Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിഞ്ചോലമലയിൽ ഇനി കണ്ടെത്താനുള്ളത് ഏഴു പേരെ; ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടരും; മഴക്കെടുതി സംസ്ഥാനത്ത് ഇന്നലെ ജീവനെടുത്തത് 14 പേരുടെ; അടുത്ത 24 മണിക്കൂറും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം; പേമാരിയിൽ ചിറാപ്പുഞ്ചിക്ക് തൊട്ടുപിന്നിലെത്തി കരിപ്പൂർ

കരിഞ്ചോലമലയിൽ ഇനി കണ്ടെത്താനുള്ളത് ഏഴു പേരെ; ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടരും; മഴക്കെടുതി സംസ്ഥാനത്ത് ഇന്നലെ ജീവനെടുത്തത് 14 പേരുടെ; അടുത്ത 24 മണിക്കൂറും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം; പേമാരിയിൽ ചിറാപ്പുഞ്ചിക്ക് തൊട്ടുപിന്നിലെത്തി കരിപ്പൂർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശനിയാഴ്ചവരെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായിരിക്കും. 18 വരെ സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട കനത്തമഴ ഉണ്ടാവും. വ്യാഴാഴ്ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ രാജ്യത്ത് കൂടുതൽ മഴപെയ്ത പത്ത് പ്രദേശങ്ങളിൽ നാലും കേരളത്തിലാണെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്‌കൈമെറ്റ് റിപ്പോർട്ട് ചെയ്തു. ഈ സ്ഥലങ്ങളെല്ലാം വടക്കൻ കേരളത്തിലാണ്.

മേഘാലയയിലെ ചിറാപ്പുഞ്ചിയാണ് പതിവുപോലെ മഴയിൽ മുന്നിൽ. 28.2 സെന്റിമീറ്ററാണ് ഇവിടെ പെയ്തത്. തൊട്ടുപിന്നിൽ കരിപ്പൂരാണ് (20.1 സെ.മീ). തൃശ്ശൂർ (12.8 സെ.മീ.) മൂന്നാമതും പാലക്കാട് (6.5 സെ.മീ.), കോഴിക്കോട് (6.2 സെ.മീ) എന്നീജില്ലകൾ എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ്. കേരള അതിർത്തിയിലെ വാൽപ്പാറ (11 സെ.മീ.) നാലാംസ്ഥാനത്തുണ്ട്. ഈ മാസം 11-ന് ഇടുക്കിയിലെ പീരുമേട്ടിൽ 32 സെന്റീമീറ്റർ മഴ പെയ്തിരുന്നു. എന്നാൽ ഇവിടത്തെ റെക്കോഡ് 38 സെന്റി മീറ്ററാണ്. മഴ അതിശക്തമായി തുടരുമെന്നത് ആശങ്ക ശക്തിയാക്കിയിട്ടുണ്ട്. വടക്കൻ ജില്ലകളിലെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.

വരുന്ന മണിക്കൂറിലും കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം എന്നാണ് കാലാവസ്ഥാ പ്രവചനം. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇവിടങ്ങളിലേക്കൊന്നും മീൻപിടിത്തത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഏതാനും ദിവസങ്ങളായി കാലവർഷം സജീവമാണ്. ഇത് തുടരും. കാറ്റിന്റെ ദിശ വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് അനുകൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

അതിനിടെ കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചിൽ നിർത്തിവച്ചിരുന്നു. നാട്ടുകാർക്കൊപ്പം ഫയർഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചിൽ നടത്തുക. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ നാല് പേരുടെ മൃതദേഹം കബറടക്കി. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. അബ്ദുറഹിമാന്റെ ഭാര്യ, ഹസന്റെ ഭാര്യ, മകൾ, മരുമകൾ, മൂന്ന് പേരക്കുട്ടികൾ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

കനത്ത പേമാരിയിലും ഉരുൾപൊട്ടലിലും കോഴിക്കോട് ജില്ലയിൽമാത്രം വ്യാഴാഴ്ച എട്ടു മരണം ഉണ്ടായി. മൂന്നു കുട്ടികൾ ഉൾപ്പെടെ ഏഴുപേർ ഉരുൾപൊട്ടലിലും പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളുമാണ് മരിച്ചത്. ഏഴുപേരെ കാണാതായി. മലപ്പുറം, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി ആറുപേർ മരിച്ചു. ഇതോടെ വ്യാഴാഴ്ച മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി. ജില്ലയിൽ താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലെ രണ്ടിടങ്ങളിലും കക്കയം, പുല്ലൂരാമ്പാറ, ചമൽ, കുളിരാമുട്ടി എന്നിവിടങ്ങളിലായി ആറിടങ്ങളിലുമാണ് ഉരുൾപൊട്ടലുണ്ടായത്. 12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാർപ്പിച്ചു.

കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന അഞ്ചു വീടുകളിൽ നാലു വീട്ടുകാരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നിനാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ഇതിൽ കരിഞ്ചോലമലയിലെ മണിക്കുന്ന് സ്വദേശി പ്രസാദിന്റെ വീട് തകർന്നു. ആളപായമുണ്ടായില്ല. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സമീപവീടുകളിലെ ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെ രാവിലെ ആറുമണിക്ക് കനത്തശബ്ദത്തോടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ഞൊടിയിടയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടുകൾ മണ്ണിനടിയിലായി. കരിഞ്ചോല ഹസൻ, അബ്ദുറഹിമാൻ, അബ്ദുസലിം, ഈർച്ച അബ്ദുറഹിമാൻ, കൊടശ്ശേരി പൊയിൽ പ്രസാദ് എന്നിവരുടെ വീടുകളാണ് തകർന്നത്. അപകടത്തിന് അല്പസമയംമുമ്പ് വീടുമാറിയതിനാൽ ഈർച്ച അബ്ദുറഹിമാനും കുടുംബവും രക്ഷപ്പെട്ടു.

അബ്ദുറഹിമാന്റെ വീട്ടിൽ അബ്ദുറഹിമാനും മകൻ ജാഫറും അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ജാസിമും മരിച്ചു. അബ്ദുറഹിമാന്റെ ഭാര്യ നഫീസയെ കാണാതായി. ജാഫറിന്റെ ഭാര്യ ഹന്നത്തും ഒരു മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുൽ സലീമിന്റെ വീട്ടിൽ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. സലീമും ഭാര്യയും ഒരു മകനും ഉമ്മയും രക്ഷപ്പെട്ടു. കക്കയത്ത് ഉരുൾപൊട്ടി ഡാം സൈറ്റ് റോഡ് തകർന്നു. കക്കയം ടൗണിൽനിന്ന് ഡാമിലേക്കുള്ള റോഡിൽ അയ്യപ്പൻകുന്ന് ഭാഗത്താണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ ഉരുൾപൊട്ടലുണ്ടായത്. കക്കയം ഡാമിൽനിന്ന് കെ.എസ്.ഇ.ബി. പവർഹൗസിലേക്കുള്ള പെൻസ്റ്റോക്ക് പൈപ്പിന്റെ അടിഭാഗത്തുകൂടിയാണ് കൂറ്റൻ കല്ലുകളും വെള്ളവും ഒലിച്ചെത്തിയത്. പൈപ്പിനും തൂണുകൾക്കും കേടുപാടുണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം.

താമരശ്ശേരിയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 48 പേരടങ്ങുന്ന ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറേറ്റിൽ റവന്യൂ മന്ത്രിയും തൊഴിൽ മന്ത്രിയും ഗതാഗത മന്ത്രിയും അടക്കം യോഗം ചേർന്നു. കളക്ടറുടെ നേതൃത്വത്തിൽ സംഘം കാര്യങ്ങൾ ചെയ്തുവരികയാണ്. സംസ്ഥാനത്ത് കാലവർഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും കളക്ടർമാർക്കും നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീർഘദൂര സൂപ്പർ ക്ലാസ് സർവീസുകൾ കുറ്റ്യാടി വഴി സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട് - കൊല്ലഗൽ ദേശീയ പാതയിൽ താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്. കനത്ത മഴയെ തുടർന്ന് കണ്ണൂർ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുൾപൊട്ടലിൽ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് പാത അടച്ചത്. തലശേരി - മൈസൂർ റൂട്ടിൽ മാക്കൂട്ടം വഴി സർവീസ് നടത്തിയിരുന്ന സുപ്പർ ക്ലാസ് ബസുകൾ കുട്ട വഴി വയനാടിലേക്കും മൈസൂർ ബാംഗ്ലൂർലേക്കും സർവീസ് നടത്തും.

കോഴിക്കോട്- അടിവാരം റോഡിൽ വെള്ളക്കെട്ട് ഒഴിയുന്ന മുറയ്ക്ക് ചിപ്പില തോട് വരെ ഓർഡിനറി സർവീസ് നടത്തും. ഇവിടെ നിന്ന് യാത്രക്കാർ 200 മീറ്റർ ദൂരം കാൽനട യാത്ര ചെയ്ത് വയനാട് ഭാഗത്തേക്കുള്ള ബസ്സിൽ കയറാവുന്നതാണ്. വയനാട്ടിൽ നിന്നും ഇതിനനുസരിച്ച് കെഎസ്ആർടിസി ബസ് സമയക്രമീകരണം നടത്തുമെന്ന് മന്തി പറഞ്ഞു. ഉരുൾപൊട്ടലും വെള്ളപൊക്കവും കനത്ത കാലവർഷവും മൂലമുണ്ടായ അസൗകര്യം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP