Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോശം അരി പോളിഷ് ചെയ്ത് റേഷൻ അരിയാക്കി വിൽക്കുന്നു; ഭക്ഷ്യമന്ത്രിയുടെ മിന്നൽ പരിശോധനയിൽ കണ്ടത് 50 ടൺ; ആർപ്പൂക്കര റാണി റൈസ് മിൽ പൂട്ടാൻ നിർദേശിച്ച് പി തിലോത്തമൻ

മോശം അരി പോളിഷ് ചെയ്ത് റേഷൻ അരിയാക്കി വിൽക്കുന്നു; ഭക്ഷ്യമന്ത്രിയുടെ മിന്നൽ പരിശോധനയിൽ കണ്ടത് 50 ടൺ; ആർപ്പൂക്കര റാണി റൈസ് മിൽ പൂട്ടാൻ നിർദേശിച്ച് പി തിലോത്തമൻ

കോട്ടയം: കർഷകരിൽനിന്നു സംഭരിച്ച നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരി നിറവും മായവും ചേർത്തു നൽകുന്നുവെന്ന പരാതി ശക്തമായതോടെ പരിശോധനയുമായി ഭക്ഷ്യമന്ത്രി രംഗത്തെത്തി. കോട്ടയത്തെ സ്വകാര്യ മില്ലിൽ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനയാണ് നടത്തിയത്. പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു ആർപ്പൂക്കര റാണി റൈസ് മിൽ പൂട്ടാൻ കലക്ടർ ഉത്തരവിട്ടു. പരിശോധനയിൽ അമ്പതു ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നിലവാരം കുറഞ്ഞ നെല്ലും പിടിച്ചെടുത്തു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം മില്ലിൽ മിന്നൽ പരിശോധനയക്കെത്തിയത്. കർഷകരിൽനിന്നു സർക്കാർ സംഭരിച്ച് നൽകുന്ന നെല്ലു കുത്തി അരിയാക്കി പൊതുവിതരണത്തിനായി നൽകുന്നതിനുള്ള അനുമതി ഈ മില്ലിനും നൽകിയിരുന്നു. മില്ലിൽ റേഷൻ അരിയുടെ മറവിൽ വൻതോതിൽ അരിയിൽ മായം ചേർക്കുന്നുണ്ടെന്നു നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണു ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനയ്‌ക്കെത്തിയത്.

പരിശോധനയിൽ മില്ലിനുള്ളിലെ ഗോഡൗണിൽനിന്നും മായം ചേർക്കാനായി ശേഖരിച്ചിരുന്ന ഗുണനിലവാരമില്ലാത്ത അരി കണ്ടെത്തി. ഉപയോഗ ശൂന്യമായ ചാക്കുകണക്കിന് അരി ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതായും മന്ത്രി കണ്ടെത്തി. ഈ അരി പിന്നീട് പോളിഷ് ചെയ്ത് റേഷൻ അരി എന്ന പേരിൽ വിറ്റഴിക്കാനായിരുന്നു നീക്കം.

തുടർന്നു ഗോഡൗണിനുള്ളിൽ പരിശോധന നടത്തിയ മന്ത്രിക്ക് അരിയിൽ ചേർക്കുന്നതിനുള്ള നിറവും ഗുണനിലവാരം കുറഞ്ഞ തമിഴ്‌നാട്, ആന്ധ്ര, മൈസൂർ എന്നിവിടങ്ങിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അരിയും കാണാനായി. തുടർന്നു മന്ത്രി കലക്ടറെയും എ.ഡി.എമ്മിനെയും ജില്ലാ സപ്ലൈ ഓഫിസറെയും അടിയന്തരമായി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ചേർന്ന യോഗത്തിലാണു മിൽ പൂട്ടാൻ തീരുമാനമായത്. കർഷകരിൽനിന്നും ശേഖരിക്കുന്ന നെല്ല് സംഭരിക്കുന്നതിനും കുത്തി അരിയാക്കി ചാക്കിലാക്കി കെമാറുന്നതിനും സിവിൽ സപ്ലൈസ് വകുപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഗോഡൗണിലാണ് റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന് മുദ്രചാർത്തിയ ആയിരക്കണക്കിന് ചാക്ക് അരി കണ്ടെത്തിയത്.

മില്ല് ഇപ്പോൾ ഗാന്ധിനഗർ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവിടെയുണ്ടായിരുന്ന ലോറികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഭക്ഷ്യസുരക്ഷാ വിഭാഗവും സിവിൽ സപ്ലൈസ് വിഭാഗവും ഇന്നു രാവിലെ പത്തിനു മില്ലില്ലെത്തുന്നുണ്ട്. തുടർ അന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫിസറുടെയും ആർ.ഡി.ഒയുടെയും നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചു. കർഷകരിൽനിന്നു ശേഖരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷൻ വിപണിയിൽ എത്തിക്കുന്നതിനാണു സർക്കാർ മില്ലിനു അധികാരം നൽകിയിരുന്നത്. ഇതു മറികടന്ന് അരിയിൽ വ്യാജനെ കയറ്റുകയായിരുന്നു മില്ലുകാർ ചെയ്തിരുന്നതെന്നാണു പരാതി ഉയർന്നത്. കർഷകരിൽനിന്നു സംഭരിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന മില്ലിന്റെ ബ്രാൻഡിൽ പൊതുവിപണിയിൽ എത്തിക്കുകയും ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഗോഡൗണിനുള്ളിൽ പരിശോധന നടത്തിയ മന്ത്രിയും സംഘവും അരിയിൽ ചേർക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും, തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ അരിയും കണ്ടെടുത്തു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭക്ഷ്യയോഗ്യമല്ലാതെ ഉപേക്ഷിക്കുന്ന അരിയാണ് നിറം ചേർത്ത് പൊതുവിപണിയിൽ നൽകുന്നത്. റിജക്ടഡ് എന്ന് മുദ്രചാർത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത ആയിരക്കണക്കിന് ചാക്ക് അറപ്പുളവാക്കുന്ന അവസ്ഥയിലുള്ള അരി കണ്ടെത്തി.

കേരളത്തിലെ മില്ലുകളിൽ നിന്നുള്ള റിജക്ടഡ് രേഖപ്പെടുത്തിയ അരിച്ചാക്കുകളും കണ്ടെത്തി. കണ്ണി അടുപ്പമുള്ള വലിയ അരിപ്പയും യന്ത്രവും ഉൾപ്പെടുന്ന മിക്‌സിങ് മോട്ടോറും ഗോഡൗണിൽ പ്രവർത്തിച്ചിരുന്നു. തുടർ അന്വേഷണത്ത്ിന് ജില്ലാ സപ്‌ളൈ ഓഫിസറുടെയും എഡിഎമ്മിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. ചൊവ്വാഴ്ച സിവിൽ സപ്‌ളൈസ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായി തെളിവെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP