Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാളക്കുട്ടിയെ കൊന്നത് വിവേകശൂന്യവും കിരാതവുമെന്ന് രാഹുൽഗാന്ധി; ആവേശകുമാരന്മാരായി പരസ്യമായി കാളക്കുട്ടിയെ കൊന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു; ഏതു നിമിഷവും അറസ്റ്റ് ഭയന്ന് 'യൂത്ത് നേതാക്കൾ'; ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ അന്തസ് കെടുത്തിയെന്ന് രാജ്യമെങ്ങും പ്രതിഷേധം

കാളക്കുട്ടിയെ കൊന്നത് വിവേകശൂന്യവും കിരാതവുമെന്ന് രാഹുൽഗാന്ധി; ആവേശകുമാരന്മാരായി പരസ്യമായി കാളക്കുട്ടിയെ കൊന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു; ഏതു നിമിഷവും അറസ്റ്റ് ഭയന്ന് 'യൂത്ത് നേതാക്കൾ'; ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ അന്തസ് കെടുത്തിയെന്ന് രാജ്യമെങ്ങും പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ/ന്യൂഡൽഹി: കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ അതിരുവിട്ടു പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ കടുത്തവിമർശനം. നടപടി വിവേകശൂന്യവും കിരാതവുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ കാളക്കുട്ടിയെ പരസ്യമായി കൊന്നു പ്രതിഷേധത്തിന്റെ പേരിൽ ക്രൂരകൃത്യം നടത്തിയ പ്രവർത്തകർക്കെതിരേ കണ്ണൂർ പൊലീസ് കേസും എടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സി സി രജീഷിന്റെ പരാതിയിൽ കെ എസ് യു മുൻ സംസ്ഥാന നേതാവും യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്‌സഭാ മണ്ഡലം പ്രസിഡന്റുമായ റിജിൽ മാക്കൂറ്റി അടക്കമുള്ളവർക്കെതിരേയാണു കേസ്. നടപടിയെ അതിരൂക്ഷമായി രാഹുൽഗാന്ധി തന്നെ വിമർശിച്ച സാഹചര്യത്തിൽ ഇവർക്കു പാർട്ടിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും വ്യക്തമായി.

കേരള പൊലീസ് നിയമം 120 എ അനുസരിച്ചാണു കേസ്. ഒരു വർഷം തടവും അയ്യായിരം രൂപയും പിഴയും അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം. ഉത്തരവു പുറത്തിറങ്ങിയ ശനിയാഴ്ച വൈകിട്ടാണ് കണ്ണൂർ സിറ്റിയിലെ റോഡിൽ കന്നുകുട്ടിയെ പരസ്യമായി അറുത്തു യൂത്ത് കോൺഗ്രസുകാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. റിജിൽ മാക്കൂറ്റിയാണു പരിപാടി ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, സുധീപ് ജെയിംസ്, ഷറഫുദീൻ കാട്ടാമ്പള്ളഇ, പി എ ഹാരി എന്നിവരും നേതൃത്വം നൽകി. സംഭവം വലിയ വിവാദമാണ് ഉയർത്തിയത്. കുട്ടികൾ അടക്കം പൊതു ജനങ്ങളുടെ മുന്നിലിട്ടു കന്നുകുട്ടിയെ കശാപ്പു ചെയ്തതിനെതിരേ പൊതു സമൂഹത്തിന്റെയാകെ വിമർശനം ഉയർന്നു. കശാപ്പിനു കന്നുവിൽപന നിരോധന ഉത്തരവിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നവർ പോലും യൂത്ത് കോൺഗ്രസിന്റെ നടപടി പക്വതയില്ലാത്തതെന്നു വിമർശിച്ചു.

ഇതിനെല്ലാം പിന്നാലെയാണ് ഇന്നലെ ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. തനിക്കു വ്യക്തിപരമായും പാർട്ടിക്കും അംഗീകരിക്കാനാവാത്ത നടപടിയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണു രാഹുൽ ട്വീറ്റ് ചെയ്തത്. കശാപ്പിനു കന്നു വിൽപന നിരോധനത്തെ കോൺഗ്രസ് എതിർക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ അതിരുവിടരുതെന്ന ശക്തമായ സൂചനയാണ് ഇതിലൂടെ രാഹുൽ ഗാന്ധി നൽകിയത്. രാജ്യമെങ്ങും ബീഫ് ഫെസ്റ്റുകൾ നടത്തി വളരെ പക്വമായ പ്രതിഷേധം ഇടതു പാർട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും സംഘടിപ്പിക്കുന്നതിനിടെയായിരുന്നു കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പരസ്യമായി കന്നുകുട്ടിയെ കഴുത്തറുത്തു കൊന്ന് ആഭാസ പ്രതിഷേധം സംഘടിപ്പിച്ചത്.

ബീഫ് ഫെസ്റ്റുകളിലൂടെ ജനാധിപത്യപരമായ പ്രതിഷേധം സംഘടിപ്പിക്കുന്നവരെപ്പോലും നാണം കെടുത്തുന്നതായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ നടപടി. ഇതിനെതിരേ ബീഫ് ഫെസ്റ്റുകൾ നടത്തിയവർ പോലും വിമർശനവുമായി രംഗത്തുവന്നിരുന്നു. ഒരു ജീവനെ നടുറോഡിൽ ഇട്ടു പരസ്യമായി ഇല്ലാതാക്കുന്ന ക്രൂരത അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എല്ലാവരുടെയും ഭാഗം. കേസെടുത്ത സാഹചര്യത്തിൽ റിജിൽ മാക്കുറ്റി അടക്കമുള്ളവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. കിരാത നടപടി ഉയർത്തിക്കാട്ടി കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും എതിരേ കണ്ണൂരിലും കേരളത്തിലാകെയും പ്രതിഷേധം സംഘടിപ്പിക്കാൻ യുവമോർച്ചയും ആലോചിക്കുന്നുണ്ട്.

കന്നുകാലി വിൽപന നിരോധനത്തിന്റെ പ്രതിഷേധമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ നടത്തിയ കന്നുകുട്ടിയെ കൊന്നു പ്രതിഷേധം ദേശീയതലത്തിൽ ബിജെപിക്ക് ഉയർത്തിക്കൊണ്ടുവരാൻ വലിയ വിഷയമാണ്. ഉത്തരേന്ത്യയിൽ ഇത്തരത്തിലെ പ്രതിഷേധം ബിജെപിക്ക് വലിയതോതിൽ ഗുണം ചെയ്യുമ്പോൾ അത് എന്തുകൊണ്ടും കോൺഗ്രസിന് നഷ്ടമായിരിക്കും സമ്മാനിക്കുക. ഉത്തരേന്ത്യയിൽ ഗോവധത്തിനെതിരേ ശക്തമായ പ്രതിഷേധം വലിയൊരു വിഭാഗത്തിനുണ്ട്. അവർ കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ പൂർണമായി അംഗീകരിക്കുന്നവരുമാണ്. ഗോവധത്തെ എതിർക്കുന്നവരിൽ വലിയൊരു വിഭാഗം കോൺഗ്രസുകാരുമുണ്ട്. കേരളത്തിൽ കന്നുകുട്ടിയെ പരസ്യമായി കൊന്നു പ്രതിഷേധിച്ചു എന്ന രീതിയിൽ ദേശീയതലത്തിൽ ഈ പ്രശ്്‌നം ഉന്നയിച്ചാൽ അതു ബിജെപിക്കു വലിയ രീതിയിൽ രാഷ്ട്രീയ ഗുണമായിരിക്കും ചെയ്യുക.

രാജ്യമാകെ കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാർക്കെതിരേ പ്രതിഷേധം ഉയരുന്നതിനെയും അങ്ങനെത്തന്നെ വേണം കാണാൻ. ഈ പ്രതിഷേധം കണ്ണൂരിലെ റിജിൽ മാക്കുറ്റിയിലോ മറ്റു നേതാക്കളിലോ അല്ല അവസാനിക്കുന്നത്. ആത്യന്തികമായി കണ്ണൂരിലെ നടപടി കോൺഗ്രസിനാണു കളങ്കമേൽപിക്കുന്നത്. കന്നുകുട്ടിയെ പരസ്യമായി കൊന്നു പ്രതിഷേധിച്ചു എന്ന കിരാതത്വത്തിന് അപ്പുറം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മതവികാരത്തെക്കൂടി വ്രണപ്പെടുത്തുന്നതാണ് യൂത്ത് കോൺഗ്രസുകാരുടെ നടപടി എന്നതിനാൽ പ്രതിഷേധം രൂക്ഷമായാൽ കോൺഗ്രസ് പാർട്ടി തലത്തിൽ തന്നെ മറുപടി പറയാൻ നിർബന്ധിതമായേക്കും. അതിനാൽതന്നെയാണ് കാലേകൂട്ടി സംഭവത്തിൽ തന്റെ പ്രതിഷേധവും അമർഷവും പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി രംഗത്തുവന്നതെന്നാണു സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP