക്കംചെയ്യണമെന്ന ഗതാഗത കമ്മിഷണറുടെ ഉത്തരവ് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഉൾപ്പെടെയുള്ള പ്രമുഖ ഐപിഎസുകാർക്കെതിരെയും നീണ്ടതോടെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ മുറുമുറുപ്പും ശക്തമായിരുന്നു. മറ്റു സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഐപിഎസുകാരുടെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റും കൊടിയും വയ്ക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ഇവ നീക്കംചെയ്യാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ട്രാൻസ്പോർട്ട് കമ്മിഷണർ ടോമിൻ തച്ചങ്കരി കത്ത് നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP