Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോട്ടയത്ത് 184 ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത് 39,639 പേർ; ആലപ്പുഴ-ചങ്ങനാശേരി റോഡ് പൂർണമായി വെള്ളത്തിനടിയിൽ; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്ന് പ്രവചനം; അണക്കെട്ടുക്കളിൽ ജലനിരപ്പ് ഉയർന്ന് തന്നെ; കോളടിക്കുന്നത് വൈദ്യുതി ബോർഡിനും

കോട്ടയത്ത് 184 ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത് 39,639 പേർ; ആലപ്പുഴ-ചങ്ങനാശേരി റോഡ് പൂർണമായി വെള്ളത്തിനടിയിൽ; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്ന് പ്രവചനം; അണക്കെട്ടുക്കളിൽ ജലനിരപ്പ് ഉയർന്ന് തന്നെ; കോളടിക്കുന്നത് വൈദ്യുതി ബോർഡിനും

ആലപ്പുഴ: ആലപ്പുഴയിലെ എടത്വയിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ച രണ്ടു വയസ്സുകാരി ഏയ്ഞ്ചലിന്റെ മൃതദേഹം സംസ്‌കാരത്തിനായി പച്ച ലൂർദ് മാതാ പള്ളിയിലേക്ക് കൊണ്ടുപോയത് രണ്ട് കിലോമീറ്റർ നടന്നായിരുന്നു. വെള്ളക്കെട്ടായതിനാലായിരുന്നു ഇത്. പച്ച പന്ത്രണ്ടിൽ ജെയ്‌മോന്റെയും ബീനയുടെയും മകളാണ് മരിച്ച ഏയ്ഞ്ചൽ. മഴ മാറുമ്പോഴും ദുരിതങ്ങൾ മാറുന്നില്ല. കോട്ടയവും ആലപ്പുഴയും ഇപ്പോഴും വെള്ളത്തിനിടിയലാണ്.

ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. മീനച്ചിലാറിന്റെയും കൈവഴികളുടെയും തീരത്തുള്ള റോഡുകളിലെ വെള്ളം ഇറങ്ങി. എന്നാൽ വീടുകൾ പലതും വെള്ളത്തിനുള്ളിലാണ്. അയർക്കുന്നം, മണിയാപറമ്പ് തുടങ്ങിയ പാടശേഖരത്തിൽ വെള്ളംകയറി ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചു. കോട്ടയത്ത് ജില്ലയിലെ 184 ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത് 39,639 പേരാണ്. കോട്ടയം 78, വൈക്കം 66, ചങ്ങനാശേരി 35, മീനച്ചിൽ-5 എന്നിങ്ങനെയാണു വിവിധ താലൂക്കുകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കുട്ടനാട് മേഖലയിൽ ക്യാമ്പുകൾ നടത്താൻ പറ്റിയ കേന്ദ്രങ്ങളടക്കം വെള്ളത്തിനിടയിലായതിനാൽ ദുരിതാശ്വാസപ്രവർത്തനവും കാര്യമായി നടക്കുന്നില്ല.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.40 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് ശക്തമായി തുടരുകയാണ്. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുമ്പോൾ 4394.46 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇന്നലെ തേക്കടിയിൽ 22.4 മില്ലിമീറ്ററും മുല്ലപ്പെരിയാറിൽ 39.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിൽ രണ്ടടി വെള്ളം ഉയർന്ന് ജലനിരപ്പ് 2382.26 അടിയിലെത്തി. കഴിഞ്ഞവർഷം ഇതേ ദിവസം 2317.66 അടിയായിരുന്നു. ഇടുക്കിയിൽ ഇന്നലെ 73.08 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

ആലപ്പുഴ-ചങ്ങനാശേരി റോഡ് ഏതാണ്ടു പൂർണമായി വെള്ളത്തിനടിയിലാണ്. ആലപ്പുഴ ജില്ലയിൽ പതിനായിരങ്ങളാണു ദുരിതാശ്വാസകേന്ദ്രങ്ങളിൽ കഴിയുന്നത്. കെഎസ്ആർടിസി ബസുകൾ അടക്കം നിർത്തി. സംസ്ഥാനത്തു മഴക്കെടുതിയിൽ 216 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. 391 വീടുകൾ പൂർണമായും 1316 വീടുകൾ ഭാഗികമായും നശിച്ചു. 15619 ഹെക്ടറിലാണു കൃഷിനാശം. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്നലെ മൂന്നുമരണം കൂടി ഉണ്ടായി. ഒരാളെ കാണാതായി. തൃശൂർ അളഗപ്പനഗർ എരിപ്പോടിൽ ചേനക്കാല അയ്യപ്പൻ (72), മകൻ ബാബു (45) എന്നിവർ മഴയത്തു വീടു തകർന്നാണു മരിച്ചത്. വെള്ളക്കെട്ടിൽ കാണാതായ, കോട്ടയം അയ്മനം കുഴിത്താർ ഒഴുക്കാനപ്പള്ളി രവീന്ദ്രന്റെ (72) മൃതദേഹം കണ്ടെത്തി. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം കോട്ടയം ജില്ലയിൽ 11 ആയി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ നന്നാട് മാങ്ങത്തറയിൽ എം.കെ.കൃഷ്ണൻകുട്ടിയുടെ മകൻ കെ.എം.സുരേഷിനെയാണു (39) വരട്ടാറിൽ കാണാതായത്.

കോട്ടയം മണിമലയാറ്റിൽ കാണാതായ അടൂർ മണക്കാല വട്ടമലതെക്കേതിൽ ഷാഹുലിനു (21) വേണ്ടി തിരച്ചിൽ തുടരുന്നു വീടിനു സമീപത്തെ വെള്ളക്കട്ടിൽ ഇന്നലെ രാവിലെയാണു നാട്ടുകാർ രവീന്ദ്രന്റെ മൃതദ്ദേഹം കണ്ടത്. പരിസരമാകെ ദുർഗന്ധം പരന്നപ്പോൾ ഇത് എന്തിന്റേതാണുന്നുള്ള അന്വേഷണം നടത്തിയപ്പോഴായിരുന്നു മൃതദ്ദേഹമാണെന്നു കണ്ടെത്തിയത്.സിപിഐ കുഴിത്താർ ബ്രാഞ്ച് സെക്രട്ടറിയായും അയ്മനം ലോക്കൽ കമ്മിറ്റി അംഗമായും രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിർമല. സംസ്‌കാരം നടത്തി.മക്കൾ: രതീഷ്, രാഖിമോൾ, രാജിമോൾ.

വൈദ്യുതി വിറ്റ് ലാഭമുണ്ടാക്കി കെ എസ് ഇ ബി

മഴ കനിഞ്ഞതോടെ കൂടുതൽ വൈദ്യുതി വിൽക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം വൈദ്യുതി വിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇനിയും മഴ തുടർന്നാൽ വൈദ്യുതി വിൽക്കാൻ താത്പര്യപത്രം ക്ഷണിക്കും. രാത്രിയിൽ 600 മെഗാവാട്ട് വൈദ്യുതിവരെ വിൽക്കാൻ ഇപ്പോൾ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 3.36 രൂപയാണ് യൂണിറ്റിന് ലഭിച്ചത്. ഇങ്ങനെ 30 ലക്ഷം യൂണിറ്റുമുതൽ 70 ലക്ഷം യൂണിറ്റുവരെ വിറ്റു.

പുറത്തുനിന്നുള്ള വൈദ്യുതിയിൽ അപ്രതീക്ഷിത കുറവുണ്ടായതിനാൽ ഇടുക്കിയിൽ കഴിഞ്ഞ രണ്ടുദിവസമായി ഉത്പാദനം കൂട്ടിയിട്ടുണ്ട്. ഇനി മഴ കൂടിയാലും ഇടുക്കിയിൽ അണക്കെട്ട് തുറന്നുവിടാതെ പരമാവധി നിറയ്ക്കാനാണ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. അണക്കെട്ടിന്റെ 99 ശതമാനം എത്തിയാലേ തുറന്നുവിടേണ്ടിവരൂ. മഴ കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതോപഭോഗം കുറഞ്ഞിട്ടുണ്ട്. വീടുകളിലെ ആവശ്യം കുറഞ്ഞതിനൊപ്പം മഴക്കെടുതിയിൽ പലയിടത്തും ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിരിക്കുന്നതും ഇതിന് കാരണമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP