Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി; ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തിനു മുമ്പ് നേതാക്കളുമായി കോൺഗ്രസ് ഉപാധ്യക്ഷന്റെ ചർച്ച

രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി; ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തിനു മുമ്പ് നേതാക്കളുമായി കോൺഗ്രസ് ഉപാധ്യക്ഷന്റെ ചർച്ച

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസി പ്രസിഡന്റ് വി എം സുധീരനും മറ്റു കോൺഗ്രസ് നേതാക്കളും ചേർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിച്ചു.

സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങാണ് കേരള സന്ദർശനത്തിൽ രാഹുലിന്റെ പ്രധാന പരിപാടി. ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് പ്രത്യേക വിമാനത്തിൽ രാഹുൽ തിരുവനന്തപുരത്തെത്തിയത്.

വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ വി എം സുധീരനാണ് രാഹുലിനൊപ്പം കാറിലുണ്ടായിരുന്നത്. ശംഖുംമുഖത്തെ സമ്മേളനവേദിയിലെത്തും മുമ്പ് കെപിസിസി പ്രസിഡന്റുമായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രാഹുൽ ചർച്ച നടത്തുമെന്നു സൂചനയുണ്ട്. ബാർ കോഴ, സോളാർ വിവാദം എന്നിവയെക്കുറിച്ചൊക്കെ നേതാക്കളുമായി രാഹുൽ സംസാരിക്കും. ജനരക്ഷായാത്ര സമാപനസമ്മേളനത്തിൽ വിവാദ വിഷയങ്ങളെക്കുറിച്ചു രാഹുൽ പ്രതികരിക്കുമെന്നാണു ലഭിക്കുന്ന വിവരം.

രാത്രി എട്ടരയോടെ മുതിർന്ന നേതാക്കളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നേതാക്കളെ ഓരോരുത്തരെയായി കാണുമെന്നാണു സൂചന. മാസ്‌കറ്റ് ഹോട്ടലിലാണ് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഘടകകക്ഷികളും രാഹുലുമായി ചർച്ച ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്താണ് രാഹുൽ ഉദ്ഘാടനം ചെയ്യുക. വൈകിട്ട് 5.15 നാണ് സമ്മേളനം. തുടർന്ന് മസ്‌കറ്റ് ഹോട്ടലിൽ രാത്രി 8.30ന് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.

ഇന്ദിരാഭവനിൽ നാളെ രാവിലെ 10ന് നടക്കുന്ന കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗമാണ് രാഹുൽ പങ്കെടുക്കുന്ന മറ്റൊരു പ്രധാനപരിപാടി. 11.30 ന് ഡിസിസി അധ്യക്ഷന്മാർ, പോഷക സംഘടനാ നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച. ഇതിന് ശേഷം കൊച്ചിയിലേക്ക് പോകുന്ന രാഹുൽ മൂന്ന് മണിക്ക് കിൻഫ്രാ പാർക്കിൽ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിക്കും.

നാല് മണിക്ക് അങ്കമാലിയിൽ എൻ.എസ്.യു ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ അതിനുശേഷം ഡൽഹിയിലേക്കു മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP